ദുബൈ: ബസ് കാത്തിരിപ്പിലെ വിരസതയകറ്റാൻ ചൂട് ചായയും കാപ്പിയും ഒപ്പം ബോറഡി മാറ്റാൻ സൗജന്യ ഇന്റർനെറ്റ് സേവനം കൂടിയായാലോ? പറഞ്ഞുവരുന്നത് സ്മാർട്ട് ദുബായിലെ ബസ്റ്റ് സ്റ്റോപ്പുകളിൽ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന സേവനങ്ങളെക്കുറിച്ചാണ്. ദുബൈയിൽ നൂറോളം ബസ് സ്‌റ്റോപ്പുകളിൽ സൗജന്യ വൈഫൈ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ആർടിഎ. ഡിസംബറിന്റെ അവസാനത്തോടെ അൻപതോളം സ്മാർട്ട് ബസ് ഷെൽട്ടറുകൾ തയ്യാറാകും. ഇവിടെ യാത്രക്കാർക്ക് കോഫി കുടിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും.

ദുബൈയിലെ ഏറ്റവും തിരക്കേറിയ ബസ് സ്‌റ്റോപ്പുകളാണ് ഇതിനായി തിരഞ്ഞെടുക്കുക. സൗജന്യ വൈഫൈ ഉൾപ്പെടെ സൗകര്യത്തോടുകൂടിയതാണ് എയർകണ്ടീഷൻ ചെയ്ത സ്മാർട്ട് ഷെൽട്ടറുകൾ. നോൽ കാർഡ് വിൽപന, റീചാർജ്, മൊബൈൽഫോൺ ടോപ് അപ്, സർക്കാർ വകുപ്പുകളുടെ ബില്ലടക്കൽ, മൊബൈൽ ഫോൺ റീചാർജ് ചെയ്യൽ തുടങ്ങിയവക്ക് സ്മാർട്ട് ഷെൽട്ടറുകളിൽ സൗകര്യമുണ്ടാകും. കൂടാതെ ലഘുഭക്ഷണങ്ങൾ ലഭിക്കും.

ആർ.ടി.എയുടെ വാർത്തകളും വിവരങ്ങളും ഇലക്ട്രോണിക് ഡിസ്പ്‌ളേ ബോർഡിൽ പ്രദർശിപ്പിക്കും. കമ്പനിയാണ് സൗജന്യ വൈഫൈ സേവനം നൽകുന്നത്. ഡിസംബർ അവസാനത്തോടെ 50 ഷെൽട്ടറുകൾ നിലവിൽ വരും. ജനുവരിയോടെ ബാക്കി 50 എണ്ണവും സ്ഥാപിക്കും. സ്മാർട്ട് ഷെൽട്ടറിന്റെ മാതൃക ജൈറ്റക്‌സ് സാങ്കേതികവാരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.