- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മക്കൾ ഗുലുമാലിൽ നിന്ന് കോടിയേരി മുഴുവനായും രക്ഷപ്പെട്ടിട്ടില്ല; സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് കരുക്കൾ നീക്കി മന്ത്രിസഭയിൽ നിന്ന് പിഴുതെറിഞ്ഞെങ്കിലും തൃശൂരിൽ വേരുറപ്പുള്ള ഇ.പി. ജയരാജനും; എകെ ബാലനെ ഉയർത്തി ഇമേജ് തിരിച്ചു പിടിക്കാൻ മറ്റൊരു കൂട്ടർ; ത്രിശിവപേരൂറിന്റെ ത്രികോണ ഭൂമിശാസ്ത്രം സിപിഎം സമ്മേളനത്തിലും പ്രകടം; രൂപപ്പെടുന്നത് ത്രികോണ സമാനമായ ബർമുഡാ രാഷ്ട്രീയം; ഉൾപ്പാർട്ടി ചർച്ചകൾ അതിനിർണ്ണായകം
തൃശൂർ: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. മർസൂക്കിയുടെ അനുഗ്രഹാശിസ്സുമായി മക്കൾ ഗുലുമാലിൽ നിന്ന് കോടിയേരി ബാലകൃഷ്ണനും സിപിഐ. എമ്മും ഇനിയും പൂർണ്ണമായി രക്ഷപ്പെട്ടിട്ടില്ല. ബിനീഷ്-ബിനോയ് കോടിയേരിമാർ വകതിരിവില്ലാതെ അച്ഛനിട്ടുകൊടുത്ത പണി അൽപ്പം കടുപ്പമായെന്നുവേണം പറയാൻ. ഈ ചെറിയൊരു ഇടവേളയിൽ കോടിയേരിക്ക് മുകളിൽ എ.കെ. ബാലനും തെല്ലുമാറി ഇ.പി. ജയരാജനും പുതുതായി കൂടുകൂട്ടിയിരുന്നു. കുറഞ്ഞൊരു കാലം കൊണ്ട് അതൊരു ബർമുഡ ത്രികോണമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. തൃശൂരിലെ ചെങ്കോട്ട മൈതാനത്തിന്റെ ഈ ബർമുഡക്ക് മുകളിലൂടെ പാർട്ടിക്ക് പറന്നുയരാനാവുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം തിരിച്ചുപിടിച്ചെന്നുപറയുന്ന ഇമേജ് കോടിയേരി ബാലകൃഷ്ണന്റേയും മക്കളുടേയും മാത്രമാണ്. പാർട്ടിയുടെതല്ല. എന്നാൽ അവർ പാർട്ടിയുടെ ചുമലിൽ ഇറക്കിവച്ച ദുരന്തങ്ങൾ ഇനിയും താഴെയിറക്കാനായിട്ടില്ല. ഇതിന്നിടെ പാർട്ടി നേതൃത്തം പുതിയ സമവാക്യങ്ങൾ തേടിയിരുന്നു. അങ്ങനെയാണ് കോടിയേരിക്കും മുകളിലെ എ.കെ. ബാലന്റെ സ്ഥാനത
തൃശൂർ: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. മർസൂക്കിയുടെ അനുഗ്രഹാശിസ്സുമായി മക്കൾ ഗുലുമാലിൽ നിന്ന് കോടിയേരി ബാലകൃഷ്ണനും സിപിഐ. എമ്മും ഇനിയും പൂർണ്ണമായി രക്ഷപ്പെട്ടിട്ടില്ല. ബിനീഷ്-ബിനോയ് കോടിയേരിമാർ വകതിരിവില്ലാതെ അച്ഛനിട്ടുകൊടുത്ത പണി അൽപ്പം കടുപ്പമായെന്നുവേണം പറയാൻ. ഈ ചെറിയൊരു ഇടവേളയിൽ കോടിയേരിക്ക് മുകളിൽ എ.കെ. ബാലനും തെല്ലുമാറി ഇ.പി. ജയരാജനും പുതുതായി കൂടുകൂട്ടിയിരുന്നു. കുറഞ്ഞൊരു കാലം കൊണ്ട് അതൊരു ബർമുഡ ത്രികോണമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. തൃശൂരിലെ ചെങ്കോട്ട മൈതാനത്തിന്റെ ഈ ബർമുഡക്ക് മുകളിലൂടെ പാർട്ടിക്ക് പറന്നുയരാനാവുമോ എന്നതാണ് ഉയരുന്ന ചോദ്യം.
