ന്യൂഡൽഹി: പരിസ്ഥിതിമലിനീകരണം തടയാൻ ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കും. 1986ലെ പരിസ്ഥിതിസംരക്ഷണനിയമം, 2010ലെ ഹരിത ട്രിബ്യൂണൽ നിയമം എന്നിവയാണ് ഭേദഗതിചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം വിപ്ലവകരമാകുമെന്നാണ് വിലയിരുത്തൽ. ഒട്ടേറെ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ 'പരിസ്ഥിതിനിയമ(ഭേദഗതി) ബിൽ' പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.

വായു, വെള്ളം, ഭൂമി എന്നിവ മലിനമാക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും ഒരുലക്ഷം രൂപമുതൽ രണ്ടുകോടി രൂപവരെ പിഴയും പരമാവധി മൂന്നുകൊല്ലം തടവും ശിക്ഷനൽകാനാണ് നിർദ്ദേശം ഈ ബില്ലിലുണ്ടാകും. വസ്തുവകകൾ സർക്കാറിലേക്ക് കണ്ടുകെട്ടാനും ശുപാർശയുണ്ട്. പരിസ്ഥിതിമലിനീകരണത്തിന്റെ തോത് കണക്കാക്കാൻ കേന്ദ്ര, സംസ്ഥാന തലങ്ങളിൽ വിദഗ്ധസമിതി(അഥോറിറ്റി) രൂപവത്കരിക്കും. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാവും പിഴയും ശിക്ഷയും തീരുമാനിക്കുക. മലിനീകരണം എത്താവുന്ന ദൂരം, അതുണ്ടാക്കുന്ന നാശനഷ്ടം, ജീവജാലങ്ങൾ, നാശത്തിന്റെ തോത് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിലവിലെ നിർവചനങ്ങളെല്ലാം മാറ്റും.

സ്ഥാപനത്തിൽനിന്നോ വ്യക്തിയിൽനിന്നോ ഈടാക്കുന്ന പിഴ പ്രത്യേക നിധി രൂപവത്കരിച്ച് അതിലായിരിക്കും നിക്ഷേപിക്കുക. ഈ നിധിയിലെ നിക്ഷേപം പരിസ്ഥിതി മെച്ചപ്പെടുത്താനും മലിനീകരണം നിയന്ത്രിക്കാനുമുള്ള ആവശ്യങ്ങൾക്കേ വിനിയോഗിക്കാൻപാടുള്ളൂവെന്ന് ബില്ലിൽ നിർദ്ദേശമുണ്ട്.