- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
55 പന്തിൽ 117 റൺസ്; മുൻനിര വീണിട്ടും വീരോചിത സെഞ്ചുറിയുമായി സൂര്യകുമാർ; ഫിനിഷിംഗിലും പിഴച്ചു; റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ; ഇംഗ്ലണ്ടിന് 17 റൺസ് ജയം

നോട്ടിങ്ഹാം: സൂര്യകുമാർ യാദവ് (55 പന്തിൽ 117) തകർപ്പൻ സെഞ്ചുറിയുമായി പൊരുതിയിട്ടും ഇംഗ്ലണ്ട് ഉയർത്തിയ റൺമലയ്ക്ക് മുന്നിൽ പൊരുതി കീഴടങ്ങി ഇന്ത്യ. സൂര്യകുമാറിനെ പിന്തുണയ്ക്കാൻ സഹതാരങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടതോടെ ഇന്ത്യ 17 റൺസിന്റെ തോൽവി വഴങ്ങി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനാണ് സാധിച്ചത്. റീസെ ടോപ്ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.
ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ മൂന്ന് കളികളുള്ള പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു (2 - 1). ജോസ് ബട്‌ലറുടെ കീഴിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്. ശ്രേയസ് അയ്യർ (23 പന്തിൽ 28), വിരാട് കോലി (ആറു പന്തിൽ 11), ക്യാപ്റ്റൻ രോഹിത് ശർമ (12 പന്തിൽ 11) എന്നിവരാണ് ടീം ഇന്ത്യയുടെ പ്രധാന സ്‌കോറർമാർ.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ഓപ്പണർ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ടോപ്ലിയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് പന്ത് മടങ്ങുന്നത്. അടുത്ത ഓവറിൽ കോലിയും മടങ്ങി. വില്ലിക്കെതിരെ ഒരു ഫോറും മനോഹരമായ സിക്സും നേടിയാണ് കോലി തുടങ്ങിയത്. പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്നുള്ള തോന്നൽ മിക്കവരിലുമുണ്ടാക്കി. എന്നാൽ അടുത്ത പന്തിൽ ജേസൺ റോയ്ക്ക് ക്യാച്ച് നൽകി മുൻ ക്യാപ്റ്റൻ മടങ്ങി. അഞ്ചാം ഓവറിൽ ടോപ്ലിയുടെ പന്തിൽ രോഹിത്തും പവലിയനിൽ തിരിച്ചെത്തി.
ശ്രേയസ് അയ്യരുടെ (23 പന്തിൽ 28) ഇന്നിങ്സിന് വേഗം പോരായിരുന്നു. ദിനേശ് കാർത്തിക് (6), രവീന്ദ്ര ജഡേജ (7), ഹർഷൽ പട്ടേൽ (5) എന്നിവരും നിരാശപ്പെടുത്തിയതോടെ സൂര്യകുമാറിന്റ പോരാട്ടം പാഴായി. രവി ബിഷ്ണോയാണ് (2) പുറത്തായ മറ്റൊരു താരം. 19-ാം ഓവറിലാണ് താരം പുറത്താവുന്നത്. 55 പന്തിൽ ആറ് സിക്സും 14 ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. ആവേഷ് ഖാൻ (1) പുറത്താവാതെ നിന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 215 റൺസ്. 39 പന്തുകൾ മാത്രം നേരിട്ട് 77 റൺസുയർത്തിയ ഡേവിഡ് മലാനാണ് ഇംഗ്ലണ്ട് സ്‌കോറിന്റെ നട്ടെല്ല്. 29 പന്തിൽ 42 റൺസെടുത്തു പുറത്താകാതെ നിന്ന ലിയാംലിവിങ്സ്റ്റണും തിളങ്ങി.
ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജേസൺ റോയ് (27), ജോസ് ബട്ലർ (18), ഫിലിപ് സാൾട്ട് (8) എന്നിവർക്കക്ക് കാര്യമായ സംഭാവന നൽകാനായില്ല. മൂന്നിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ മലാൻ- ലിവിങ്സ്റ്റൺ സഖ്യം ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇരുവരും 84 റൺസാണ് കൂട്ടിചേർത്തത്. 39 പന്തിൽ നിന്ന് അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെയാണ് മലാൻ 77 റൺസെടുത്തത്.
എന്നാൽ ബിഷ്ണോയിയുടെ പന്തിൽ റിഷഭ് പന്തിന് ക്യാച്ച് നൽകി മലാൻ മടങ്ങി. തുടർന്നെത്തിയ മൊയീൻ അലി (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. എന്നാൽ ലിവിംഗസ്റ്റണിന്റെ പോരാട്ടം സ്‌കോർ 200 കടത്തി. ക്രിസ് ജോർദാനാണ് (11) പുറത്തായ മറ്റൊരു താരം. ലിയാം ലിവിങ്സ്റ്റൺ (42) നിർണായക പിന്തുണ നൽകി. രണ്ട് വിക്കറ്റ് നേടിയ രവി ബിഷ്ണോയിയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. റീസെ ടോപ്ലി, ഫിൽ സാൾട്ട് എന്നിവർ ടീമിലെത്തി. സാം കറൻ, മാത്യു പാർക്കിൻസൺ എന്നിവരാണ് പുറത്തായത്. ഇന്ത്യ നാല് മാറ്റങ്ങൾ കൊണ്ടുവന്നു. ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ, യൂസ്വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യർ, ഉംറാൻ മാലിക്ക്, ആവേഷ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു അർഷ്ദീപ് സിംഗിനെ വീണ്ടും പരിഗണിച്ചില്ല.