അതേസമയം തിരിച്ചുപിടിച്ചെന്നുപറയുന്ന ഇമേജ് കോടിയേരി ബാലകൃഷ്ണന്റേയും മക്കളുടേയും മാത്രമാണ്. പാർട്ടിയുടെതല്ല. എന്നാൽ അവർ പാർട്ടിയുടെ ചുമലിൽ ഇറക്കിവച്ച ദുരന്തങ്ങൾ ഇനിയും താഴെയിറക്കാനായിട്ടില്ല. ഇതിന്നിടെ പാർട്ടി നേതൃത്തം പുതിയ സമവാക്യങ്ങൾ തേടിയിരുന്നു. അങ്ങനെയാണ് കോടിയേരിക്കും മുകളിലെ എ.കെ. ബാലന്റെ സ്ഥാനത്തേയും യെച്ചൂരിക്കും മുകളിലെ എം.എ. ബേബിയുടെ സ്ഥാനത്തേയും പാർട്ടി തിരിച്ചറിഞ്ഞത്. ഉൾപാർട്ടി ചർച്ചകൾ ഈ ദിശയിൽ ചൂടുപിടിച്ചതും ഈ തിരിച്ചറിവിൽ നിന്നാണ്. ഇതിന്നിടെയാണ് ഇ.പി. ജയരാജന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള പുതിയ ഓർമ്മപ്പെടുത്തലുണ്ടായത്. പാർട്ടിയുടെ നിയതമായ അളവുകോൽ വച്ചുനോക്കുമ്പോൾ കോടിയേരിയോളം വരില്ല, ജയരാജൻ പാർട്ടിക്ക് ഉണ്ടാക്കിവച്ച കളങ്കം. മാത്രമല്ല; രണ്ടുപേരും ഇപ്പോൾ വ്യത്യസ്തമായ രീതിയിൽ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു.
നായനാർക്ക് സമം നായനാർ മാത്രം
പാർട്ടിയുടെ എണ്പതുകളുടെ തുടക്കക്കാലത്തെ ചരിത്രം പരിശോധിച്ചാൽ കോടിയേരിക്കും മുകളിലാണ് ഇ.പി. ജയരാജനും എന്ന് സമ്മതിച്ചുതരേണ്ടിവരും. എസ് എഫ് ഐ സംസ്ഥാന ഭാരവാഹിത്തം ഒഴിഞ്ഞ് കോടിയേരി കണ്ണൂരിലെത്തിയ കാലം. പാർട്ടി കോടിയേരിക്ക് കണ്ണൂർ ജില്ലാ കർഷക സംഘം സെക്രട്ടറി സ്ഥാനം കൊടുക്കുന്നു. ഈ സമയം ഇ.പി. ജയരാജൻ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി ദേശീയതലത്തിൽ തിളങ്ങിനിൽക്കുകയായിരുന്നു.
