ചെന്നൈ: എങ്ക വീട്ടു മാപ്പിളൈ ഷോക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു കൊണ്ടിരിക്കയാണ്. പരിപാടിക്ക് ലഭിച്ച വൻ സ്വീകാര്യത തന്നെയാണ് വിമർശനങ്ങളെയും ക്ഷണിച്ചു വരുത്തിയത്. ഇപ്പോഴിതാ ഷോക്കെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് ഗാന രചയിതാവ് വിവേക് രംഗത്തെത്തിയിരിക്കുന്നു. തുടക്കം മുതൽ വലിയ വിവാദം സൃഷ്ടിച്ച ഷോ അവസാനിച്ചതിന് ശേഷമാണ് വിവേക് രംഗത്ത് വന്നത്.

ഷോയുടെ രണ്ടാം ഭാഗം തുടങ്ങുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് വിവേക് പ്രതികരണവുമായി എത്തിയത്. 'സ്ത്രീകളുടെ മനോഭാവത്തെയും ഇഷ്ടങ്ങളെയും വളരെ മോശമായി കാണിക്കുന്ന ഷോയാണിതെന്ന് വിവേക് കുറ്റപ്പെടുത്തി. ഈ പെൺകുട്ടികൾ ആര്യയെ വിവാഹം ചെയ്യാൻ വേണ്ടി മാത്രം ജനിച്ചതാണോയെന്ന് നമ്മുക്ക് തോന്നും. നമ്മുടെ തമിഴ് പെൺകുട്ടികൾക്ക് ആത്മാഭിമാനമുണ്ട്. ദൈവത്തെ ഓർത്തെങ്കിലും ഇനി പെൺകുട്ടികളെ ചൂഷണം ചെയ്യരുത്.' വിവേക് പറഞ്ഞു.

മെർസൽ, ധ്രുവങ്ങൾ 16, 36 വയതിനിലെ, മനിതൻ, കബാലി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ചത് വിവേകാണ്. 16 പെൺകുട്ടികളാണ് ഷോയിൽ പങ്കെടുക്കാനെത്തിയത്. രണ്ടു മലയാളികളുൾപ്പെടെ 3 പേർ ഫൈനൽ റൗണ്ടിലെത്തി. എന്നാൽ ഒരാളെ തിരഞ്ഞെടുത്താൽ മറ്റു മൂന്നു പേർക്കും വിഷമമാകും എന്ന് ചൂണ്ടികാട്ടി ആര്യ ആരെയും തിരഞ്ഞെടുത്തില്ല. തീരുമാനം പിന്നീടറിയിക്കാമെന്നും പറഞ്ഞു.