തിരുവനന്തപുരം: സിനിമ പലപ്പോഴും കുശുമ്പിന്റെയും കുന്നായ്മയുടെയും ആസൂത്രിതമായ പാരവെപ്പിന്റെയും കേന്ദ്രമാണെന്ന് അറിയാത്തവരില്ല. പക്ഷേ ആർ.എസ് വിമൽ എന്ന നവാഗത സംവിധയകൻ അനുഭവിച്ചിടത്തോളം കഷ്ടപ്പാടും കണ്ണീരുമൊഴുക്കിയവർ വേറെയുണ്ടോയെന്ന് സംശയമാണ്. ഇപ്പോൾ തീയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന 'എന്ന് നിന്റെ മൊയ്തീൻ' സിനമയുടെ സംവിധായകൻ വിമൽ ഒരു തെറ്റും ചെയ്യാതെ അത്രത്തോളം അനുഭവിച്ച് കഴിഞ്ഞു. ഏഴുവർഷത്തോളം കഷ്ടപ്പെട്ട് താൻ എടുത്ത സിനിമ മുടക്കാൻ പ്രമുഖരായ പലരും ശ്രമം നടത്തിയിരുന്നതായി വിമലിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലടക്കം പുതിയ വിവാദങ്ങൾക്ക് തരികൊളുത്തിയിട്ടുണ്ട്.

മൊയ്തീനിൽ മഴയായി പെയ്യുന്നത് തന്റെ കണ്ണീരാണെന്നാണ് സംവിധായകൻ കെ.എസ് വിമൽ പല അഭിമുഖങ്ങളിലും പറയുന്നത്. 'കോഴിക്കോട്ടെ ചില പ്രമുഖർ കാഞ്ചനമാലയെ തെറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ കേസുകൊടുപ്പിച്ചു. അവർ ഒട്ടേറെ ദുരന്തങ്ങൾ അനുഭവിച്ച സ്ത്രീയാണ്. വലിയൊരു കുടുംബത്തിൽ ജനിച്ചുവളർന്നിട്ടുപോലും പ്രണയത്തിനുവേണ്ടി അവരനുഭവിച്ച വ്യഥകൾ വളരെ വലുതാണ്. 73 വയസ്സുള്ള ആ അമ്മയെ ആരാണ് ഇതിലേക്ക് തള്ളിവിട്ടതെന്ന് എനിക്കറിയില്ല. ആരായാലും എന്നെയല്ല അവർ ദ്രോഹിച്ചത് അമ്മയെ തന്നെയാണ്. അവരെക്കോണ്ട് അഞ്ചുകോടി ചോദിപ്പിച്ചു. എന്നെ കോടതി കയറ്റി. എനിക്ക് അനുകൂലമായാണ് കോടതിവിധി വന്നത്. ആരൊക്കെയോ ചേർന്ന് അവരെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുകയായിരുന്നു. അവർ അത്രക്ക് പാവമായതുകൊണ്ട് സംഭവിച്ചുപോയതാണ്. അവരെ വെറുതെ വിടണമെന്നേ എനിക്ക് പറയാനുള്ളൂ.ഇനി ഞാൻ ഇതുസംബന്ധിച്ച ഒരു വിവാദത്തിനുമില്ല' സംവിധായകൻ കെ.എസ് വിമൽ കഴിഞ്ഞ ദിവസം 'മാതൃഭൂമിക്ക്' നൽകിയ അഭിമുഖത്തിലെ വാചകങ്ങളാണിത്.

