തിരുവനന്തപുരം: ഇടതു കൺവീനർ ഇപി ജയരാജന് ഇൻഡിഗോ വിമാനത്തിൽ മൂന്നാഴ്ചത്തെ യാത്രവിലക്ക്. വിമാനത്തിലെ പിണറായി വിജയനെതിരായ പ്രതിഷേധത്തിന്റെ പേരിലാണ് ഇത്. പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്ക്. ഇതോടെ യൂത്ത് കോൺഗ്രസുകാരെക്കാൾ വലിയ ശിക്ഷ വിമാനക്കമ്പനി ഇപി ജയരാജന് നൽകുകയാണ്.

ഇത് സിപിഎമ്മിനും ഇടതു മുന്നണി കൺവീനർക്കും വിനയാണ്. മുഖ്യമന്ത്രിക്കെതിരെ വധശ്രമം ആരോപിച്ച് മൂന്ന് യൂത്ത് കോൺഗ്രസുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ സാക്ഷി മാത്രമാണ് ഇടതു കൺവീനർ ഇപി ജയരാജൻ. എന്നാൽ വിമാനക്കമ്പനിയുടെ അന്വേഷണത്തിൽ യൂത്ത് കോൺഗ്രസുകാരെക്കാൾ വലിയ കുറ്റം ചെയ്തത് ഇപിയാണ്.

സംഭവത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ പി ജയരാജന്റെ പ്രതികരണം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്‌ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. ഇൻഡിഗോയുടെ നടപടിയോടെ ഇതെല്ലാം ചർച്ചകൾക്ക് വിധേയമാകും.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴെ പ്രതികൾ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. ഇപിക്കെതിരായ നിരവധി പേർ നൽകിയ പരാതികളും പൊലീസ് തള്ളിയിരുന്നു. എന്നാൽ ഇൻഡിഗോയുടെ ആഭ്യന്തര അന്വേഷണം ഇപിയേയും കുറ്റക്കാരനായി വിധിക്കുകയാണ്. അതുകൊണ്ട് തന്നെ പൊലീസ് പരാതി തള്ളിയാലും കോടതിയിൽ അത് ചോദ്യം ചെയ്താൽ ഇപിക്ക് തിരിച്ചടി കിട്ടാൻ സാധ്യതയുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട് വീഴ്‌ത്തിയ ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ഇപി ജയരാജൻ കായികമായി നേരിടുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ട്വിറ്ററിൽ തംരംഗമായതോടെയാണ് യാത്രക്കാരെ അക്രമിച്ച ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. ഇത് പരാതിയുമായി വിമാനക്കമ്പനിക്കും കിട്ടി.

വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നത് അച്ചടക്കമില്ലാത്ത പെരുമാറ്റമാണ്. ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ വിമാനത്തിനുള്ളിൽ കയറി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത് എയർലൈൻ മാർഗനിർദേശങ്ങളിൽ പരാമർശിക്കുന്ന ലെവൽ-1 അച്ചടക്കലംഘനമാണ്. അതുപോലെ എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ മുദ്രാവാക്യം വിളിച്ചവരെ കയ്യാങ്കളിയിലൂടെ തള്ളിവീഴ്‌ത്തിയ സംഭവം ലെവൽ -2ൽ പരാമർശിക്കുന്ന അച്ചടക്ക ലംഘനമായിരുന്നു.

അതുകൊണ്ടാണ് കൂടതൽ വലിയ ശിക്ഷ നൽകുന്നത്. 2017ൽ പുറത്തിറക്കിയ എയർലൈൻ മാർഗനിർദേശങ്ങൾ പ്രകാരം ജയരാജൻ ചെയ്തത് കുറ്റകൃത്യമാണെന്നും ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നുമുള്ള ശക്തമായ ആവശ്യം വിമാനക്കമ്പനിയും അംഗീകരിച്ചു.