ഓവൽ: ലീഡ്‌സിലെ ഇന്നിങ്‌സ് തോൽവിക്ക് പിന്നാലെ നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിട്ടും വർദ്ധിത വീര്യത്തോടെ തിരിച്ചടിച്ച വിരാട് കോലിയും സംഘവും ഓവലിൽ കുറിച്ചത് ചരിത്ര ജയം. ഇംഗ്ലണ്ടിനെ 157 റൺസിന് കീഴടക്കി തിരിച്ചുവരവിന്റെ പുതിയൊരു അധ്യായം രചിച്ച കോലിയും സംഘവും ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ രചിച്ചത് 50 വർഷം നീണ്ട കാത്തിരുപ്പിനൊടുവിലെ ഇന്ത്യയുടെ വിജയഗാഥ കൂടിയാണ്.



14 ടെസ്റ്റുകൾ കളിച്ച ഓവലിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. ഇതിനു മുമ്പ് 1971-ലാണ് ഇന്ത്യ ഇവിടെ ജയിച്ചത്. ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ജയം കൂടിയായിരുന്നു അത്. അഞ്ചു ടെസ്റുകൾ ഇവിടെ ഇന്ത്യ തോറ്റപ്പോൾ ഏഴെണ്ണം സമനിലയിൽ കലാശിച്ചു.

1971ൽ അജിത് വഡേക്കറുടെ നേൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമാണ് ഇതിന് മുമ്പ് അവസാനമായി ഓവലിൽ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് ജയിച്ചത്. നാലു വിക്കറ്റിനായിരുന്നു അന്ന് ഇന്ത്യ ജയിച്ചുകയറിയത്. ആറ് വിക്കറ്റുമായി തിളങ്ങിയ ബി എസ് ചന്ദ്രശേഖറായിരുന്നു ഇന്ത്യയുടെ വിജയശിൽപി. ആ ജയത്തോടെ ആദ്യമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടാനും ഇന്ത്യക്കായിരുന്നു. അതിനുശേഷം നടന്ന അഞ്ച് ടെസ്റ്റുകളിലും പക്ഷെ ഇംഗ്ലണ്ടിന് ഓവലിൽ ഇന്ത്യയെ തോൽപ്പിക്കാനുമായിട്ടില്ല. 1971നുശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഓവലിൽ നടന്ന അഞ്ച് ടെസ്റ്റുകൾ സമനിലയായി.

എന്നാൽ 2011ൽ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമിനെ ഇന്നിങ്‌സിനും എട്ടു റൺസിനും കീഴടക്കി ഓവലിലെ സമനിലപൂട്ട് ഇംഗ്ലണ്ട് പൊളിച്ചു. അന്ന് 4-0നാണ് ഇന്ത്യ പരമ്പര തോറ്റത്. 2014ൽ ഓവലിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ തോൽവി കുറച്ചുകൂടി കനത്തതായിരുന്നു. ഇന്നിങ്‌സിനും 244 റൺസിനുമായിരുന്നു അന്ന് ഇന്ത്യ തോറ്റത്.

2018ൽ വിരാട് കോലിയുടെ നേതൃത്വത്തിലെത്തിയ ഇന്ത്യൻ ടീം ഓവലിൽ അലിസ്റ്റർ കുക്കിന്റെ അവസാന രാജ്യാന്തര മത്സരത്തിൽ 118 റൺസിന് അടിയറവ് പറഞ്ഞു. എന്നാൽ വീണ്ടും ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ വിരാട് കോലിയും സംഘവും ഇതുവരെയുള്ള ചരിത്രം ഒന്നാകെ മാറ്റിയെഴുതുകയാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തന്നെ പോരാട്ടവീര്യം പുറത്തെടുത്തു. നോട്ടിംഹാമിലെ ടെസ്റ്റ് മഴയിൽ കുതിർന്നതോടെ സമനില. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 151 റൺസിന്റെ തകർപ്പൻ ജയം. ലീഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ബാറ്റിങ് നിര നിറം മങ്ങിയതോടെ ഇന്നിങ്‌സിനും 76 റൺസിനും കനത്ത തോൽവി ഏറ്റുവാങ്ങി.

