ടൊവീനോ ചിത്രം എന്റെ ഉമ്മാന്റെ പേര് വെള്ളിയാഴ്‌ച്ച തിയേറ്ററുകളിലെത്താനൊരുങ്ങു കയാണ്. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായി ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.ഈ വിവരം ടൊവീനോ തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്. രസകരമായ ഒരു കുറിപ്പിന് ഒപ്പമാണ് ടൊവീനോ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

'അങ്ങനെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീൻ യു സർട്ടിഫിക്കറ്റ്. ഈ പടത്തിലും ഉമ്മ ഉണ്ട്. പക്ഷെ 'ചുംബനം' എന്നർത്ഥം വരുന്ന 'ഉമ്മ' അല്ല , 'അമ്മ' എന്നർത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ. ഇനി കുടുംബപ്രേക്ഷകർക്കു ധൈര്യായിട്ട് വരാല്ലോ? അപ്പൊ ഡേറ്റ് മറക്കണ്ട, ഡിസംബർ 21' എന്നാണ് ടൊവീനോ ഫേസ്‌ബുക്കിൽ കുറിച്ചത്. ടൊവീനോയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളുടെ പേരിൽ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ രസികൻ വാക്കുകളെന്ന് ഉറപ്പ്.

നവാഗതനായ ജോസ് സെബാസ്റ്റ്യൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ചിത്രത്തിൽ ഉമ്മ ആയിഷയായി ഉർവശി എത്തുന്നു. 'അമ്മ മകൻ ബന്ധത്തിനു ഊന്നൽ കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ പറയുന്നു. ഹമീദിന്റെ ജീവിതയാത്രയാണു കഥ. എഴുത്തു കഴിഞ്ഞപ്പോൾ തന്നെ ഉർവശി ചേച്ചിയുടെ മുഖം ആയിരുന്നു ഉമ്മയുടെ കഥാപാത്രത്തിനായി മുമ്പിൽ വന്നതെന്നും സംവിധായകൻ പറയുന്നു. പുതുമുഖം സായിപ്രിയയാണു നായിക.

ഹരീഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആന്റോ ജോസഫ്, സി.ആർ. സലിം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയ്ക്ക് സംഗീതം പകരുന്നത് ഗോപിസുന്ദറാണ്, എഡിറ്റിങ് മഹേഷ് നാരായണൻ, ആർട് സന്തോഷ് നാരായണൻ. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ആണ് ക്യാമറ.