ട്രെന്റ് ബ്രിഡ്ജ്: ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റിന്റെ അവിസ്മരണീയ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോ ആണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി.

93-4ലേക്ക് വീണ് പരാജയ മുനമ്പിലായെങ്കിലും വെടിക്കെട്ട് സെഞ്ചുറിയുമായി ജോണി ബെയർ‌സ്റ്റോയും പിന്തുണയുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും നിലയുറപ്പിച്ചതോടെ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് മൂന്ന് മത്സര പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലും ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. സ്‌കോർ: ന്യൂസീലൻഡ് 553, 284. ഇംഗ്ലണ്ട് 539, അഞ്ചിന് 299.

അവസാന ദിനം ചായക്ക് പിരിയുമ്പോൾ 139-4 എന്ന സ്‌കോറിലായിരുന്നു ഇംഗ്ലണ്ട്. ആറ് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് അവസാന സെഷനിൽ 160 റൺസായിരുന്നു വേണ്ടിയിരുന്നത്. സ്‌കോർ 100 കടക്കും മുമ്പ് ജാക് ലീസിനെ(44) ടിം സൗത്തി മടക്കിയതോടെ ഇംഗ്ലണ്ട് സമനിലക്കായി പ്രതിരോധത്തിലേക്ക് വലിയുമെന്ന് കരുതിയവരെ അമ്പരപ്പിച്ചാണ് ബെയർ‌സ്റ്റോ തകർത്തടിച്ചത്.

ന്യൂസീലൻഡ് ഉയർത്തിയ 299 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 93 റൺസ് എന്ന നിലയിൽ പരുങ്ങിയതാണ്. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ബെയർസ്റ്റോ-നായകൻ ബെൻ സ്റ്റോക്സ് സഖ്യം ഇംഗ്ലണ്ടിനെ രക്ഷിച്ചു. ബെയർസ്റ്റോ 92 പന്തുകളിൽ നിന്ന് 136 റൺസെടുത്തപ്പോൾ സ്റ്റോക്സ് പുറത്താവാതെ 75 റൺസെടുത്തു. ഇവരുടെ കൂട്ടുകെട്ട് ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായി.

ഇംഗ്ലണ്ടിന് രണ്ടാം ഓവറിൽ തന്നെ സാക്ക് ക്രോളിയെ(0) നഷ്ടമായി. ട്രെന്റ് ബോൾട്ടിനായിരുന്നു വിക്കറ്റ്. ഇംഗ്ലണ്ട് സ്‌കോർ 50 കടന്നതിന് പിന്നാലെ ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ഓലി പോപ്പിനെ(18) മാറ്റ് ഹെന്റി പുറത്താക്കി. തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ(3) ബോൾട്ട് മടക്കിയതോടെ 56-3ലേക്ക് വീണ ഇംഗ്ലണ്ട് പരാജയം മണത്തു. അഞ്ചാമനായി ക്രീസിലെത്തി തുടക്കം മുതൽ ഏകദിനശൈലിയിൽ ബാറ്റുവീശിയ ബെയർ‌സ്റ്റോ അപ്പോഴും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുകയായിരുന്നു.

അസാധ്യമെന്ന് കരുതിയ ലക്ഷ്യം ബെയർ‌സ്റ്റോ വെടിക്കെട്ടിലൂടെ ഇംഗ്ലണ്ട് അടിച്ചെടുക്കുന്ന കാഴ്ചയാണ് അവസാന സെഷനിൽ കണ്ടത്. ചായക്കുശേഷമുള്ള ആദ്യ ഓവറിൽ തന്നെ മാറ്റ് ഹെന്റിയുടെ ഓവറിൽ മൂന്ന് ബൗണ്ടറിയടിച്ച് 52 പന്തിൽ ബെയർ‌സ്റ്റോ അർധസെഞ്ചുറിയിലെത്തി. പിന്നീട് മാറ്റ് ഹെന്റിയെയും ബോൾട്ടിനെയും ബ്രേസ്വെല്ലിനെയും തെരഞ്ഞെുപിടിച്ച് ആക്രമിച്ച ബെയർ‌സ്റ്റോ 77 പന്തിൽ സെഞ്ചുറിയിലെത്തി.

അർധസെഞ്ചുറിയിൽ നിന്ന് സെഞ്ചുറിയിലെത്താനെടുത്തത് 25 പന്തുകൾ മാത്രം. ചായക്ക് ശേഷമുള്ള സെഷനിലെ അവസാന 20 ഓവറിൽ ബെയർ‌സ്റ്റോയും സ്റ്റോക്‌സും ചേർന്ന് 179 റൺസാണ് അടിച്ചുകൂട്ടിയത് ലക്ഷ്യത്തിലേക്ക് 27 റൺസ് അകലെ 92 പന്തിൽ 136 റൺസടിച്ച ബെയർ‌സ്റ്റോയെ ബോൾട്ട് വീഴ്‌ത്തിയെങ്കിലും വൈകിപ്പോയിരുന്നു. 14 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതാണ് ബെയർ‌സ്റ്റോയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.

55 പന്തിൽ അർധസെഞ്ചുറി തികച്ച ബെൻ സ്റ്റോക്‌സ് 70 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ട് ജയത്തിൽ നിർണായക സംഭാവന നൽകി. ബെയർ‌സ്റ്റോ പുറത്തായശേഷം ബെൻ ഫോക്‌സിനെ(12) കൂട്ടുപിടിച്ച് സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ ജയം പൂർത്തിയാക്കി. ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ പരമ്പര തന്നെ സ്വന്തമാക്കാൻ ബെൻ സ്റ്റോക്‌സിനായി.

ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 553 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 539 റൺസ് നേടി. എന്നാൽ രണ്ടാം ഇന്നിങ്സിൽ ന്യൂസീലൻഡ് 284 റൺസിന് പുറത്തായി. ഇതാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് നിർണായകമായത്. രണ്ടാം ഇന്നിങ്സിൽ കിവീസിനായി ട്രെന്റ് ബോൾട്ട് മൂന്നുവിക്കറ്റെടുത്തു.