- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ പാർട്ടി പറയുന്നത് അണികളാകെ അംഗീകരിക്കും'; കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും മന്ത്രി ഇപി ജയരാജൻ
കണ്ണൂർ: നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇപി ജയരാജൻ. കമ്മൂണിസ്റ്റ് പാർട്ടി സംവിധാനത്തിൽ നേതൃത്വത്തിന്റെ തീരുമാനം താഴെ തട്ടിലുള്ളവർ അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ. വിഷയം പാർട്ടി ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി സീറ്റിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് രൂക്ഷമായ സാഹചര്യത്തിലാണ് ഇപി ജയരാജന്റെ പ്രതികരണം. ‘ സാധാരണഗതിയിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം ഉണ്ടായതെന്ന് പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ പാർട്ടി പറയുന്നത് പാർട്ടി അണികളാകെ അംഗീകരിക്കും,' ഇപി ജയരാജൻ പറഞ്ഞു.
ഇതിനിടെ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വുമായുള്ള അഭിപ്രായ വ്യത്യാസം രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞിരുന്നു. അഭിപ്രായ വ്യത്യാസം കണക്കിലെടുത്ത് താൽക്കാലികമായി സ്ഥാനാർത്ഥി പ്രഖ്യാപനം മാറ്റിവെച്ചു. സിപിഎമുമായി ചർച്ച ചെയ്ത ശേഷം വിഷയത്തിൽ പരിഹാരമുണ്ടാവുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
‘ സിപിഐഎം നേതൃത്വവുമായി ചർച്ച ചെയ്ത പിന്നീട് തീരുമാനിക്കും. എൽഡിഎഫിലായാലും യുഡിഎഫിലായാലും സീറ്റ് സംബന്ധിച്ച് തർക്കം സ്വാഭാവികമായി ഉണ്ടാവാറുണ്ട്. അത് രമ്യമായി പരിഹരിക്കാനാവും,' ജോസ് കെ മാണി പറഞ്ഞു. വിഷയത്തിൽ സിപിഎം നേതൃത്വവും ജോസ് കെ മാണിയും ഇന്ന് ചർച്ച നടത്തുന്നുണ്ട്. പക്ഷെ ഔദ്യോഗികമായി സീറ്റ് തിരികെ വേണമെന്ന കാര്യം സിപിഎം ഉന്നയിക്കില്ല. ജോസ് കെ മാണി സീറ്റ് തിരികെ നൽകാൻ സിപിഎം സീറ്റ് ഏറ്റെടുക്കുമെന്നും പകരം സീറ്റ് വെച്ച് മാറൽ ഉണ്ടാവില്ലെന്നുമാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