തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷം പിണറായി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് സൂചന. ചില മന്ത്രിമാർക്ക് പാർട്ടി സമ്മേളനത്തിൽ സംഘടനാ ചുമതല നൽകുമെന്നാണ് സൂചന. ഇ.പി.ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തിൽ കൈക്കൊള്ളും.

പൊളിറ്റ് ബ്യൂറോ 13-നും കേന്ദ്ര കമ്മിറ്റി 14, 15, 16 തീയതികളിലും യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ ജയരാജന്റെ മന്ത്രിസഭാ പ്രവേശനത്തിൽ തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെ തിരികെ മന്ത്രിയാക്കണമെന്ന നിലപാടിലാണ്. എന്നാൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ഇതിനെ അനുകൂലിക്കുന്നില്ല. ജയരാജൻ മന്ത്രിയാകുന്നത് കണ്ണൂർ രാഷ്ട്രീയത്തിൽ തന്റെ സ്വാധീനത്തെ ബാധിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പിണറായിയുടെ അതിവിശ്വസ്തനെതിരെ കോടിയേരി കരുക്കൾ നീക്കുകയാണ്.

ബന്ധുനിയമന വിവാദം സംബന്ധിച്ച വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ജയരാജനെ മന്ത്രിസഭയിൽ തിരിച്ചെടുക്കുന്നതുസംബന്ധിച്ച് പാർട്ടി ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. ഇ.പി.ജയരാജൻ വ്യവസായമന്ത്രിയായിരിക്കെ ഭാര്യാസഹോദരിയും ലോക്സഭാംഗവുമായ പി.കെ.ശ്രീമതിയുടെ മകൻ സുധീറിനെ കേരള ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡി.യായി നിയമിച്ചതിനായിരുന്നു വിജിലൻസ് കേസെടുത്തത്. ആരോപണത്തെത്തുടർന്ന് 2016 ഒക്ടോബർ 14-നാണ് ഇ.പി.ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കുമെതിരേ ഉയർന്ന ആരോപണങ്ങൾ കേന്ദ്ര കമ്മിറ്റി ചർച്ചചെയ്തിട്ടില്ല. കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടേയുള്ളൂ. ഇരുവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട തീരുമാനം പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോൾ നടക്കുന്ന സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇ.പി.ജയരാജന്റെ രാജി പ്രധാന ചർച്ചാവിഷയമാണ്. കണ്ണൂർ ജില്ലയിലാണ് പ്രധാനമായും വിഷയം ചർച്ചചെയ്യുന്നത്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ മണ്ഡലമായ മട്ടന്നൂരിൽ. അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും ചർച്ച ഉയരുന്നുണ്ട്. ഹൈക്കോടതി ജയരാജനെ കുറ്റവിമുക്തനാക്കിയതിനെത്തുടർന്ന് മണ്ഡലത്തിലുടനീളം ഫ്ലക്സ് ബോർഡുകളും ഉയർന്നു. ഇതെല്ലാം കോടിയേരിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഏതായാലും കേന്ദ്ര കമ്മറ്റി ഈ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിടും. മന്ത്രിയാക്കുന്നതിൽ എതിർപ്പില്ലെന്ന സൂചനയോടെയാകും ഇത്. അങ്ങനെ വന്നാൽ ജയരാജന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവ് സംബന്ധിച്ച് വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം സി.പി.എം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്‌തേക്കും.

ജയരാജൻ തിരിച്ചു വരാൻ സാദ്ധ്യത ഏറെയാണെന്നാണ് സൂചന. അതേ സമയം, ജയരാജൻ തിരിച്ചെത്തുമ്പോഴുള്ള വകുപ്പ് പുനഃസംഘടന സംബന്ധിച്ച് പാർട്ടിയിൽ ആശയക്കുഴപ്പവുമുള്ളതായാണ് സൂചന. നേരത്തെ വ്യവസായ വകുപ്പായിരുന്നു ജയരാജന് ഉണ്ടായിരുന്നത്. നിലവിൽ എസി മൊയ്തീനാണ് ആ വകുപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയിൽ 22 പേർ വരെയാകാമെങ്കിലും 19 മന്ത്രിമാർ മതിയെന്ന് തീരുമാനിച്ചാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്. ഇപ്പോഴത്തെ 19 മന്ത്രിമാരിൽ ആരെയെങ്കിലും മാറ്റണോ, ഒരാളെക്കൂടി ഉൾപ്പെടുത്തി 20 മന്ത്രിമാരാക്കണോ എന്നാണ് തീരുമാനിക്കേണ്ടത്. റിസോർട്ട് വിവാദത്തിൽ ആരോപണ വിധേയനായ എൻ.സി.പി മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് മുറുകിയാൽ അദ്ദേഹം പുറത്ത് പോകേണ്ടി വന്നേക്കും.

ചാണ്ടിയുടെ കായൽ കൈയേറ്റത്തെപ്പറ്റിയുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമറിപ്പോർട്ട് വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ജയരാജന്റെ മന്ത്രിപ്രവേശനം വൈകിപ്പിക്കുന്നത്. ജയരാജന് മടങ്ങിവരാനായി വകുപ്പ് തലത്തിൽ സാരമായ അഴിച്ചുപണി ഉറപ്പാണ്. മുൻനിര നേതാവായതിനാൽ സുപ്രധാന വകുപ്പ് നൽകേണ്ടി വരും. സഹകരണവും ടൂറിസവും എ.സി. മൊയ്തീന് തിരിച്ചു നൽകി, പകരം പഴയ വകുപ്പായ വ്യവസായമോ അല്ലെങ്കിൽ സഹകരണവും ടൂറിസവുമോ ജയരാജന് നൽകാനുള്ള സാദ്ധ്യതയുണ്ട്.