കൊച്ചി: ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യയ്ക്ക് മുൻതൂക്കം നിലനിർത്താൻ കഴിയുമെന്ന് തമിഴ്‌നാടിന്റെ മുൻ രഞ്ജി താരവും എംആർഎഫ് പേസ് ഫൗണ്ടേഷനിലെ പരിശീലന സഹായിയുമായ സുനിൽ സാം വിലയിരുത്തുന്നു. ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യത്തിലും ഇന്ത്യൻ ഓപ്പണർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രവീന്ദ്ര ജഡേജയുടേയും ഋഷഭ് പന്തിന്റെയും പ്രകടനവും നിർണായകമായി. എന്നാൽ വൈവിധ്യമുള്ള ഇന്ത്യൻ ബൗളിങ് നിരയുടെ പ്രകടനം മത്സരത്തിൽ നിർണായകമാകുമെന്നും സുനിൽ സാം വിലയിരുത്തി.

സുനിൽ സാം പറയുന്നു. 'വളരെ ആവേശകരമായ ആദ്യ ടെസ്റ്റ് മഴ മൂലം ഉപേക്ഷിക്കേണ്ടി വന്ന കാഴ്ചയാണ് നമുക്ക് കാണാൻ ഇടയായത്. ഇന്ത്യൻ നായകൻ വിരാട് കോലിയും സംഘവും അതുപോലെ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മുഴുവൻ നിരാശയിലേക്ക് പോയ ഒരു സാഹചര്യം. ഇന്ത്യയ്ക്ക് വിജയിക്കാൻ സാധ്യത ഉണ്ടായിരുന്ന, വളരെ കുറഞ്ഞ വിജയലക്ഷ്യം മാത്രം നേടേണ്ടിയിരുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് മത്സരം മഴയെ തുടർന്ന് സമനിലയിൽ കലാശിച്ചത'.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് ലോർഡ്‌സിൽ ആരംഭിച്ചിരിക്കുന്നു. വളരെ മനോഹരമായിട്ടാണ് രണ്ട് ദിവസം മത്സരം പിന്നിട്ടത്. വളരെ വ്യക്തമായി ഈ ടെസ്റ്റിനെ അനലൈസ് ചെയ്യുകയാണെങ്കിൽ കാലാകാലങ്ങളായി ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, അല്ലെങ്കിൽ ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നടക്കുന്ന ടെസ്റ്റ് സീരീസുകളിൽ വലിയ ഒരു പ്രശ്‌നം തന്നെയായിരുന്നു ഇന്ത്യയുടെ ഓപ്പണിങ് ബാറ്റിങ് എന്നത്. കാരണം ന്യൂബോളിൽ നാച്വറൽ മൂവ്‌മെന്റ്‌സ് ഉള്ള ഈ രാജ്യങ്ങളിലെ പിച്ചുകളിൽ പുതിയ പന്ത് ഉപയോഗിച്ചുള്ള പേസർമാരുടെ ആക്രമണം ചെറുക്കുക എന്നത് ഓപ്പണർമാരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.



എന്നാൽ കഴിഞ്ഞ രണ്ട് മാച്ചുകളിലും, ട്രെന്റ് ബ്രിഡ്ജിൽ നടന്ന ടെസ്റ്റിലും ലോർഡ്‌സിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റിലൂം വളരെ മനോഹരമായി ബാറ്റ് ചെയ്യുന്ന രോഹിത് ശർമയേയും കെ എൽ രാഹുലിനെയുമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഒരു സമയത്ത് ഒരുപാട് വിമർശനങ്ങൾ രോഹിത് ശർമ നേരിടേണ്ടി വന്നിട്ടുണ്ട്. അത്രയും പ്രതിഭാധനനായ ഒരു ബാറ്റ്‌സ്മാൻ പലപ്പോഴും ടെസ്റ്റ് മാച്ചുകളിൽ അവസരം നിഷേധിക്കപ്പെട്ടു. പലപ്പോഴും അദ്ദേഹം ലോവർഓർഡറിൽ അദ്ദേഹത്തിന് ബാറ്റ് ചെയ്യേണ്ടിവന്നു. എന്നാൽ ഓപ്പണറായി മാറിയ ശേഷം വളരെ മനോഹരമായ രീതിയിൽ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യുന്നു. പ്രത്യേകിച്ച് ന്യൂബോൾ ആക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിച്ച് മികച്ച തുടക്കം നൽകാൻ സാധിക്കുന്നു.

