തിരുവനന്തപുരം: സിനിമ ജനപ്രിയമാണെങ്കിൽ, തീയറ്ററിൽ നിന്നും പണം വാരിയ പടമാണെങ്കിൽ അതിന് അവാർഡ് നൽകേണ്ട എന്നാണോ തീരുമാനം? അടുത്തകാലത്തായി മലയാളത്തിൽ ഏറ്റവും ഹിറ്റാകുകയും നിരൂപക പ്രശംസ നേടുകയും ചെയത് പൃഥ്വീരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ 20ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും പിൻവലിച്ചു. ഇതോടെ ഐഎഫ്എഫ്‌കെ തുടങ്ങും മുമ്പ് തന്നെ വിവാദങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

മത്സര വിഭാഗത്തിൽ പരിഗണിക്കുമെന്ന് പറഞ്ഞ് വാങ്ങിയ ചിത്രം മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് സംവിധായകൻ ചിത്രം പിൻവലിച്ചത്. മത്സര വിഭാഗത്തിൽ നിന്നനും മാറ്റി മറ്റൊരു വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് സംവിധായകൻ ആർഎസ് വിമൽ വ്യക്തമാക്കി. ചിത്രം 'മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ പ്രദർശിപ്പിക്കാനാണ് അക്കാദമി തീരുമാനിച്ചിരുന്നത്.

'മലയാള സിനിമ ഇന്ന്' വിഭാഗത്തിലേക്ക് ഏഴ് മലയാള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ഐൻ, ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികൾ, സലിം അഹമ്മദിന്റെ പത്തേമാരി, സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി, വി.കെ. പ്രകാശിന്റെ നിർണായകം, ആർ. ഹരികുമാറിന്റെ കാറ്റും മഴയും എന്നിവയാണ് മറ്റു ചിത്രങ്ങൾ. ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ', സതീഷ് ബാബുസേനന്റെ 'ചായംപൂശിയ വീട്' എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.

മാലതി സഹായ് അധ്യക്ഷയും എം.എഫ് തോമസ്, ചന്ദ്രശേഖർ, മുദ്ര ശശി, സുധീഷ് കാമത്ത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഡിസംബർ നാലു മുതൽ 11 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ ഡോ.ബിജുവും രംഗത്തെത്തിയിട്ടുണ്ട്. പതിവു ശൈലിയിൽ തന്നെ മേളയെ രൂക്ഷമായി വിമർശിച്ച് ഡോ. ബിജു രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് ഡോ. ബിജുവിന്റെ വിമർശനം. ചലച്ചിത്ര മേളയുടെ ലക്ഷ്യം എന്താണ് എന്ന പ്രാഥമിക ബോധ്യം പോലും ഇല്ലാത്ത തരത്തിലാണ് ചില സിനിമകൾ തെരഞ്ഞെടുത്തിട്ടുള്ളത്. ചലച്ചിത്ര മേളകളുടെ ലക്ഷ്യം വിനോദ സിനിമകളുടെ പ്രദർശനമല്ല. ചെറുപ്പക്കാരുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞാണ് ഇത്തവണ ചില വിനോദസിനിമകൾക്ക് ഇടം നൽകിയിരിക്കുന്നതെന്ന് ബിജു പറഞ്ഞു. മേളയിൽ പ്രദർശിപ്പിക്കുന്നതിന് മുൻപ് വലിയ ചിറകുള്ള പക്ഷികൾ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ബിജു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വലിയ ചിറകുള്ള പക്ഷികൾ കേരളാ ചലച്ചിത്ര മേളയിൽ ന്യൂ മലയാളം സിനിമയിൽ പ്രദർശിപ്പിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടു . ചിത്രം...

Posted by Dr.Biju on Sunday, October 11, 2015