തിരുവനന്തപുരം : ഐ പി സി 307 വകുപ്പ് ചുമത്തി സാധാരണക്കാരന് മേൽ ഒരു കേസെടുത്താൽ മണിക്കൂറുകൾക്കകം അവനെ പൊക്കി അകത്തിടാൻ തിടുക്കം കാട്ടുന്ന കേരള പൊലീസിന് ഇ.പി.ജയരാജന്റെയും മുഖ്യന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും കേസിൽ അതിവേഗ നടപടിക്ക് ഭയം. വിമാനത്തിൽ വച്ച് കയ്യേറ്റം ചെയ്യുകയും വധിക്കാൻ ശ്രമിച്ചതായുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി പൂഴ്‌ത്തിവച്ച പൊലീസ് കോടതി നിർദ്ദേശ പ്രകാരം കേസെടുത്തെങ്കിലും, കോടതിയെ കബളിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.

നിലവിൽ വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇ.പി.ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.അനിൽകുമാർ, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരാണ് പ്രതികൾ. വധശ്രമത്തിനുള്ള 307 വകുപ്പും ചുമത്തേണ്ടിവന്നു. ഈ വകുപ്പ് നിലനിന്നാൽ അപകടകരമാണ്. 307 വകുപ്പ് ചുമത്തി എഫ്.ഐ.ആറിട്ടാൽ അറസ്റ്റ് അനിവാര്യമാണ്. എന്നാൽ ഇവിടെ അത് ഒഴിവാക്കാനുള്ള കേര പൊലീസിന്റെ കഠിന ശ്രമമാണ് നടക്കുന്നത്. നിലവിൽ വലിയതുറ പൊലീസ് അന്വേഷണം നടത്തുകയാണ്. ഈ പ്രാഥമിക അന്വേഷണത്തിനൊടുവിൽ 307 നിലനിൽക്കില്ലെന്ന് പൊലീസ് നിഗമനത്തിലെത്തും.

അതിനായി വിമാനത്തിലെ രണ്ട് യാത്രക്കാരുടെ മൊഴി ജയരാജനും കൂട്ടാളിൾക്കും അനുകൂലമാക്കി മാറ്റും. ഇത് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലും ഉൾപ്പെടുത്തും. 307 ഒഴിവായാൽ അറസ്റ്റിനുള്ള സാധ്യതയില്ലില്ലാതാരകും. 307 മാറ്റാൻ കഴിയാതെ വന്നാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരൂ. അത്തരമൊരു സാഹര്യമുണ്ടായാൽ അതിന് മുമ്പ് ഇവർക്ക് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനും അതുവരൈ കാത്തിരക്കാനും പൊലീസ് തയ്യാറാകും. കോടതിയുടെ നിരീക്ഷണുള്ളതിനാൽ കണ്ണടച്ച് ഇരുട്ടാക്കി പൊലീസിന് തോന്നും പ്രതികള രക്ഷിച്ചെടുക്കാനാകില്ല.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ലെനി കുരാക്കർ കേസെടുക്കാൻ ഉത്തരവിട്ടത്. തന്നെ ആക്രമിക്കാൻ ഓടിയടുത്ത അക്രമികളെ സദുദ്ദേശ്യത്തോടെ തടഞ്ഞവർക്കെതിരെ നിയമനടപടി നിലനിൽക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിനു പിന്നാലെയാണ് അടുത്ത ദിവസം കോടതിയുടെ ഇടപെടൽ. ഫർസീനും നവീനുമെതിരെ വധശ്രമം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു.

വിമാനത്തിനുള്ളിൽ സമാധാനപരമായി പ്രതിഷേധിച്ച ഇരുവരെയും ജയരാജനും സംഘവും മർദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പിന്നീട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചികിത്സ നിഷേധിച്ചെന്നും സ്വകാര്യ അന്യായത്തിൽ കുറ്റപ്പെടുത്തി. സിറ്റി പൊലീസ് കമ്മിഷണർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ജയരാജനെതിരായ പരാതിയിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളായതിനാൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് പൊലീസ് റിപ്പോർട്ടെന്നായിരുന്നു മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഓടിയടുത്ത അക്രമികളെ സദുദ്ദേശ്യത്തോടെ തടഞ്ഞവർക്കെതിരെ നിയമനടപടി നിലനിൽക്കില്ലെന്നും പിണറായി പറഞ്ഞിരുന്നു. പിന്നാലെ കാര്യങ്ങൾ മാറി മറിഞ്ഞെങ്കിലും പിണറായി ഈ പറഞ്ഞ നിലയിലേക്കാണ് കാര്യങ്ങൾ പൊലീസ് എത്തിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദിനെ ഇ.പി.ജയരാജൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് വലിയതുറ പൊലീസിന്റെ എഫ്ഐആർ. 'നിങ്ങളാരെടാ പട്ടികളെ സിഎമ്മിനെതിരെ പ്രതിഷേധിക്കാൻ? സിഎമ്മിനെതിരെ പറഞ്ഞിട്ട് നീയൊന്നും ജീവനോടിവിടുന്നു പോവില്ലെടാ' എന്ന ആക്രോശിച്ചു കൊണ്ടാണ് ജയരാജൻ വധിക്കാൻ ശ്രമിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീനും നവീൻ കുമാറും 'യൂത്ത് കോൺഗ്രസ് സിന്ദാബാദ്, പ്രതിഷേധം പ്രതിഷേധം' എന്നു വിളിച്ച് പ്രതിഷേധിച്ചപ്പോൾ ജയരാജൻ 'സിഎമ്മിന്റെ മുന്നിൽ വച്ച് പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ' എന്ന് ആക്രോശിച്ച് കൈ ചുരുട്ടി നവീനിന്റെ മൂക്കും മുഖവും ചേർത്ത് ആഞ്ഞിടിച്ചു പരുക്കേൽപ്പിക്കുകയും ജയരാജനും ഗൺമാനും പിഎയും ചേർന്ന് താഴെ തള്ളിയിട്ടു മർദിക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.

മനസില്ലാ മനസോടെ പൊലീസിട്ട ഈ എഫ്ഐആർ കുരുക്ക് അവർ തന്നെ അഴിച്ചെടുക്കുകയാണ്. അതേസമയം കേസ് കൂടുതൽ കടുക്കാതിരിക്കാൻ ഏവിയേഷൻ നിയമപ്രകാരമുള്ള വകുപ്പുകൾ ജയരാനും കൂട്ടർക്കുമെതിരെ പൊലീസ് ഇനിയും ചുമത്തിയിട്ടുമില്ല.