ലോർഡ്‌സ് ടെസ്റ്റിൽ നോക്കുകയാണെങ്കിൽ 126 റൺസിന്റെ ഓപ്പണിങ് പാർട്ട്ണർഷിപ്പാണ് ഇരുവരും ചേർന്ന് നൽകിയത്. ലോർഡ്‌സിൽ ഇരുവരും വളരെ ക്ഷമയോടെയാണ് ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടത്. ലീവ് ചെയ്യേണ്ട പന്തുകൾ ലീവ് ചെയ്യുന്നു. റൺസ് നേടേണ്ട പന്തുകളിൽ റൺസുകൾ നേടുന്നു. അങ്ങനെ വളരെ നല്ല രീതിയിൽ തന്നെയാണ് അവർ ബാറ്റ് ചെയ്തത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര് എന്നത് 364 ആണ്. ഇതിൽ കെ എൽ രാഹുൽ എന്ന ബാറ്റ്‌സ്മാനെ എടുത്ത് പറയുക തന്നെ വേണം. മായങ്ക് അഗർവാൾ പരുക്ക് പറ്റിയതോടെ ഓപ്പണിങ് സ്ഥാനത്ത് അവസരം ലഭിച്ചതാണ് കെ എൽ രാഹുലിന്. എന്നാൽ നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ എന്ന രീതിയിലേക്ക് രണ്ട് മത്സരങ്ങളിലെ പ്രകടനത്തിലൂടെ പ്രശംസയ്ക്ക് അർഹനായി.

എന്നാൽ പുജാരയുടെ പ്രകടനം നിരാശപ്പെടുത്തുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത്. എന്നാൽ വിരാട് കോലി വളരെ മനോഹരമായി ബാറ്റ് ചെയ്യുന്നു. 42 റൺസ് കണ്ടെത്തി. ഒരു മികച്ച പന്തിലാണ് അദ്ദേഹം പുറത്തായത്. ഇതിൽ രവീന്ദ്ര ജഡേജ എന്ന ഓൾറൗണ്ടർ, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് വേണ്ടി നടത്തുന്ന ഒരു പ്രകടനം, അത് ഏത് ഫോർമാറ്റിൽ എടുത്ത് നോക്കിയാലും കാണാൻ സാധിക്കും. കഴിഞ്ഞ മത്സരത്തിൽ വാലറ്റത്തെ കൂട്ടുപിടിച്ച് അദ്ദേഹം നേടിയ റൺസുകൾ നിർണായകമായിരുന്നു.

ഈ ടെസ്റ്റിലും അദ്ദേഹം വളരെ മനോഹരമായാണ് ബാറ്റ് ചെയ്തത്. ഏറ്റവും അവസാനത്തെ വിക്കറ്റായാണ് അദ്ദേഹം ഔട്ടായത്. അദ്ദേഹം നേടിയ 40 റൺസും അതുപോലെ ഋഷഭ് പന്ത് നേടിയ 37 റൺസും നിർണായകമായി. വളരെ മികച്ചൊരു സ്‌കോർ ലോർഡ്‌സിൽ പടുത്തുയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.

ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം എടുത്ത് നോക്കിയാൽ ജയിംസ് ആൻഡേഴ്‌സൺ എന്ന ബോളർ, 40ന്റെ നെറുകയിൽ എത്തി നിൽക്കുന്ന ആൻഡേഴ്‌സൺ എന്ന ഫാസ്റ്റ് ബോളർ ലോകത്തെ അതിശയിപ്പിക്കുകയാണ്. ഇത്രയും മനോഹരമായി സ്വിങ് ചെയ്യിക്കാൻ കഴിയുന്ന, ഇത്രയും മനോഹരമായി റിവേഴ്‌സ് സ്വിങ് ചെയിക്കുന്ന ലോകത്തെ ഒന്നാം നമ്പർ ബോളർ എന്ന തന്നെ ആൻഡേഴ്‌സണെ വിശേഷിപ്പിക്കേണ്ടി വരും. അദ്ദേഹം എറിയുന്ന ഓരോ പന്തും, നായകൻ ജോറൂട്ടിനെ സംബന്ധിച്ചിടത്തോളം സ്ലിപ്പിൽ നിൽക്കുമ്പോൾ ഏത് പന്തും വിക്കറ്റ് വീഴ്‌ത്തിയേക്കാം എന്നൊരു ഫീൽ മനസിൽ ഉൾക്കൊണ്ടാണ് സ്ലിപ്പിൽ നിൽക്കുന്നത്. അത്ര മനോഹരമായി സ്വിങ് ചെയ്തുകൊണ്ടാണ് ആൻഡേഴ്‌സൺ ബോൾ ചെയ്യുന്നത്.

എന്നാൽ അവർക്കുണ്ടായ ഒരു വലിയ പ്രഹരമാണ് ബ്രോഡിന്റെ പരുക്കും അതിനെ തുടർന്നുള്ള പിന്മാറ്റവും. കഴിഞ്ഞ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രമാണ് എടുത്തത്. സാധാരണ ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ബ്രോഡും ആൻഡേഴ്‌സണും ഏപ്പോഴും ടോപ് പെർഫോമെൻസ് കാഴ്ച വയ്ക്കുന്നവരാണ്. റോബിൻസന് ഉത്തരവാദിത്തം കൂടിയിരിക്കുന്നു. അതിലുപരി ഒരു സർപ്രൈസ് എന്നത് മൊയിൻ അലി കളിച്ചു എന്നതാണ്. നമുക്ക് അറിയാം അദ്ദേഹം പതിനെട്ട് ഓവറോളം ഇതിനകം ബോൾ ചെയ്തു. ഒരു വിക്കറ്റും എടുത്തു. അതു വച്ചു നോക്കുമ്പോൾ ഇന്ത്യയ്ക്കായി ആർ അശ്വിൻ കളിക്കാതിരിക്കുന്നത് ഒരു നല്ല തീരുമാനമായിട്ട് കാണാൻ സാധിക്കുകയില്ല. കാരണം പിച്ചിന്റെ അവസ്ഥ നോക്കിയാൽ രണ്ടാം ദിനത്തിൽ തന്നെ വിക്കറ്റിൽ നല്ല രീതിയിൽ ടേൺ ലഭിക്കുന്നത് കാണാൻ സാധിക്കും.