 

എന്നാൽ നിർണായകമായ ഓവൽ ടെസ്റ്റിൽ മാറിമാറിഞ്ഞു. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിട്ടും രണ്ടാം ഇന്നിങ്‌സിൽ രോഹിത് ശർമയുടെ സെഞ്ചുറിയടക്കം മിന്നുന്ന ബാറ്റിങ് കാഴ്ചവച്ച ഇന്ത്യ മികച്ച വിജയലക്ഷ്യം പടുത്തുടയർത്തി. പിന്നാലെ ബൗളർമാരും അവസരത്തിന് ഒത്ത് ഉയർന്നതോടെ പരമ്പരയിൽ നിർണായക മുൻതൂക്കം. ജയമില്ലാതെ എട്ട് മത്സരങ്ങൾ ഓവലിൽ പൂർത്തിയാക്കിയശേഷമാണ് ഇന്ത്യ ഒടുവിൽ കോലിയുടെ കീഴിൽ വിജയവുമായാണ് ഓവലിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് മടങ്ങുന്നത്.

ഓവലിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 157 റൺസിനു തോൽപിച്ച് ഇന്ത്യ പരമ്പരയിൽ 2-1 ന്റെ ലീഡ് നേടി. ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിലൂടെ ആതിഥേയരെ 210 റൺസിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.



1986നുശേഷം ഇംഗ്ലണ്ടിൽ ഒന്നിലധികം ടെസ്റ്റുകളിൽ ജയിക്കുകയെന്ന റെക്കോർഡും ഇന്നത്തെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കി. 1986ൽ കപിൽ ദേവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം മൂന്ന് മത്സര പരമ്പരയിൽ 2-0 ജയം സ്വന്തമാക്കിയിരുന്നു. തൊട്ടു മുൻ ടെസ്റ്റിൽ ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയശേഷം അടുത്ത ടെസ്റ്റിൽ ഇന്ത്യ ജയിക്കുന്നത് ഇത് മൂന്നാം തവണയാണ്.

രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ പേസർ ജസ്പ്രീത് ബുംറയും സ്പിന്നർ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ ഐതിഹാസിക ജയത്തിന് തിരക്കഥയെഴുതിയത്. രണ്ടു വിക്കറ്റുമായി ഷാർദ്ദൂൽ താക്കൂർ, മൂന്നു വിക്കറ്റുമായി ഉമേഷ് യാദവ് എന്നിവർ മികച്ച പിന്തുണ നൽകി.

വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജയിക്കാൻ ശ്രമിക്കുന്നതിലുപരി സമനിലയ്ക്കായി പിടിച്ചു നിൽക്കാനാണ് ആദ്യ സെഷനിൽ ശ്രമിച്ചത്. അർധസെഞ്ചുറി നേടി ഓപ്പണർമാരായ റോറി ബേൺസും(50), ഹസീബ് ഹമീദും(62 നോട്ടൗട്ട്) ഏറെക്കുറേ ഇതിൽ വിജയിക്കുകയും ചെയ്തു.



ഒന്നാം വിക്കറ്റിൽ ഇംഗ്ലീഷ് താരങ്ങൾ സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് ഇന്ത്യക്ക് പ്രഹരിക്കാനായത്. 125 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറികളോടെ 50 റൺസ് നേടിയ ബേൺസിനെ പുറത്താക്കി ഷാർദ്ദൂൽ താക്കൂറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്.

എന്നാൽ ഒരറ്റത്തു പിടിച്ചു നിന്ന ഹമീദ് കീഴടങ്ങാൻ തയാറായില്ല. ഇതിനിടെ നായകൻ ജോ റൂട്ടിനു മുമ്പേ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഡേവിഡ് മലാൻ(5) ഹസീബുമായുള്ള ധാരണാപ്പിശകിൽ റണ്ണൗട്ടായത് ഇന്ത്യക്ക് ആശ്വാസമായി.