എന്നാൽ ഇതിന്റെ എത്രയോ അപ്പുറമാണ് വിമൽ ഈ സിനിമക്കായി സഹിക്കേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ആറേഴൂവർഷമായി മറ്റെല്ലാ ജോലിയും ഉപേക്ഷിച്ച് ഈ സിനിമ മാത്രം ലക്ഷ്യമിട്ട് ജീവിക്കയായിരുന്ന വിമൽ. ഒരു ചാനലിൽ ഉണ്ടായിരുന്ന ജോലിപോലും കളഞ്ഞാണ് അദ്ദേഹം പടം പിടിക്കാനത്തെിയത്. അതുകൊണ്ടു തന്നെ പലപ്പോഴും കടുത്ത സാമ്പത്തിക ബദ്ധിമുട്ടുമുണ്ടായിരുന്നു. പല സമയത്തും സങ്കടവും സമ്മർദവും താങ്ങാനാവതെ കണ്ണുനിറയുന്ന വിമലിനെ തങ്ങൾ കണ്ടിട്ടുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഈ സിനിമ പുറത്തിറങ്ങിയില്ലായിരുന്നെങ്കിൽ അദ്ദേഹം ആത്മഹത്യചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ടാവുമായിരുന്നെന്നും ചാനലിലെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർ ഈ അനശ്വര പ്രണയകഥ വെള്ളത്തിരയിൽ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചിരുന്നു. നടി കാവ്യമാധവൻ കാഞ്ചനയായി അഭിനയിക്കാൻ ആഗ്രഹിക്കുന്നതെന്ന് പലവട്ടം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാവ്യ ഈ വേഷം തനിക്കല്ലെന്ന് അറിഞ്ഞിട്ടും പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ അനശ്വര പ്രണയം ഐ.വി ശശി സിനിമയാക്കുന്നുവെന്ന് വർഷങ്ങൾക്കുമുമ്പ് കേട്ട വാർത്തയാണ്. പിന്നീട് പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഈ ചിത്രം എടുക്കുന്നു എന്ന് കേൾക്കയുണ്ടായി. ഇതേ സമയത്ത് മൊയ്തിന്റെയും കാഞ്ചനമാലയുടെയും ജീവിതം പുസ്തമാക്കിയ പത്രപ്രവർത്തകനും സിനിമക്കായി ശ്രമിച്ചിരുന്നു. എന്നാൽ അവർക്കാർക്കും സാധിക്കാത്തത് നവാഗതനായ ആർ .എസ് വിമലിന് സാധിച്ചു.

വിമൽ ഈ വിഷയത്തിൽ 'ജലം കൊണ്ട് മുറിവേറ്റവൾ ' എന്ന ഡോക്യുമെന്റി തയാറാക്കുകയും അത് പൃഥ്വി രാജിന്റെ കാണിച്ച് സിനിമക്കായി ഡേറ്റ് വാങ്ങിക്കയും ചെയ്ത് ഒരു പടി മുന്നിലത്തെിയപ്പോഴാണ് മറ്റുള്ളവർ ഞെട്ടിയത്. ഡോക്യുമെന്റി കണ്ടയുടനെ വിമലിൽനിന്ന് നമ്പർ വാങ്ങി പൃഥ്വി രാജ നേരിട്ട് കാഞ്ചനേടത്തിയെ വിളിക്കയായിരുന്നു. അപ്പോൾ മാത്രമാണ് ഈ സിനിമ സംഭവിക്കുമെന്ന് വിമലിന് ഉറപ്പാവുന്നത്. താൻ മൊയ്തീനായി അഭിനയിച്ചാൽ മാത്രമേ താൻ ഇത് സിനിമയാക്കാൻ അനുവദിക്കൂവെന്നാണ് അന്ന് കാഞ്ചനേടത്തി സന്തോഷത്തോടെ പറഞ്ഞതെന്ന് പൃഥ്വിരാജ് തന്നെ ഈയിടെ പറയുകയുണ്ടായി.

പക്ഷെ സിനിമ ഷൂട്ടിങ് ആരംഭിച്ചതുമുതൽ പ്രശ്‌നങ്ങളും തുടങ്ങിയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കൊതിക്കെറുവുകാർ അപ്പോഴും വ്യാജ പ്രചാരണങ്ങളുമായി രംഗത്തത്തെി. മുക്കത്തുകാരുടെ കഥ പറയാൻ എന്തിന് തിരുവനന്തപുരത്തുകാർ എന്നുപോലും പ്രാദേശിക വാദം പറഞ്ഞുപരത്തി. കാഞ്ചനമാലയുടെ കുടുംബത്തെ വരെ ഇടപെടീച്ച് ചിത്രത്തിനെതിരെ രംഗത്തുവന്നു. ചിത്രം പുറത്തുവന്നാൽ തങ്ങൾക്കത് അപമാനകരമാവും എന്നായിരുന്നു കുടുംബത്തിലെ ചിലരുടെ നിലപാട്. തന്റെ കുടുംബത്തിനും സഹോദരങ്ങൾക്കുമെതിരെ മോശം പരാമർശങ്ങളുള്ള ചിത്രത്തെ അംഗീകരിക്കാൻ കഴിയില്ലെന്നെ് കാഞ്ചനയും വ്യക്തമാക്കിയിരുന്നു. ചിത്രം പുറത്തിറങ്ങിയാൽ താൻ ആത്മഹത്യ ചെയ്യണ്ടിവരുമെന്നുവരെ അവർ പറഞ്ഞു. തുടർന്ന് കേസുവന്നതോടെ വിമൽ ആകെ തകരുകയും ചെയ്തു.