എപ്പോഴും അശ്വിനെ പോലെയുള്ള ഒരു ബോളർ രണ്ടാം ഇന്നിങ്‌സിലെ നിർണായക ഘട്ടത്തിലേക്ക് വരുമ്പോൾ അശ്വിന്റെ ബോളിങ് വളരെ മുതൽക്കൂട്ടാണ്. കൂടാതെ നല്ല രീതിയിൽ ബാറ്റ് ചെയ്യുന്ന ഒരു ബാറ്റ്‌സ്മാൻ കൂടിയാണ്. പക്ഷേ ഒരു ടീം കോമ്പിനേഷൻ അത് നായകന്റെ കൺട്രോളിലാണ്.

ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 364 റൺസിന് ഓൾഔട്ടായതിന് ശേഷം ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 119 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാർ ന്യൂബോൾ കളിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ടെസ്റ്റിൽ സിബ്ലി ഔട്ടായ അതേ രീതിയിൽ തന്നെയാണ് ഇത്തവണയും ഔട്ടായത്. ബേർൺസ് കഴിഞ്ഞ ടെസ്റ്റിനെ വച്ചുനോക്കുമ്പോൾ വളരെ നല്ല പ്രകടനം എന്ന് പറയാം.

റൺസ് നേടിയതായി കാണാൻ സാധിക്കും. കൗണ്ടിയിൽ അടക്കം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ഹമീദ്, സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടിയ ഹമീദിനെ ആദ്യ പന്തിൽ തന്നെ സിറാജ് ഔട്ടാക്കുന്ന കാഴ്ച നമുക്ക് കാണാൻ സാധിച്ചു. ഇന്ത്യയുടെ ഫാസ്റ്റ് ബോളിങ് ഡിപ്പാർട്ട്‌മെന്റ് എന്ന് പറയുന്നത് ലോകം മുഴുവൻ ഇന്ന് പ്രശംസിക്കുന്ന, ലോകത്തെ എല്ലാ ക്രിക്കറ്റ് ടീമുകൾക്കും ഭയം ജനിപ്പിക്കുന്നവരായി നമ്മുടെ ഫാസ്റ്റ് ബൗളിങ് വിഭാഗം മാറി എന്നതാണ്. സിറാജ്, ഇഷാന്ത് ശർമ, ബുംറ, ഷമി എന്നിവർ ഉൾപ്പെട്ട നിര വലിയ വെറൈറ്റി ഓഫ് ബോളിങ് കാഴ്ച വയ്ക്കുന്നവരാണ്.

ഒരു നായകന്റെ സ്വപ്‌നമാണ് ഏറ്റവും മികച്ച ബൗളിങ് നിര എന്നത്. പ്രത്യേകിച്ച് ഇംഗ്ലണ്ട് പോലെയുള്ള സ്ഥലങ്ങളിലെ വേദികളിൽ മത്സരങ്ങൾ നടക്കുമ്പോൾ. ശേഷിക്കുന്ന മൂന്ന് ദിവസത്തെ പ്രകടനം നിർണായകമാണ്. കഴിഞ്ഞ ടെസ്റ്റിൽ ഇന്ത്യ വ്യക്തമായ ആധിപത്യം നേടിയിരുന്നു. ഈ ടെസ്റ്റിലും ആദ്യ ദിനം മുൻതൂക്കം നിലനിർത്താനായി. തുടക്കത്തിലെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീഴ്‌ത്തി ആതിഥേയരെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ലോർഡ്‌സ് പോലെയുള്ള വേദിയിൽ ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ രൂപമായ ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ മുന്നേറുന്നത് കാണാൻ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യയുടെ പഴയകാല ചരിത്രങ്ങളെ പിന്തള്ളി വിരാടും സംഘവും ഏറ്റവും നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ കളിച്ചു എന്നത്. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായുള്ള ഈ ടെസ്റ്റ് സീരിസിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ഡോമിനേറ്റ് ചെയ്ത് മുന്നേറാൻ കഴിയുന്നു. എതിരാളികൾക്കേ മേൽ ആധിപത്യം സ്ഥാപിച്ച് മുന്നേറുന്ന ഒരു ക്രിക്കറ്റ് സംസ്‌കാരം, രീതി രൂപപ്പെടുത്തുവാൻ കോലിക്കും സംഘത്തിനും കഴിഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിൽ അത്തരം സാഹചര്യത്തിൽ മുന്നേറുന്നു എന്നത് ഏറെ ആവേശകരമാണ്. ഇന്ത്യ ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ട്. ഈ ടെസ്റ്റ് ഇന്ത്യയ്ക്ക് ജയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.