ഏകദേശം ഒരു ദശകത്തിനുശേഷം കോടിയേരി പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തി. അങ്ങനെ തൊണ്ണൂറുകളുടെ തുടക്കത്തിൽ നടന്ന സിപിഐ.(എം) കണ്ണൂർ ജില്ലാ സമ്മേളനാനന്തരം നടന്ന പുതിയ ജില്ലാ കമ്മറ്റിയുടെ ആദ്യയോഗത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി. ജയരാജൻ മത്സരിക്കാനിറങ്ങി. അങ്കക്കളത്തിലേക്ക് ചുവടുവച്ച ജയരാജന്റെ വിജയം സുനിശ്ചിതവുമായിരുന്നു. മാത്രമല്ല, ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി ദേശീയ തലത്തിൽ തിളങ്ങിനിന്ന ജയരാജന്, കോടിയേരിയെ നേരിടാനുള്ള ത്രാണിയുമുണ്ടായിരുന്നു അന്ന്. അപകടം മണത്തറിഞ്ഞ സഖാവ് ഇ.കെ. നായനാർ, വെറുതെ ഒരു ഗ്രൂപ്പ് പോര് വളർത്തേണ്ടെന്നുകരുതി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. നായനാർ ഇടപെട്ടില്ലായിരുന്നെങ്കിൽ അങ്കക്കളത്തിൽ ജയരാജൻ ജയിച്ചുകയറി കോടിയേരിക്കും നേരെ മുകളിലാവുമായിരുന്നു. പാർട്ടിയുടെ ചരിത്രവും ഒരുപക്ഷെ മാറുമായിരുന്നു.
അന്ന് ഇ.പി.ജയരാജനെ തണുപ്പിച്ചിരുത്തി, പാർട്ടിയിലെ സമാധാനാന്തരീക്ഷം നിലനിർത്തിയ, സംസ്ഥാന മേൽകമ്മറ്റി നിരീക്ഷകൻ കൂടിയായ സഖാവ് ഇ.കെ. നായനാർ പറഞ്ഞത് ഇങ്ങനെ; ''അനക്ക് ജില്ലാ സെക്രട്ടറിയാവണം. അത് നമ്മള് ശരിയാക്കും. ആദ്യം ഓന് (കോടിയേരി ബാലകൃഷ്ണൻ) സംസ്ഥാന സെക്രട്ടേറിയറ്റിൽ പോട്ടെടോ.'' അധികം വൈകാതെ കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നും അപ്പോൾ ഒഴിവുവരുന്ന കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി.ജയരാജനെ പരിഗണിക്കാമെന്നുമായിരുന്നു അന്ന് നായനാർ കൊടുത്ത വാക്ക്.
നായനാരുടെ ആ ഉറപ്പിന്മേലാണ് അന്ന് ജയരാജൻ അടങ്ങിയൊതുങ്ങിയിരുന്നത്. നായനാർ തന്റെ വാക്ക് പാലിച്ചു എന്നത് ചരിത്ര സത്യം. എന്നാൽ നായനാർ വാക്കുപാലിച്ചെങ്കിലും ഇ.പി. ജയരാജന്റെ മേൽപ്പോട്ടുള്ള വഴിയിൽ ഒരുപാടുകാലം കോടിയേരി കൊടിയും കുത്തി തടസ്സപ്പെടുകയായിരുന്നു.
ഇ.പി. ജയരാജൻ വീണ്ടും തൃശൂരിൽ അങ്കത്തിന്
ഇതൊക്കെ നടന്നത് നായനാരുടെ കാലത്ത്. ഇപ്പോൾ കാലം മാറി. പാർട്ടിക്കുള്ളിലെ സമവാക്യങ്ങളും ഗ്രൂപ്പുസമവാക്യങ്ങളും മാറി. ഇനി ഇ.പി. ജയരാജൻ ഒരു നായനാർക്കും വഴങ്ങില്ല. അരയും തലയും മുറുക്കി രണ്ടും കൽപ്പിച്ച് ജയരാജൻ അങ്കക്കളത്തിലേക്ക് തയ്യാറായി ചുവടുവച്ചു നിൽക്കുകയാണെന്നും ചില പാർട്ടി വൃത്തങ്ങൾ പറയുന്നു . ഒരു നായനാരും ഇന്ന് ഇ.പി. ജയരാജനെ തണുപ്പിക്കാൻ ഉണ്ടാവില്ലെന്നതും സത്യം. ജയരാജൻ അങ്കത്തിനിറങ്ങിയാൽ കോടിയേരിക്ക് വഴിമാറുകയെ ഇപ്പോൾ രക്ഷയുള്ളൂ. പോരാത്തതിന് തൃശൂർ ജില്ലാ നേതൃത്തത്തിന്റെ മേൽവിലാസത്തിൽ തൃശൂരിന്റെ പരുവപ്പെട്ട ഇ.പി. ജയരാജന് ഇന്നും കാര്യമായ സ്വാധീനം ഉള്ള ഭൂമികയുമാണ് തൃശൂർ. അതേസമയം ചുരുങ്ങിയ കാലം കൊണ്ട് ബിനീഷ്-ബിനോയ് കോടിയേരിമാർ അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ഏതാണ്ട് നിർവീര്യനാക്കിക്കഴിഞ്ഞു. പാർട്ടി അമരവും അരങ്ങും അത് തിരിച്ചറിഞ്ഞും കഴിഞ്ഞു.
