- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ വിവിധ പട്ടണങ്ങളിൽ ഫ്ലാറ്റും വീടും കെട്ടിടങ്ങളും; വലിയ സ്ഥാപനങ്ങളുടെ ഓഹരികൾ; മാസശമ്പളം മാത്രം ഒന്നരലക്ഷം വരെ; എന്നിട്ടും കൈക്കൂലി; മലിനീകരണ നിയന്ത്രണബോർഡിലെ എഞ്ചിനിയർമാർക്ക് വിനയായത് പണത്തോടുള്ള ആർത്തി തന്നെ
കോട്ടയം: കൈക്കൂലി കേസിൽ പിടിയിലായ മലിനീകരണനിയന്ത്രണ ബോർഡിലെ രണ്ട് എൻജിനിയർമാർക്ക് വിനയായത് പണത്തോടുള്ള ആർത്തി തന്നെ. മാസശമ്പളം മാത്രം ഒന്നരലക്ഷത്തോളം കൈപ്പറ്റുന്ന രണ്ട് എഞ്ചിനിയർമാരാണ് കൈക്കൂലിക്കേസിൽ പിടിയിലായത്.കേരളത്തിലെ വിവിധ പട്ടണങ്ങളിൽ ഫ്ലാറ്റും വീടും കെട്ടിടങ്ങളും. വലിയ സ്ഥാപനങ്ങളുടെ ഓഹരികൾ എന്നിങ്ങനെ നീളുന്നു കോട്ടയത്തെ എൻജിനിയർ എ.എം. ഹാരിസിന്റെയുംം തിരുവനന്തപുരത്തെ സീനിയർ എൻജിനിയർ ജോസ്‌മോന്റെയും ആർഭാടം.
25,000 രൂപ അടിസ്ഥാനനിരക്കായി ഇവർ ദിവസേന വാങ്ങിക്കൂട്ടുന്ന തുക തന്നെയാണ് ഈ 'സമ്പാദ്യ'ത്തിന് പിന്നിലെന്ന് ദുരനുഭവമുണ്ടായ സംരംഭകർ പറയുന്നു.1974-ലെ ജലമലിനീകരണ നിയന്ത്രണനിയമം നടപ്പാക്കുന്നതിന് പ്രത്യേക ബോർഡ് രൂപവത്കരിച്ച സംസ്ഥാനത്ത് മീൻതട്ട് മുതൽ വൻകിട ഫാക്ടറികൾക്കുവരെ മലിനീകരണ നിയന്ത്രണബോർഡ് എൻജിനിയറുടെ സാക്ഷ്യപത്രം അനിവാര്യം. കോടികളുമായി പുതിയ സംരംഭം തുടങ്ങുന്നവരുടെയും ജീവിതസമ്പാദ്യം മുടക്കി ഒരു പുതിയ വഴി കണ്ടെത്തുന്നവരുടെയും മൂലധനത്തിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ കണ്ണുവെക്കുന്നത്.
പ്രതികരിക്കണമെന്നുണ്ടെങ്കിലും പദ്ധതി പൂർത്തിയാക്കുന്നതിനായി പലരും പ്രതിഷേധം അറിയിക്കാറില്ല.ഇക്കൂട്ടർ പിന്നീടും ഉപദ്രവിക്കുമെന്നുള്ള ഭയം കൊണ്ടാണെന്നും പലരും പറയുന്നു.ഒരു ഫ്ലാറ്റ് കെട്ടി താമസിക്കാൻ നൽകണമെങ്കിൽ മാലിന്യപ്ലാന്റിനും ജനറേറ്റർ യൂണിറ്റിനുമൊക്കെ ബോർഡിന്റെ അനുമതി വേണം. ഇടവേളകളിൽ ഇത് പരിശോധിക്കുകയും വേണം. ഇത് നന്നായി നടന്നാലും ഇല്ലെങ്കിലും കാശ് വാങ്ങാൻ പഴുതുണ്ട്. കുറവുണ്ടെങ്കിൽ അത് പരിഹരിച്ച് സംരംഭം നിലനിർത്തുകയാണ് ചെയ്യേണ്ടതെന്ന് ബോർഡിലെ മുൻ ജീവനക്കാർ തന്നെ പറയുന്നുയ
കൈക്കൂലിക്കേസിൽ പ്രതികളായ മലിനീകരണനിയന്ത്രണ ബോർഡ് എൻജിനിയർമാരുടെ കോടികളുടെ സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലൻസ് എറണാകുളം പ്രത്യേക യൂണിറ്റ് അന്വേഷണം നടത്തും. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം ഓഫീസിലെ എൻജിനിയർ എ.എ. ഹാരിസ്, രണ്ടാംപ്രതി തിരുവനന്തപുരം ഓഫീസിലെ സീനിയർ എൻജിനിയർ ജോസ് മോൻ എന്നിവർക്കുനേരെയാണ് അന്വേഷണം. റിമാൻഡിലുള്ള ഹാരിസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഇയാളുടെ ആലുവയിലെ താമസസ്ഥലത്തുനിന്ന് ഒളിപ്പിച്ചുവെച്ചനിലയിൽ 20 ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരത്തും പന്തളത്തും വീടും സ്ഥലവും ആലുവയിൽ ആഡംബര ഫ്ലാറ്റും കണ്ടെത്തിയിരുന്നു.പാലാ പ്രവിത്താനത്തുള്ള സ്വകാര്യ ടയർ റീട്രെഡിങ് കമ്പനിയുടെ കാലാവധി അവസാനിച്ച നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കിനൽകുന്നതിന് കമ്പനിയുടമയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.
ഇതേ ഓഫീസിലെത്തന്നെ മുൻ എൻവയോൺമെന്റൽ എൻജിനിയറായിരുന്ന ജോസ് മോൻ കമ്പനിക്ക് എതിരായുള്ള ശബ്ദമലിനീകരണപരാതിയുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കൊല്ലം ഏഴുകോണിലുള്ള വീട്ടിലെ റെയ്ഡിനുശേഷം, തിരുവനന്തപുരത്ത് സീനിയർ എൻജിനിയറായ ജോസ് മോനെക്കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ല. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടുലക്ഷത്തോളം രൂപയും വിദേശരാജ്യങ്ങളുടെ കറൻസികളും സ്വർണാഭരണങ്ങൾ, ഓഹരിനിക്ഷേപരേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു.
സംഭവത്തിൽ കിഴക്കൻ മേഖല വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടുനൽകി. ഇതിന്റെയടിസ്ഥാനത്തിൽ എൻജിനിയർമാരുടെ അമിത സ്വത്ത്സമ്പാദനം സംബന്ധിച്ച് വിജിലൻസ് എറണാകുളം പ്രത്യേക യൂണിറ്റും കൈക്കൂലിക്കേസ് സംബന്ധിച്ച് വിജിലൻസ് കോട്ടയം യൂണിറ്റും തുടരന്വേഷണം നടത്തും.
മറുനാടന് മലയാളി ബ്യൂറോ