ലോർഡ്‌സ്: ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364 റൺസിന് മറുപടിയായി ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ്. 48 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ടും ആറ് റൺസോടെ ജോണി ബെയർ‌സ്റ്റോയും ക്രീസിൽ.

ബേൺസ് 49 റൺസെടുത്ത് പുറത്തായി. ഓപ്പണർ ഡൊമിനിക് സിബ്ലി (44 പന്തിൽ 11), ഹസീബ് ഹമീദ് (0) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റുള്ളവർ. മുഹമ്മദ് സിറാജ് തുടർച്ചയായ പന്തുകളിലാണ് ഇരുവരെയും പുറത്താക്കിയത്. 136 പന്തുകൾ നേരിട്ട ബേൺസ് ഏഴു ഫോറുകൾ സഹിതമാണ് 49 റൺസെടുത്തത്. സിബ്ലി 44 പന്തിൽ ഒരു ഫോർ സഹിതമാണ് 11 റൺസെടുത്തത്. ജാക് ക്രൗളിക്കു പകരം ടീമിലെത്തിയ ഹസീബ് ഹമീദ് ഗോൾഡൻ ഡക്കായി.



ഇന്ത്യക്കായി മുഹമ്മദ് സിറാജ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യൻ സ്‌കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനിയും 245 റൺസ് കൂടി വേണം.

തുടക്കത്തിൽ വിക്കറ്റ് പോവാതെ പിടിച്ചു നിന്ന ഇംഗ്ലീഷ് ഓപ്പണർമാർക്ക് പക്ഷെ മുഹമ്മദ് സിറാിന് മുന്നിൽ അടിതെറ്റി. സ്‌കോർ ബോർഡിൽ 28 റൺസെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സിബ്ലിയെ(11) രാഹുലിന്റെ കൈകളിലെത്തിച്ച് സിറാജാണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അടുത്ത പന്തിൽ ഹസീബ് ഹമീദിനെ(0) ക്ലീൻ ബൗൾഡാക്കി സിറാജ് ഇരട്ട പ്രഹരമേൽപ്പിച്ചതോടെ ഇംഗ്ലണ്ട് ഞെട്ടി.

ക്യാപ്റ്റൻ ജൂ റൂട്ട് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി. ഉറച്ച പ്രതിരോധവുമായി റോറി ബോൺസും അനായസം റൂട്ടും റൺസ് കണ്ടെത്തിയതോടെ ഇംഗ്ലണ്ട് 100 കടന്നു. റോറി ബേൺസിനെ(49) വിക്കറ്റിന് മുന്നിൽ കുടുക്കി 85 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ച മുഹമ്മദ് ഷമിയാണ് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വസിക്കാൻ വക നൽകിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ റൂട്ട് ക്രീസിലുണ്ടെന്നത് ഇന്ത്യക്ക് ഭീഷണിയാണ്.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 364 റൺസിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വെറ്ററൻ ബോളർ ജയിംസ് ആൻഡേഴ്‌സനാണ് രണ്ടാം ദിനം ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. വെള്ളിയാഴ്ച, 88 റൺസ് എടുക്കുന്നതിനിടെയാണ് സന്ദർശകർക്ക് അവസാന ഏഴ് വിക്കറ്റുകൾ നഷ്ടമായത്.



29 ഓവറിൽ 62 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജെയിംസ് ആൻഡേഴ്‌സണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 40 റൺസെടുത്ത രവീന്ദ്ര ജഡേജയും 37 റൺസെടുത്ത റിഷഭ് പന്തുമാണ് രണ്ടാം ദിനം ഇന്ത്യയെ 350 കടക്കാൻ സഹായിച്ചത്.സെഞ്ചുറി കുറിച്ച ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 250 പന്തുകൾ നേരിട്ട രാഹുൽ 12 ഫോറും ഒരു സിക്‌സും സഹിതം 129 റൺസെടുത്തു.