അഗ്‌നിശുദ്ധി വരുത്തിയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം ബുർജ്ജ് ഖലീഫയെ സാക്ഷി നിർത്തിക്കൊണ്ട് വെല്ലുവിളിയുടെ ഭാഷയിൽ മക്കൾ പറഞ്ഞാലും പാർട്ടിക്കും പിണറായി വിജയനും ഇനിയും അധികം നാൾ കോടിയേരിയെ ചുമന്നുനടക്കാനാവില്ല. നുണകൾ കൊണ്ടും സൈദ്ധാന്തിക യുക്തി കൊണ്ടും ഇനിയും പാർട്ടിക്ക് പിടിച്ചുനിൽക്കാനുമാവില്ല. കോടിയേരി ബാലകൃഷ്ണനും മക്കളും വരുത്തിവച്ച അപമാനം പാർട്ടിക്കും സൈബർ സഖാക്കൾക്കും ഒരിക്കലും പ്രതിരോധിക്കാനാവില്ലെന്നും സിപിഎം. കുറഞ്ഞകാലം കൊണ്ട് തിരിച്ചറിഞ്ഞു.
കാലത്തിന്റെ കുത്തൊഴുക്കിൽ സിപിഎമ്മിലെ വീയെസ് ഗ്രൂപ്പ് ഇല്ലാതായി. പകരം യെച്ചൂരി ഗ്രൂപ്പ് രംഗപ്രവേശം ചെയ്തു. എങ്കിലും കേരളത്തിൽ യെച്ചൂരിക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല. വേണമെങ്കിൽ പാർട്ടിയുടെ പരിവേഷിത ബുദ്ധിജീവികേന്ദ്രങ്ങളായ ഐസക്കിനേയും ബേബിയേയും രംഗപടമാക്കാം. പക്ഷേ പാർട്ടിക്കുള്ളിലെ കണ്ണൂർ ലോബി അതിനൊന്നും സമ്മതിക്കില്ല. മാത്രമല്ല, യെച്ചൂരിയുടെ കോൺഗ്രസ് ബാന്ധവം കേരളത്തിലെ ഈ യെച്ചൂരി അനുകൂല പാർട്ടി സഖാക്കൾ അംഗീകരിക്കില്ല.
ഇമേജ് തിരിച്ചുപിടിക്കാൻ ദളിതനായ എ.കെ. ബാലനേ കഴിയു !
