മുബൈ : അർണാബ് ഗോസ്വമിയുടെ റിപബ്ലിക്ക് ചാനലിന്റെ റേറ്റിങ്ങ് വിവരങ്ങൾ പുറത്തു വിട്ടതിനു പിന്നാലെയാണ് പ്രമുഖ ഇംഗ്ലീഷ് ന്യൂസ് ചാനലുകൾ തങ്ങളുടെ ഫീഡുകളിൽ നിന്നും റേറ്റിങ്ങ് ഏജൻസിയായ ബാർക്കിന്റെ വാട്ടർമാർക്ക് ഒഴിവാക്കിയത്. സ്വകാര്യ വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ നിർദ്ദേശം അഗീകരിക്കാതിരുന്നതിനാലാണ് ഈ നടപടി.

പ്രേഷകരുടെ എണ്ണം കൂട്ടാനായി ആശ്വാസ്യകരമല്ലാത്ത കാര്യങ്ങൾ റിപബ്ലിക് ടിവി ചെയ്യുന്നതായിട്ടാണ് അസോസിയേഷൻ ആരോപിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ടെലികോം റഗുലേറ്ററി അഥോറിറ്റിക്ക് പരാതിയും നല്കിയിട്ടുണ്ട്. ഇതിൻ മേൽ നടപടി സ്വീകരിക്കുന്നത് വരെ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ് പുറത്തുവിടരുതെന്ന് ബാർക്കിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ബാർക്ക് ഇത് അംഗീകരിക്കാതെ റിപബ്ലിക്കിന്റെ റേറ്റിങ്ങ് വിവരങ്ങൾ പുറത്തുവിട്ടു.

തങ്ങളുടെ ഉപഭോക്താവിന്റെ ആവശ്യം നിരവേറ്റുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് ബാർക്ക് ഇതിന് നൽകിയ വിശദീകരണം. ബാർക്ക് പുറത്തുവിട്ട് കണക്കുകൾ അനുസരിച്ച് മറ്റ് ചാനലുകളെ ബഹുദൂരം പിൻതള്ളി റിപബ്ലിക്ക് ഒന്നാം സ്ഥാനത്താണ്. സംപ്രേഷണം തുടങ്ങിയ ആദ്യ ആഴ്ചയിൽ തന്നെയാണ് ചാനൽ റേറ്റിങ്ങിൽ മുന്നിലെത്തിയിരിക്കുന്നത്. പിന്നിലുള്ള ടൈംസ് നൗനെക്കാൾ ഇരട്ടിയോളം പോയിന്റിന്റെ വ്യത്യാസമാണ് റിപബ്ലിക്കിനുള്ളത്. ആദ്യ നാല് സ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകൾക്ക് എല്ലാം കൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗിന് അത്ര മാത്രം നേട്ടമേ ഉണ്ടാക്കാനായിട്ടുള്ളൂ. ആദ്യ ആഴ്ചയിൽ തന്നെ റിപബ്ലിക്കിന്റെ മികച്ച പ്രേക്ഷക ശ്രദ്ധ മറ്റ് ചാനലുകളുടെ ബിസിനസ്സ് ഷെയറിനെ കാര്യമായി ബാധിക്കമെന്നുറപ്പാണ്.

നിശ്ചിത സ്ഥലങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് ബാർക്കിന്റെ റേറ്റിങ്ങ് കണക്കാക്കുന്നത്. ഇതിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് നേരത്തെയും പരാതിയുണ്ടായിരന്നു.മലയാളത്തിലെ രണ്ട് ചാനലുകൾക്കെതിരേയും ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു.