തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം ലക്ഷ്യമിടുന്നത് അട്ടിമറിയാണ്. സഹായിക്കാൻ കെവി തോമസ് ഉണ്ടാകുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം തോമസ് മാഷ് അതിനിർണ്ണായകമാകും. എങ്കിലും ജയിക്കണമെങ്കിൽ എല്ലാവരേയും ഒരുമിപ്പിച്ച് മുമ്പോട്ട് പോകണം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരളത്തിൽ ഇല്ല. ഇരുവരും അമേരിക്കയിലാണ്. പോളിറ്റ് ബ്യൂറോക്കാരായ മറ്റ് രണ്ടു പേരുണ്ട്. വിജയരാഘവും എംഎ ബേബിയും. പക്ഷേ തൃക്കാക്കരയിൽ ഇടത് കൺവീനറായ ഇപിക്കാണ് ചുമതല. ഇതിൽ നിന്ന് കേരളാ സിപിഎമ്മിലെ മൂന്നാമൻ വിജയരാഘവനാണെന്ന് കൂടി പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

99 സീറ്റാണ് നിയമസഭയിൽ ഇടതുപക്ഷത്തിനുള്ളത്. തൃക്കാക്കരയിൽ വലതു കോട്ടയും. ഈ കോട്ട തകർക്കാനുള്ള തന്ത്രങ്ങൾ കരുതലോടെ എടുക്കേണ്ട ചുമതലയാണ് ഇപിക്കുള്ളത്. കോൺഗ്രസിലും യുഡിഎഫിലും വൻ വിള്ളലുണ്ടാക്കി ജയിച്ചു കയറുകയെന്ന ഉത്തരവാദിത്തം. മുസ്ലിം ലീഗിനെ ഇടതുപക്ഷത്ത് എത്തിക്കുമെന്ന് പ്രഖ്യാപിച്ച് ചില നാടകീയ നീക്കങ്ങൾ ഇപി നടത്തി. ഇത് ലീഗ് അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കി. എതിർ കക്ഷികളിലേക്ക് ഇങ്ങനെ വേഗത്തിൽ പടർന്ന് കയറാനുള്ള സൗമ്യമുള്ള ചിരി ഇപിക്കുണ്ട്. ഇത് തൃക്കാക്കരയിലും വർക്ക് ചെയ്താൽ അട്ടിമറി സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. അതുറപ്പിച്ച ശേഷമേ സ്ഥാനാർത്ഥിയിൽ സിപിഎം തീരുമാനം എടുക്കൂ.

സി പി എമ്മിൽ നിന്ന് സ്ഥാനാർത്ഥി ആരാകുമെന്നതിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഉമ തോമസ് ആണ് സ്ഥാനാർത്ഥി എങ്കിൽ ഒരു വനിതയെ തന്നെ കളത്തിലിറക്കാനും സി പി എം ആലോചിക്കുന്നുണ്ട്. കെ വി തോമസിന്റെ മകളടക്കം പരിഗണനയിലാണ്. തെരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല എൽ ഡി എഫ് കൺവീനറായ ഇ.പി.ജയരാജന് നൽകുന്നത് തോമസിനെ കൂടുതൽ ചേർത്ത് നിർത്താൻ കൂടിയാണ്. മന്ത്രി പി.രാജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് എന്നിവർ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും തീരുമാനമായി. വികസനം വിഷയമാക്കിയാകും പ്രചരണം. കെ റെയിൽ അടക്കമുള്ള വിഷയങ്ങൾ മണ്ഡലത്തിൽ വോട്ടാക്കി മാറ്റാനാണ് എൽ ഡി എഫ് തീരുമാനം.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ജയിക്കാൻ കരതലുകൾ ഏറെ വേണം. സംഘടനാ കരുത്ത് തൃക്കാക്കരയിലും സിപിഎമ്മിന് തുണയാകുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന തൃക്കാക്കരയിൽ 2021-നേക്കാളും മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം ലഭിച്ചില്ലെങ്കിൽ കെ.സുധാകരനും വിഡി സതീശനും കടുത്ത തിരിച്ചടിയാവും. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി തൃക്കാക്കരയിൽ രംഗത്തിറക്കാം എന്ന് സുധാകരൻ കണക്കു കൂട്ടുന്നൂ. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റുമെന്ന് അവകാശപ്പെടുന്ന സുധാകരനും സതീശനും തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫും കോൺഗ്രസും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് കോൺഗ്രസിന് ജോലി ഭാരം കൂട്ടും. ഇതെല്ലാം മനസ്സിലാക്കിയുള്ള അട്ടമറിയാണ് ഇപിയും മനസ്സിൽ പദ്ധതി ഇടുക.

കൺവീനറായിരുന്ന എ വിജയരാഘവൻ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇ പി ജയരാജനെ മുന്നണി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ സിപിഎം നേതൃയോഗം തീരുമാനിച്ചത്. പുതിയ കൺവീനർ സംബന്ധിച്ച ചർച്ചകളിൽ മുന്മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്റെ പേരും സജീവ ചർച്ചകളിൽ ഉണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗം പേരും ഇ പി ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയായിരുന്നു ഇതിൽ നിർണ്ണായകമായത്.

എ വിജയരാഘവൻ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പ്രവർത്തനം ഡൽഹിയിലേക്ക് മാറ്റേണ്ടിവരും. ഇതുകൊണ്ടാണ് പുതിയ കൺവീനറെ നിശ്ചയിച്ചത്. നിലവിൽ സിപിഎം കേന്ദ്ര കമ്മറ്റി അംഗമായാണ് ഇ.പി. ജയരാജൻ. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്ത് എത്തിയ ഇദ്ദേഹം ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളിലും ഇ പി ജയരാജൻ പ്രവർത്തിച്ചിട്ടുണ്ട്.

1997-ൽ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011-ലും 2016-ലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2016 മെയ്‌ 25-ന് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു. എന്നാൽ ബന്ധുനിയമന വിവാദത്തേത്തുടർന്ന് 2016 ഒക്ടോബർ 14-ന് ഇ പി ജയരാജന് മന്ത്രിപദം രാജി വെക്കേണ്ടിവന്നു. പിന്നീട് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെ അദ്ദേഹം തിരിച്ചെത്തുകയും ചെയ്തു.