ഇപ്പോഴത്തെ അവസ്ഥയിൽ സിപിഎമ്മിൽ രണ്ടാമനായ സഖാവ് എ.കെ. ബാലൻ തന്നെയാണെന്ന് സർവ്വസമ്മതൻ എന്ന് കുറച്ചുപേർക്കെങ്കിലും അംഗീകരിക്കേണ്ടതായി വരും. വൈക്കം വിശ്വനും ഗോവിന്ദൻ മാസ്റ്ററും ഒക്കെ ഉണ്ടെങ്കിലും, എണ്ണപ്പണത്തിന്റെ കൊഴുപ്പിൽ കളഞ്ഞുപോയ സിപിഎമ്മിന്റെ ഇമേജ് തിരിച്ചുപിടിക്കാൻ ദളിതനായ എ.കെ. ബാലനേ ഇനി കഴിയു എന്നതുതന്നെയാണ് അവശേഷിക്കുന്ന പ്രായോഗിക സിദ്ധാന്തം. സിപിഎം. ഈ കാഴ്‌ച്ചപ്പാടിലേക്ക് പാകമായി വരുന്ന സൂചനകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
പാർട്ടി ഗ്രാമങ്ങളാൽ മഹത്വവൽക്കരിക്കപ്പെട്ട പി. ജയരാജൻ അജയ്യനായി നിലകൊള്ളുന്നുണ്ടെങ്കിലും പിണറായി പക്ഷം അതെത്രകൊണ്ട് അംഗീകരിക്കുമെന്ന് പറയാനാവില്ല. മാത്രമല്ല, പി. ജയരാജൻ ഇനിയും താൻ മഹത്വവൽക്കരിക്കപ്പെടണമെന്ന് അവകാശപ്പെടാനും വരില്ല. പാർട്ടി വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് പി. ജയരാജന്റെ ആഗ്രഹം. അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളും പി. ജയരാജനെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്താനാണ് സാധ്യത.
അതേസമയം ഇ.പി. ജയരാജന്റെ വരവ് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാം. ചിലരുടെയെങ്കിലും ഉറക്കം കെടുത്താം. പണ്ട് സഖാവ് ഇ.കെ. നായനാർ പ്രയോഗിച്ച അതെ സ്ട്രാറ്റജി കൊണ്ട് ഒരുപക്ഷെ ഇ.പി. ജയരാജനെ തണുപ്പിച്ചിരുത്താം. സമ്മേളനാനന്തരം ജയരാജന് സാമാന്യം ഭേദപ്പെട്ട വകുപ്പോടെ മന്ത്രിസഭാ പുനഃപ്രവേശം കൊടുക്കുക എന്നതുതന്നെയായിരിക്കും പാർട്ടിക്ക് കരണീയമായ സ്ട്രാറ്റജി. പക്ഷെ നായനാർക്ക് പകരം ആർ വരും ജയരാജന്റെ രക്ഷകനായി പാർട്ടിയെ സംരക്ഷിക്കാൻ. നായനാർക്ക് സമം നായനാർ മാത്രം എന്ന സത്യവും പാർട്ടി ഇവിടെ തിരിച്ചറിയേണ്ടതുണ്ട്.
എന്നിരുന്നാലും സിപിഎമ്മിന്റെ അടിസ്ഥാന സിദ്ധാന്തത്തെ അണികൾ ഏറ്റെടുക്കുക ഒരുപക്ഷെ എ.കെ. ബാലൻ സംസ്ഥാന സെക്രട്ടറി ആവുമ്പോഴായിരിക്കും എന്ന് വിശ്വസിക്കാനാണ് കുറച്ചുപേർക്കെങ്കിലും താത്പര്യം. അതോടൊപ്പം തന്നെ ഇ.പി. ജയരാജന് സന്തോഷിക്കാനും സംതൃപ്തനാവാനും ഒരിടം പാർട്ടിക്ക് കൊടുക്കാൻ കഴിയുകയും വേണം. പണ്ട് സഖാവ് ഇ.കെ. നായനാർക്ക് കഴിഞ്ഞത് ഇന്ന് പിണറായി വിജയന് കഴിയില്ല എന്നതും മറ്റൊരു സത്യം തന്നെ.