ലഞ്ചിന് പിരിയുമ്പോൾ 187 പന്തിൽ നിന്ന് ആറു ബൗണ്ടറികളോടെ 62 റൺസുമായി ഹസീബും 18 പന്തിൽ നിന്ന് എട്ടു റൺസുമായ നായകൻ ജോ റൂട്ടുമായിരുന്നു ക്രീസിൽ. ലഞ്ചിനു ശേഷം ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകൾ ക്ഷണത്തിൽ തെറിപ്പിച്ച ഇന്ത്യ അവിശ്വസനീയമാം വിധം മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ബുംറയും ജഡേജയുമാണ് ഇംഗ്ലണ്ടിന്റെ സമനില സ്വപ്നങ്ങൾ തകർത്തത്. രണ്ടു വിക്കറ്റുകൾ നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറുകൾ എന്ന നാഴികക്കല്ലും ബുംറ പിന്നിട്ടു. സ്പിന്നർ രവിചന്ദ്രൻ അശ്വിനു പകരം തന്നെ ടീമിലെടുത്ത തീരുമാനം ന്യായീകരിക്കാൻ മിന്നും പ്രകടനത്തിലൂടെ രവീന്ദ്ര ജഡേജയ്ക്കും സാധിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷമുള്ള രണ്ടാം ഓവറിൽത്തന്നെ ഹസീബിനെ ക്ലീൻ ബൗൾഡാക്കി ജഡേജ ഇന്ത്യക്ക് മുൻതൂക്കം നൽകി. 63 റൺസായിരുന്നു ഇംഗ്ലീഷ് ഓപ്പണറുടെ സമ്പാദ്യം. പിന്നീട് ബുംറയുടെ ഊഴമായിരുന്നു.

ഒന്നാമിന്നിങ്സിൽ ഇന്ത്യക്കു വെല്ലുവിളിയായ ഒലി പോപ്പിനെയും(2), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയെയും അടുത്തടുത്ത പന്തുകളിൽ ക്ലീൻ ബൗൾഡാക്കിയ ബുംറ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തി. ഇതിനു പിന്നാലെ ഇംഗ്ലീഷ് നിരയിലെ തന്റെ കൗണ്ടർ പാർട്ടായ മൊയീൻ അലിയെ(0) ജഡേജ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ട് തകർന്നു.

എങ്കിലും ഒരറ്റത്തു ജോ റൂട്ട് പിടിച്ചു നിൽക്കുന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയിരുന്നു. ക്രിസ് വോക്സിനൊപ്പം ചേർന്ന് റൂട്ട് 35 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യക്കും ആശങ്ക സമ്മാനിച്ചു. എന്നാൽ കൃത്യ സമയത്ത് ബൗളിങ് ചെയ്ഞ്ച് വരുത്തി ഷാർദ്ദൂൽ താക്കൂറിനെ പന്തേൽപിച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തന്ത്രം ഇംഗ്ലണ്ടിന്റെ ശവപ്പെട്ടിക്കുമേൽ അവസാന ആണിയുമടിച്ചു. 78 പന്തിൽ നിന്ന് മൂന്നു ബൗണ്ടറികളോടെ 36 റൺസ് നേടിയ റൂട്ടിനെ ഷാർദ്ദൂൽ ക്ലീൻ ബൗൾഡാക്കി.

ഇതോടെ അവസാന പ്രതിരോധവും തകർന്ന ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്നു വിക്കറ്റുകൾ ഉമേഷ് യാദവ് പിഴുതതോടെ അഞ്ചു പതിറ്റാണ്ട് നീണ്ട ഇന്ത്യയുടെ കാത്തിരുപ്പിന് അവസാനമായി. രണ്ടാമിന്നിങ്സിൽ സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായ രോഹിത് ശർമയും മികച്ച പിന്തുണ നൽകി 153 റൺസ് കൂട്ടുകെട്ടുയർത്തിയ ചേതേശ്വർ പൂജാരയുമാണ് ഇന്ത്യയുടെ വിജയശിൽപികൾ.