തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സിപിഐ(എം) നേതാവ് ഇപി ജയരാജന് സഭയിലും സ്ഥാനമാറ്റം. വ്യവസായ മന്ത്രിയായിരുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വലതുവശത്തായി തൊട്ടടുത്ത സീറ്റിൽ തന്നെയാണ് ജയരാജന് ഇരിപ്പിടം നൽകിയിരുന്നത്. എന്നാൽ രാജി വച്ച ശേഷം ഇന്ന് സഭയിലെത്തിയ ജയരാജൻ രണ്ടാം നിരയിലെ സീറ്റിലേക്ക് മാറുകയായിരുന്നു. നേരത്തെ ജയരാജൻ ഇരുന്ന സ്ഥാനത്തേക്ക് ഇപ്പോൾ എ.കെ ബാലനാണ് ഇരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജ.സുധാകരനും മുൻനിരയിലേക്ക് ഇരിപ്പിടം മാറിയിട്ടുണ്ട്. ഇന്ന് നിയമസഭയിലെത്തിയ ഇപി ജയരാജനെ കണ്ട് ഭരണപക്ഷ എംഎൽഎമാർ എത്തി വിശേഷങ്ങൾ തിരക്കുന്നതും കാണാമായിരുന്നു.

ഇപി ജയരാജന് പകരം വ്യവസായ വകുപ്പ് മന്ത്രിയാകാൻ സാധ്യത കൽപ്പിക്കുന്നത് എകെ ബാലനാണ്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്തായി ഇരിപ്പിടവും അനുവദിച്ചതോടെ എകെ ബാലൻ വ്യവസായ മന്ത്രിയായേക്കുമെന്ന അഭ്യൂഹവും ശക്തമാവുകയാണ്.

ഇ.പി. ജയരാജൻ നിയമസഭയിൽ പ്രസ്ഥാവന നടത്തി. താൻ വ്യനസായ മന്ത്രിയായി ചുമതലയേറ്റത് വ്യവസായ മേഖല തകർച്ച നേരിടുമ്പോഴാണ്. വ്യവസായ വകുപ്പിൽ അഴിമതി വ്യാപകമായിരുന്നു. ദിവസങ്ങളായി മാദ്ധ്യമങ്ങൾ എന്നെ വേട്ടയാടുന്നു. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചിരുന്നു.