സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശ്രീകുമാർ മേനോൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം ഒടിയനായി. ഡിസംബർ 14നാണ് ഒടിയൻ തിയേറ്ററുകളിൽ എത്തുന്നത്. അതിനിടയിൽ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നായകൻ മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഗാനം റിലീസ് ചെയ്തത്.

എല്ലാവർക്കും ഉണ്ടാകും സന്തോഷം മുടി അഴിച്ചാടുന്ന ചില രാത്രികൾ എന്ന വിവരണത്തോടെയാണ് മോഹൻലാൽ ഗാനം ആലപിക്കുന്നത്. ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് എന്ന് തുടങ്ങുന്ന പ്രഭ വർമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്. ഗാനത്തിന്റെ വരികൾ അടങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ പങ്കുവച്ചത്.

നേരത്തെ ചിത്രത്തിലെ മറ്റൊരു പാട്ടും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനവും പ്രേകഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ ആണ് ഈണം പകർന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയ ഘോഷലും ചേർന്ന് ആലപിച്ചതാണ് 'കൊണ്ടോരാം' എന്ന ഗാനം.

ഒരു മലയാളചിത്രത്തിനും ഇതേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പൻ റിലീസിനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത്. ഫ്രാൻസ്, ഉക്രെയ്ൻ തുടങ്ങി ഇന്നേവരെ ഒരു മലയാള ചിത്രവും ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളിൽ ഒടിയൻ ഡിസംബർ 14ന് പ്രദർശനത്തിനെത്തും.