- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർത്തടിച്ച് റാസ്സി വാൻ ഡെർ ഡ്യൂസൻ; പിന്തുണച്ച് മാർക്രവും ഡി കോക്കും; ജീവൻ മരണപ്പോരിൽ മികച്ച സ്കോർ ഉയർത്തി ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിന് 190 റൺസ് വിജയലക്ഷ്യം; രണ്ട് വിക്കറ്റ് നഷ്ടമായി
ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ലെ ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോർ പടുത്തുയർത്തി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. 60 പന്തുകളിൽ നിന്ന് പുറത്താവാതെ 94 റൺസെടുത്ത റാസ്സി വാൻ ഡെർ ഡ്യൂസന്റെ തകർപ്പൻ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അർധസെഞ്ചുറി നേടിയ എയ്ഡൻ മാർക്രവും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനെ 131 റൺസിനുള്ളിൽ തളച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലേക്ക് കടക്കാം.
190 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് നേടി. മികച്ച തുടക്കമാണ് ജേസൺ റോയും ജോസ് ബട്ലറും ചേർന്ന് ഇംഗ്ലണ്ടിന് നൽകിയത്. ബട്ലർ 15 പന്തിൽ 26 റൺസ് എടുത്ത് നിൽക്കെ നോർട്യെ പൂറത്താക്കി. 20 റൺസ് എടുത്ത് നിൽക്കെ ജേസൺ റോയ് റിട്ടേയ്ഡ്ഹർട്ടായി മടങ്ങി. ഇംഗ്ലണ്ട് നിലവിൽ 8 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്. രണ്ട് റൺസെടുത്ത റീസാ ഹെൻഡ്രിക്സിനെ മൊയീൻ അലി ബൗൾഡാക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡീ കോക്കും റാസി വാൻഡർ ദസ്സനും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. 27 പന്തിൽ 34 റൺസെടുത്ത ഡി കോക്കിനെ ആദിൽ റഷീദ് വീഴ്ത്തുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്കോർ പന്ത്രണ്ടാം ഓവറിൽ 86 റൺസിലെത്തിയിരുന്നു..
സെമിയിലെത്താൻ വമ്പൻ ജയം അനിവാര്യമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വാൻഡർ ദസ്സനും മാർക്രവും ചേർന്ന് വലിയ സ്കോറിലേക്ക് നയിച്ചു. ഡി കോക്ക് പുറത്തായശേഷമെത്തിയ മാർക്രവുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വാൻഡർ ദസ്സൻ 13-ാം ഓവറിൽ ദക്ഷിണാഫ്രിക്കയെ 100 കടത്തി. 37 പന്തിൽ അർധസെഞ്ചുറി തികച്ച വാൻഡർ ദസ്സൻ 60 പന്തിൽ 94 റൺസുമായി പുറത്താകാതെ നിന്നു. ആറ് സിക്സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതാണ് വാൻഡർ ദസ്സന്റെ ഇന്നിങ്സ്. മറുവശത്ത് ദസ്സന് മികച്ച പിന്തുണ നൽകിയ മാർക്രം അവസാന ഓവറുകളിൽ തകർത്തടിച്ച് 24 പന്തിൽ അർധസെഞ്ചുറിയിലെത്തി. അവസാന അഞ്ചോവറിൽ 61 റൺസാണ് ഇംഗ്ലീഷ് ബൗളർമാർ വഴങ്ങിയത്.
മാർക്രവും ഡ്യൂസനും ആക്രമിച്ച് കളിക്കാനാരംഭിച്ചതോടെ ഇംഗ്ലണ്ട് ബൗളർമാർ വിയർത്തു. അനായാസമാണ് ഇരുവരും ബാറ്റ് വീശിയത്. 17 ഓവറിൽ ടീം സ്കോർ 150-ൽ എത്തിക്കാൻ മാർക്രത്തിനും ഡ്യൂസനും സാധിച്ചു.
അവസാന ഓവറുകളിൽ ഇരുവരും കത്തിക്കയറിയതോടെ ദക്ഷിണാഫ്രിക്കൻ സ്കോർ കുതിച്ചു. ക്രിസ് ജോർദാൻ എറിഞ്ഞ അവസാന ഓവറിൽ സിക്സ് നേടിക്കൊണ്ട് മാർക്രം അർധസെഞ്ചുറി നേടി. വെറും 24 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. പിന്നാലെ ഡ്യൂസനും മാർക്രവും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ഡ്യൂസൻ 60 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെ 94 റൺസ് നേടി പുറത്താവാതെ നിന്നപ്പോൾ മാർക്രം പുറത്താവാതെ 25 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 52 റൺസെടുത്തു.
ക്രിസ് വോക്സ് നാലോവറിൽ 43 റൺസ് വിട്ടുകൊടുത്തപ്പോൾ മാർക്ക് വുഡ് നാലോവറിൽ 47 റൺസ് വഴങ്ങി. ക്രിസ് ജോർദാൻ നാലോവറിൽ 36 റൺസ് വിട്ടുകൊടുത്തു. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയം നേടിയാലെ സെമിയിലെത്താനാവു.
ഇന്ന് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയ വലിയ മാർജിനിൽ ജയിച്ചതിനാൽ ഓസ്ട്രേലിയയുടെ നെറ്റ് റൺറേറ്റ് മറികടക്കുക എന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിൽ ഓസ്ട്രേലിയക്ക് പ്ലസ് വൺ.216 നെറ്റ് റൺറേറ്റുണ്ട്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റൺറേറ്റ് +0.742 ആണ്. 60 റൺസ് വ്യത്യാസത്തിലെങ്കിലും ഇംഗ്ലണ്ടിനെ തോൽപ്പിച്ചാലെ റൺറേറ്റിൽ ഓസീസിനെ പിന്നിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയു.
സ്പോർട്സ് ഡെസ്ക്