രാഹുലിനു പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് നാലു പേരാണ്. ഓപ്പണർ രോഹിത് ശർമ (145 പന്തിൽ 83), ക്യാപ്റ്റൻ വിരാട് കോലി (103 പന്തിൽ 42), ഋഷഭ് പന്ത് (58 പന്തിൽ 37), രവീന്ദ്ര ജഡേജ (120 പന്തിൽ 40) എന്നിവരാണ് രണ്ടക്കം കണ്ടത്. ചേതേശ്വർ പൂജാര (9), അജിൻക്യ രഹാനെ (ഒന്ന്), മുഹമ്മദ് ഷമി (0), ഇഷാന്ത് ശർമ (8), ജസ്പ്രീത് ബുമ്ര (0) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ആൻഡേഴ്‌സന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ ഒലി റോബിൻസൻ, മാർക്ക് വുഡ് എന്നിവരും തിളങ്ങി. മോയിൻ അലിക്കാണ് ശേഷിക്കുന്ന വിക്കറ്റ്.

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറു ആറു റൺസ് എടുക്കുമ്പോഴേയ്ക്കും രണ്ടു വിക്കറ്റ് കൂടി നഷ്ടമായിരുന്നു. ഓപ്പണർ കെ.എൽ. രാഹുൽ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവരാണ് പുറത്തായത്. രാഹുലിനെ ഒലി റോബിൻസനും രഹാനെയെ ജയിംസ് ആൻഡേഴ്‌സനും പുറത്താക്കി.

127 റൺസുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച രാഹുൽ, വ്യക്തിഗത സ്‌കോറിനോട് രണ്ടു റൺസ് കൂടി കൂട്ടിച്ചർക്കുമ്പോഴേയ്ക്കും പുറത്തായി. ആകെ 250 പന്തുകൾ നേരിട്ട രാഹുൽ 12 ഫോറും ഒരു സിക്‌സും സഹിതം 129 റൺസെടുത്താണ് പുറത്തായത്. റോബിൻസണിന്റെ പന്തിൽ ഡോം സിബ്ലി ക്യാച്ചെടുത്തു. തൊട്ടടുത്ത ഓവറിൽ രഹാനെയും പുറത്തായി. ഒരു റണ്ണുമായി ഇന്ന് ബാറ്റിങ് ആരംഭിച്ച രഹാനെയെ ആൻഡേഴ്‌സൻ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. 23 പന്തുകൾ നേരിട്ട രഹാനെ ഒരു റണ്ണുമായി കൂടാരം കയറി.

പിന്നീട്, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സ് മുൻപോട്ടു കൊണ്ടുപോയി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. 58 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 37 റൺസെടുത്ത പന്തിനെ മാർക്ക് വുഡാണ് പുറത്താക്കിയത്. പിന്നാലെ രണ്ടു പന്തു മാത്രം നേരിട്ട ഷമിയെ അക്കൗണ്ട് തുറക്കും മുൻപ് മോയിൻ അലി പുറത്താക്കി. ഇഷാന്ത് ശർമ (29 പന്തിൽ 8), ജസ്പ്രീത ബുമ്ര (6 പന്തിൽ പൂജ്യം) എന്നിവരെ ആൻഡേഴ്‌സൻ പുറത്താക്കി. 120 പന്തിൽ 40 റൺസെടുത്ത ജഡേജയെ മാർക്ക് വുഡും പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിങ്‌സിന് അവസാനമായി. മുഹമ്മദ് സിറാജ് (പൂജ്യം) പുറത്താകാതെ നിന്നു.

ഓപ്പണർ രോഹിത് ശർമ (145 പന്തിൽ 83), ചേതേശ്വർ പൂജാര (23 പന്തിൽ ഒൻപത്), ക്യാപ്റ്റൻ വിരാട് കോലി (103 പന്തിൽ 42) എന്നിവർ ആദ്യ ദിനം തന്നെ പുറത്തായിരുന്നു. ആൻഡേഴ്‌സനു പുറമെ ഇംഗ്ലണ്ടിനായ റോബിൻസൻ, മാർക്ക് വുഡ് എന്നിവർ രണ്ടും മോയിൻ അലി ഒരു വിക്കറ്റും വീഴ്‌ത്തി.