വാഷിംങ്ടൺ ഡിസി: കേരളത്തിൽ റെക്കോർഡ് കളക്ഷൻ നേടി മുന്നേറുന്ന എന്ന് നിന്റെ മൊയ്തീൻ കാനഡയിലെ തിയേറ്ററുകളിൽ ഒമ്പതിന് എത്തുന്നു. അടൂർ എസ്. വിമലിന്റെ തിരക്കഥയിലും സംവിധാനത്തിലും വാർത്തിറക്കിയ മലയാളത്തിലെ മിഴിവുറ്റ ചിത്രം എന്ന് പ്രേക്ഷകരും മാദ്ധ്യമങ്ങളും ഒരു പോലെ വിലയിരുത്തിയ പ്രണയ കാവ്യമാണ് ഈ ചിത്രം.

മഴയുടെയും സംഗീതത്തിന്റെയും സമസ്ത ഭാവങ്ങൾ ഒട്ടും ചോരാതെ അതിമനോഹരമായി ജോമോൻ ടി. ജോണിന്റെ ക്യാമറയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആസ്വാദനത്തിന്റെ ഉയരങ്ങളിൽ എത്തിക്കുന്നു. പൃഥ്വിരാജിന്റെയും പാർവ്വതി മേനോന്റെയും ഇന്നേവരെ ഇറങ്ങിയ ചിത്രങ്ങളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് എന്നും എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തെ വിശേഷിപ്പിക്കാം.

മൂന്നാം വാരത്തിലും നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം നടത്തുന്ന ഈ ചിത്രം കേരളത്തിന് പുറത്ത് ഇംഗ്ലീഷ് സബ് ടൈറ്റിലുകളോട് ആണ് ഇറക്കിയിരിക്കുന്നത്.

ഈ സിനിമയുടെ നിർമ്മിതാക്കൾ അമേരിക്കൻ മലയാളികളായ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാജി തോമസ് എന്നിവരാണ്. ഇതിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ. സുരേഷ് കുമാർ ആണ്. ഈ സിനിമയിലെ ഒരു ഹിറ്റ് ഗാനമായ 'ശാരദാംബരം' എന്നു തുടങ്ങുന്ന ഗാനം അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡിലെ വിദ്യാർത്ഥിനിയായ ശില്പാ രാജ്, പി. ജയചന്ദ്രന്റെ കൂടെ പാടിയിരിക്കുന്നു. ഈ ഗാനം ഇന്ന് കേരളത്തിലെ കോളേജ് ക്യാമ്പസുകളിലെ പ്രിയമുള്ള റിങ്ങ് ടോണായി ഇതിനോടകം മാറിക്കഴിഞ്ഞു.

1960 മുതൽ 80 വരെയുള്ള കാലഘട്ടങ്ങളിൽ കോഴിക്കോട്ട് നടന്ന തീവ്രമായ ഒരു പ്രണയ കഥയെ ആസ്പദമാക്കി രചിച്ച ഈ ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകർ നെഞ്ചിലേറ്റി മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചു.