ലണ്ടൻ: ഓവലിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ.ഒന്നാം ഇന്നിങ്ങ്‌സിൽ ഇന്ത്യയെ 191 റൺസിന് എറിഞ്ഞൊതുക്കി മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനും ഒന്നാം ഇന്നിങ്‌സിൽ മൂന്നു വിക്കറ്റ് നഷ്ടമായി. ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 17 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. ഡേവിഡ് മലാൻ (26), നൈറ്റ് വാച്ച്മാൻ ക്രെയ്ഗ് ഓവർട്ടൻ (ഒന്ന്) എന്നിവരാണ് ക്രീസിൽ. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാൾ 138 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്.

ഓപ്പണർമാരായ റോറി ബേൺസ് (5), ഹസീബ് ഹമീദ് (0), ക്യാപ്റ്റൻ ജോ റൂട്ട് (21) എന്നിവരാണ് ഇംഗ്ലിഷ് നിരയിൽ പുറത്തായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി. ആറു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിനെ റൂട്ടും മലാനും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് 50 കടത്തിയത്.

11 പന്തിൽ അഞ്ച് റൺസെടുത്ത റോറി ബേൺസിനെയും 12 പന്തു നേരിട്ട് അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ട ഹസീബ് ഹമീദിനെയും ഒരേ ഓവറിൽ പുറത്താക്കി ജസ്പ്രീത് ബുമ്രയാണ് ഇന്ത്യ കാത്തിരുന്ന തുടക്കം സമ്മാനിച്ചത്. ഒന്നാം ദിനം കളി നിർത്തുന്നതിന് തൊട്ടുമുൻപ് 21 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്റെ ബൗൾഡൗക്കി ഉമേഷ് യാദവ് ഇംഗ്ലണ്ടിന്റെ റൂട്ട് തെറ്റിച്ചു. 25 പന്തിൽ നാലു ഫോറുകൾ സഹിതമാണ് റൂട്ട് 21 റൺസെടുത്തത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലിഷ് നായകൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.  ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. രോഹിത്തും രാഹുലും ചേർന്ന് അനായാസം റൺസ് കണ്ടെത്തിയതോടെ ഇത് ഇന്ത്യയുടെ ദിവസമാണെന്ന തോന്നലുയർന്നു. എന്നാൽ, ഇന്ത്യൻ സ്‌കോർ 28ൽ നിൽക്കെ രോഹിത് ശർമയെ ക്രിസ് വോക്‌സ് പുറത്താക്കിയത് നിർണായകമായി. 27 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത രോഹിത്തിനെ വോക്‌സ് വിക്കറ്റ് കീപ്പർ ജോണി ബെയർ‌സ്റ്റോയുടെ കൈകളിലെത്തിച്ചു.

ഇതേ സ്‌കോറിൽ കെ.എൽ. രാഹുലും പുറത്തായി. താരതമ്യേന മികച്ച സ്‌ട്രോക്കുകളുമായി കളം നിറഞ്ഞ രാഹുലിനെ ഒലി റോബിൻസൺ എൽബിയിൽ കുരുക്കി. 44 പന്തിൽ മൂന്നു ഫോറുകൾ സഹിതം 17 റൺസായിരുന്നു സമ്പാദ്യം. ചേതേശ്വർ പൂജാരയുടെ ഊഴമായിരുന്നു അടുത്തത്. 11 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും പൂജാരയും പുറത്ത്. 31 പന്തിൽ ഒരു ഫോർ സഹിതം നാലു റൺസെടുത്ത പൂജാരയെ ജയിംസ് ആൻഡേഴ്‌സൻ ബെയർ‌സ്റ്റോയുടെ കൈകളിലെത്തിച്ചു.

വോക്‌സിന്റെ പന്തിൽ ജോ റൂട്ടിനു ക്യാച്ച് നൽകിയാണു ജഡേജ (34 പന്തിൽ 10) പുറത്തായത്. ഇതോടെ ഇന്ത്യ 694 എന്ന സ്‌കോറിലായി. പിന്നീട് കോലിയും രഹാനെയും ഒത്തുചേർന്നെങ്കിലും അർധസെഞ്ചുറി തികച്ചതിനു പിന്നാലെ വിരാട് കോലിയെ റോബിൻസൺ മടക്കി. 22 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും രഹാനെ, ഋഷഭ് പന്ത് എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടമായി.

എട്ടാമനായി ഇറങ്ങിയ ഷാർദുൽ ഠാക്കൂറാണ് ഇന്ത്യൻ സ്‌കോർ ഇരുന്നൂറിന് അടുത്തെത്തിച്ചത്. ഇംഗ്ലിഷ് മണ്ണിലെ വേഗമേറിയെ ടെസ്റ്റ് അർധസെഞ്ചുറി കുറിച്ച ഷാർദുൽ ഠാക്കൂറാണ് ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയെ 191ൽ എത്തിച്ചത്. 36 പന്തിൽ 57 റൺസെടുത്ത ഠാക്കൂറാണ് ഇന്ത്യയുടെ ടോപ് സ്‌കോററും. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ വിരാട് കോലിയും അർധസെഞ്ചുറി നേടി. 96 പന്തുകൾ നേരിട്ട കോലി എട്ടു ഫോറുകൾ സഹിതം 50 റൺസെടുത്തു.

എട്ടാം വിക്കറ്റിൽ ഠാക്കൂറും ഉമേഷ് യാദവും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. അറുപതാം ഓവറിന്റെ അവസാന പന്തിൽ ഠാക്കൂറിനെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ഉമേഷ് യാദവും ജസ്പ്രീത് ബുമ്രയും മടങ്ങിയതോടെ പതനം പൂർണം.രോഹിത് ശർമ (11), കെ.എൽ. രാഹുൽ (17), ചേതേശ്വർ പൂജാര (4), രവീന്ദ്ര ജഡേജ (10), അജിൻക്യ രഹാനെ (14), ഋഷഭ് പന്ത് (9), ഉമേഷ് യാദവ് (10), ജസ്പ്രീത് ബുമ്ര (പൂജ്യം), മുഹമ്മദ് സിറാജ് (1*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും ഒലി റോബിൻസൺ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. ജയിംസ് ആൻഡേഴ്‌സൻ, ക്രെയ്ഗ് ഓവർട്ടൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ലീഡ്‌സിൽ ഇന്നിങ്‌സ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരുക്കിന്റെ ലക്ഷണങ്ങളുള്ള ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്കു പകരം ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവർ ടീമിലെത്തി. ഇതോടെ, തുടർച്ചയായ നാലാം ടെസ്റ്റിലും ലോക രണ്ടാം നമ്പർ ബോളർ രവിചന്ദ്രൻ അശ്വിൻ പുറത്തിരുന്നു.

ഇംഗ്ലണ്ട് നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ടീമിൽനിന്ന് വിട്ടുനിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്‌ലറിനു പകരം ഒലി പോപ്പും ഫോമിലല്ലാത്ത സാം കറനു പകരം ക്രിസ് വോക്‌സും കളിക്കുന്നു.