എന്നാൽ ബി. പി മൊയ്തീന്റെ സഹോദരൻ ബി.പി റഷീദ് ഉൾപ്പെടെയുള്ളവരുടെ ശക്തമായ പിന്തുണ കൊണ്ടാണ് ചിത്രം പൂർത്തീകരിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞത്. ചിത്രത്തിൽ ആരെയും അപമാനിക്കുന്ന പരാമർശങ്ങൾ ഇല്ലന്നൊണ് റഷീദിന്റെ അഭിപ്രായം. സാഹചര്യങ്ങളാണ് കഥയിൽ വില്ലൻ വേഷം കെട്ടുന്നതെന്നും തന്റെ പിതാവിനെ ചിത്രം മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയെക്കുറിച്ച് ഒരു പരാതിയും തങ്ങൾക്കില്‌ളെന്നെും റഷീദ് വ്യക്തമാക്കി.

ചിത്രം പുറത്തിറങ്ങിയപ്പോൾ ഈ പരാതിയിൽ ഒരു കഴമ്പുമിലെന്നും വ്യക്തമാവുയാണ്്. അന്നത്തെ സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ചു പ്രവർത്തിച്ചു എന്നതൊഴിച്ചാൽ കൊടും വില്ലന്മാരായിട്ടല്ല, കാഞ്ചനയുടെ ബന്ധക്കളെയും, മൊയ്തീന്റെ പിതാവിനെയും ചിത്രീകരിച്ചിരിക്കുന്നത്. മൊയ്തീൻ കാഞ്ചന പ്രണയത്തിലെ വസ്തുതകളും മൊയ്തീന്റെ സാമൂഹിക പ്രവർത്തനവുമൊക്കെയെടുത്താൽ നൂറു സിനിമക്കുള്ള വകുപ്പുണ്ടെന്നും അതിനാൽ അതിലെ പ്രണയം എന്ന ഘടകംമാത്രമാണ് തങ്ങൾ എടുത്തതെന്നുമാണ് സംവിധായകനും നായകനും വിശദരിക്കുന്നത്.

മൊയ്തീനേക്കാൾ ചിത്രത്തിൽ കൈയടി കിട്ടുന്നതും കാഞ്ചനമാലക്കാണ്. മുക്കത്തുകാരാവട്ടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കഥ ആവേശത്തോടെയാണ് എറ്റെടുത്തത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതായതോടെ മുക്കത്ത് ചിത്രം പ്രദർശിപ്പിക്കുന്ന രണ്ടു തീയറ്ററുകളിൽ ഒന്നായ അഭിലാഷ് അടച്ചിടേണ്ട അവസ്ഥവരെ വന്നു. ഇതോടെ പരദൂഷണലോബിക്ക് മിണ്ടാൻ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്. മുക്കത്തിറങ്ങി ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞാൽ അടികിട്ടുമെന്ന അവസ്ഥയാണ്് ഇപ്പോൾ. കേസും വക്കാണവും സൃഷ്ടിച്ച പ്രശ്‌നങ്ങൾ കൊണ്ടാവണം മൊയ്തീൻ മരിച്ചശേഷം സാമൂഹിക പ്രവർത്തനവുമായി ജീവിക്കുന്ന കാഞ്ചനമാലയുടെ ജീവിതത്തിലേക്കൊന്നും പോവാതെ വിമൽ ചിത്രം അവസാനിപ്പിച്ചത്.

എന്നാലും കാഞ്ചനേടത്തിക്ക് പൂർണമായും ഈ സിനിമയോടുള്ള പരിഭവം മാറിയിട്ടില്ല. പടം കാണാൻ അവർ ഇതുവരെ എത്തിയിട്ടില്ല. പക്ഷേ വിമൽ അതിനെയും ഇങ്ങനെയാണ് കാണുന്നത്. 'അവർക്ക് ഒരിക്കലും ഈ ചിത്രം കാണാൻ കഴിയില്ല. ഡോക്യുമെന്റിക്കായി കഥ പറയുമ്പോൾതന്നെ പലപ്പോഴും അവർ കരയുകയായിരുന്നു.കാരണം അവർ മൊയ്തീൻെ അത്രമേൽ സ്‌നേഹിക്കുന്നു. ഈ അനശ്വര പ്രണയത്തെ ലോകമെമ്പാടും എത്തിക്കാൻ കഴിഞ്ഞുവെന്ന ഒരേ ഒരു സന്തോഷം മാത്രം എനിക്കുമതി'.