- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുത്തരായ ചെൽസിയെ തകർത്ത് മാഞ്ചെസ്റ്റർ സിറ്റി; വിജയ ഗോൾ കുറിച്ച ഗബ്രിയേൽ ജെസ്യൂസ്; യുണൈറ്റഡിനെ വീഴ്ത്തി ആസ്റ്റൺ വില്ല; ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് അലാവെസ്
ലണ്ടൻ: ലീഗിലെ തുല്യശക്തികളുടെ പോരാട്ടത്തിൽ കരുത്തരായ ചെൽസിയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി വിജയിച്ചത്. സിറ്റിക്ക് വേണ്ടി 53-ാം മിനിട്ടിൽ ബ്രസീൽ താരം ഗബ്രിയേൽ ജെസ്യൂസാണ് വിജയ ഗോൾ നേടിയത്.
അതേസമയം പരാജയമറിയാതെ കുതിച്ച മാഞ്ചെസ്റ്റർ യുണൈറ്റഡ് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ആസ്റ്റൺ വില്ലയാണ് ചുവന്ന ചെകുത്താന്മാരെ അട്ടിമറിച്ചത്. ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചെസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും യുണൈറ്റഡ് തോൽവി രുചിച്ചു.
പ്രീമിയർ ലീഗിൽ പരാജയമറിയാതെയുള്ള ചെൽസിയുടെ കുതിപ്പിനാണ് സിറ്റി വിരാമമിട്ടത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്താൻ സിറ്റിക്ക് കഴിഞ്ഞു. പ്രതിരോധതാരം കാൻസലോയുടെ ഗോൾശ്രമമാണ് ഗോളിൽ കലാശിച്ചത്. ബോക്സിന് പുറത്തുനിന്ന് കാൻസലോ തൊടുത്ത പന്ത് ജെസ്യൂസിന്റെ കാലിലേക്കാണ് എത്തിയത്. പാസ് സ്വീകരിച്ച ജെസ്യൂസ് ചെൽസിയുടെ പ്രതിരോധതാരങ്ങളായ തിയാഗോ സിൽവയെയും റൂഡിഗറിനെയും കബിളിപ്പിച്ച് മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പർ മെൻഡിക്ക് ഇത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.
മത്സരമവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ 88-ാം മിനിട്ടിൽ തകർപ്പൻ ഹെഡ്ഡറിലൂടെ കോർട്നി ഹൗസാണ് വില്ലയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരം സമനിലയിലേക്ക് നീങ്ങുന്നത് കണ്ട യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർ പ്രതിരോധതാരം ഹാരി മഗ്വയറിനെ പിൻവലിച്ച് പകരം മുന്നേറ്റതാരം കവാനിയെ കൊണ്ടുവന്നു. ഇതാണ് ഗോളിന് വഴിവെച്ചത്.
ഒരു പ്രതിരോധതാരം കുറഞ്ഞതോടെ ബോക്സിനകത്ത് കിട്ടിയ അവസരം വില്ല നന്നായി ഉപയോഗിച്ചു. ഗോൾ വഴങ്ങിയതിനുപിന്നാലെ യുണൈറ്റഡിന് 90-ാം മിനിട്ടിൽ പെനാൽട്ടി ലഭിച്ചു. ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന് വേണ്ടി കിക്കെടുത്തത്. എന്നാൽ താരത്തിന്റെ ശക്തിയേറിയ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പെനാൽട്ടി എടുക്കുന്നതിൽ വിദഗ്ധരായ റൊണാൾഡോ, കവാനി എന്നിവരുണ്ടായിട്ടും ബ്രൂണോയ്ക്ക് അവസരം നൽകിയ സോൾഷ്യർക്കെതിരേ ആരാധകർ ശബ്ദമുയർത്തിത്തുടങ്ങി. വൈകാതെ മത്സരത്തിൽ യുണൈറ്റഡ് പരാജയപ്പെട്ടു. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലാക്കാൻ ചുവന്ന ചെകുത്താന്മാർക്ക് സാധിച്ചില്ല.
ജയത്തോടെ മാഞ്ചെസ്റ്റർ സിറ്റി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആറുമത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ടീമിനുള്ളത്. ഇത്രയും പോയന്റുള്ള ചെൽസി മൂന്നാം സ്ഥാനത്തും യുണൈറ്റഡ് നാലാമതും നിൽക്കുന്നു. ഗോൾവ്യത്യാസമാണ് സിറ്റിക്ക് തുണയായത്. ചെൽസിയും യുണൈറ്റഡും തോറ്റതോടെ ലിവർപൂൾ പോയന്റ് പട്ടികയിൽ ഒന്നാമത്തെത്തി.
ലാ ലിഗയിലും അട്ടിമറി പോരാട്ടത്തിന് ആരാധകർ സാക്ഷിയായി. ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് സീസണിലെ ആദ്യ പരാജയം. എതിരില്ലാത്ത ഒരു ഗോളിന് ഡീപോർട്ടീവോ അലാവെസാണ് അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. 2003-ന് ശേഷം അത്ലറ്റിക്കോയ്ക്കെതിരേ അലാവെസിന്റെ ആദ്യ വിജയമാണിത്.
മത്സരം തുടങ്ങി പത്താം മിനിറ്റിൽ വിക്ടർ ലഗ്വാർദിയ അലാവെസിനായി ലക്ഷ്യം കണ്ടു. ഈ ഗോളിന് മറുപടി നൽകാൻ അത്ലറ്റിക്കോ കിണഞ്ഞു ശ്രമിച്ചെങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ആകെ ഒരു ഷോട്ട് മാത്രമാണ് അവർ ടാർഗറ്റിലേക്ക് തൊടുത്തത്.
ഏഴ് മത്സരങ്ങളിൽ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി അത്ലറ്റിക്കോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ആറു മത്സരങ്ങളിൽ അഞ്ചു വിജയവുമായി റയൽ മാഡ്രിഡാണ് ഒന്നാമത്. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റ് മാത്രമുള്ള ബാഴ്സലോണ എട്ടാം സ്ഥാനത്താണ്.
സ്പോർട്സ് ഡെസ്ക്