ഏതാണ്ട് ഒരു പതിറ്റാണ്ടിനു മുമ്പാണ് ത്രിപുരയിൽ നിന്ന് ഗോത്രവർഗ്ഗക്കാരനായ ദശരത് ദേവ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ അരങ്ങിൽ വന്നത്. അതുകൊണ്ടുതന്നെ ദളിതനായ ബാലന് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുണ്ട്. പാര്ശ്വവൽക്കരിക്കപ്പെട്ടവരിൽ നിന്ന് അകന്നുപോകുന്ന സിപിഎമ്മിന് ദളിതനായ ബാലനെ പോളിറ്റ്ബ്യൂറോയിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്തും പ്രതിഷ്ടിക്കുന്നത് സാരമായ ഗുണം ചെയ്യും. യെച്ചൂരി ഗ്രൂപ്പിന്റെ വിപ്ലവാത്മകമായ ആശയ ദാർഷ്ട്യത്തിനും പിണറായിയുടെ ഇരട്ടച്ചങ്കൻ ദാർഷ്ട്യത്തിനും ബാലൻ ഉത്തരമാവുന്നുണ്ട്. മറിച്ചാണ് കാര്യങ്ങളെങ്കിൽ ഒരുപക്ഷെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ആഘാതങ്ങൾ അനുഭവിക്കേണ്ടിവരും.
കേന്ദ്രത്തിലും സംസ്ഥാന സമാനമായ സാഹചര്യങ്ങളാണ് കാണുന്നത്. യെച്ചൂരിയും കാരാട്ട് ദമ്പതികളും അവിടെ സമാനതകളില്ലാത്ത രണ്ടു ദ്രുവങ്ങളിലാണ് നിലയുറപ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടേയും ആശയാധിഷ്ടിത യുദ്ധം ചെയ്തുകൊണ്ട് പ്രശ്‌നം പരിഹരിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പാർട്ടിക്ക് കുശലനായ ഒരു മദ്ധ്യവർത്തിയുടെ ആവശ്യം കേന്ദ്രത്തിലുമുണ്ട്. അവിടെയാണ് സഖാവ് എം.എ. ബേബിയുടെ പ്രസക്തി.
ഇന്നത്തെ സാഹചര്യത്തിൽ ബേബിയെ സംസ്ഥാനത്ത് ഇങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ടുകൊണ്ട് അധികം നാൾ കൊണ്ടുപോകാനാവില്ല. അതുകൊണ്ട് ബേബിയെ കേന്ദ്രത്തിലേക്ക് മാന്യമായി കുടിയേറ്റുകതന്നെയാണ് കരണീയമായ കാഴ്‌ച്ചപ്പാട്. ഡൽഹിയുടെ ആത്മാവുമായി ഏറെ സമരസപ്പെട്ടുകിടക്കുന്ന ബേബിക്കും പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം ഒരു അഭയകേന്ദ്രമായിരിക്കും. യെച്ചൂരിക്കും മുകളിൽ തന്നെയാണ് ബേബിയുടെയും സ്ഥാനം. യെച്ചൂരി എസ.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന കാലത്ത് ബേബി അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ബേബിയുടെ അഖിലേന്ത്യാ സെക്രട്ടറി പദം പാർട്ടിക്ക് ആശ്വാസകരമാകും.
എന്തായാലും സിപിഎം. പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരിലെ ബർമുഡ ത്രികോണം ആരെയൊക്കെ വിഴുങ്ങും ആരെയൊക്കെ വിഴുങ്ങില്ല എന്നത് പ്രവചനാതീതം. ഈ ബർമുഡ ത്രികോണത്തിനു മുകളിലൂടെ ആരൊക്കെ പറക്കും പറന്നുയരും. തൃശൂരിലെ ചെങ്കോട്ട മൈതാനത്തിൽ പാർട്ടി സഖാക്കളും അണികളും നെഞ്ചിടിപ്പോടെ കണ്ണും കാതും കൂർപ്പിച്ചു കഴിയുകയാണ്. ഒപ്പം സർവ്വ സജ്ജരായി പാർട്ടി പോളിറ്റ് ബ്യുറോ നിരീക്ഷകസംഘത്തിലെ യെച്ചൂരിയും, പിണറായി വിജയനും, എസ്. രാമച്ചന്ദ്രപിള്ളയും എം .എ. ബേബിയും മറ്റു പാർട്ടി സിരാകേന്ദ്രങ്ങളും.