- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയെ ജയ്സൻ പരിചയപ്പെട്ടത് ബിനീഷിലൂടെ; പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയത് പാസ്പോർട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നൽകിയതിന്റെ പ്രത്യുപകാരം; 2018ലെ ഏഴു പേർ മാത്രം പങ്കെടുത്ത അടിച്ചു പൊളിക്ക് പിന്നിൽ പ്രവർത്തിച്ചതും കോടിയേരി പുത്രൻ; പുറത്തു വന്ന ഫോട്ടോയും ഇതേ പാർട്ടിയിലേത്; ചിത്രം പുറത്തു വിട്ടത് തന്നെ കുടുക്കാൻ കോടിയേരിയുടെ മകൻ ഒരുക്കിയ ചതിയെന്ന തിരിച്ചറിവിൽ ഇപി ജയരാജൻ; മറുനാടൻ പുറത്തു വിട്ട ഫോട്ടോയിൽ സിപിഎമ്മിലും പൊട്ടിത്തെറി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പൊട്ടിത്തെറി. സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ കുറിച്ച് മന്ത്രി പുത്രനുള്ള ബന്ധമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. പാർട്ടിക്ക് മുന്നിൽ പരാതി ഉന്നയിക്കാനൊരുങ്ങി ഇപി ജയരാജൻ നിലകൊള്ളുമ്പോൾ അത് സിപിഎമ്മിന് പുതിയ തലവേദനയാകും.
ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വർണക്കടത്ത് കേസിൽ മകൻ ജയ്സന്റെ പേര് പുറത്ത് വന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജൻ ഉന്നയിക്കുന്ന പരാതിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്വപ്നക്കൊപ്പം ജയ്സൻ നിൽക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്വർണക്കടത്ത് കേസ് ചർച്ചയാകുമ്പോൾ പരാതി ഇപി ജയരാജൻ ഉന്നയിക്കുമെന്നാണ് വിവരം. ഈ ഫോട്ടോ എൻഫോഴ്സ്മെന്റിന് കൈമാറിയതും ബിനീഷാകാമെന്നാണ് ഇപിയുടെ സംശയം. ഇതോടെ മറുനാടൻ മലയാളി പുറത്തു വിട്ട ആ ഫോട്ടോ ഒർജിനലാണെന്ന് സ്ഥിരീകരണവും വരികയാണ്.
2018 ലാണ് സ്വപ്ന സുരേഷിന് മന്ത്രി ഇപി ജയരാജന്റെ മകൻ പാർട്ടി നടത്തിയത്. പാസ്പോർട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നൽകിയതിന്റെ പ്രത്യുപകാരമായിരുന്നു പാർട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്സൻ സ്വപ്നയെ പരിചയപ്പെട്ടത്. പാർട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ. സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേർ മാത്രം പങ്കെടുത്ത പാർട്ടിക്കിടെ എടുത്ത മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇപിയും കുടുംബവും ദുരൂഹത കാണുന്നത്. ഇത് മനപ്പൂർവ്വം തന്നെ താറടിക്കാനാണെന്നാണ് ഇപിയുടെ വാദം.
ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്സന്റെ ഫോട്ടോ പുറത്ത് വരുന്നത്. 2018ന് ശേഷം സ്വപ്നയുമായി ജയ്സന് യാതൊരു ബന്ധവുമില്ലെന്നാണ് ഇപി ജയരാജന്റെ പറയുന്നത്. എന്നിട്ടും ഈ ചിത്രം പുറത്ത് വിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് ആക്ഷേപിച്ചെന്നാണ് ഇപിയുടെ പരാതി. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞായിരിക്കും ഇപി പാർട്ടിക്ക് പരാതി കൊടുക്കുക. തന്റെ നിലപാട് മുഖ്യമന്ത്രിയേയും ഇപി അറിയിച്ചിട്ടുണ്ട്. വലിയ ഗൂഢാലോചന പാർട്ടിക്കുള്ളിൽ നടന്നുവെന്ന് ഇപി കരുതുന്നതായും സൂചനയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ അജയഘോഷാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന സമയം മുതൽ ഇപി ജയരാജൻ കോടിയേരിക്കെതിരെതിരാണ്. പുതിയ പരാതി കൂടി വരുന്നതോടെ കോടിയേരി ഇപി തർക്കം രൂക്ഷമായേക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പോളിറ്റ് ബ്യൂറോക്ക് മുന്നിൽ വരെ പ്രശ്നം എത്തുകയും ചെയ്യും. ഓൺലൈൻ യോഗമൊഴിവാക്കി എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പാർട്ടി സംസ്ഥാന സമിതി ചേരാനിരിക്കെയാണ് പാർട്ടിയുടെ ഉന്നത തലത്തിൽ വലിയൊരു തർക്കം ഉടലെടുക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപിക്ക് അങ്ങനെ വിവാദത്തിൽ കൈകഴുകാനാകില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്സ്മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.
സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്സൺ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാർട്ടി ശക്തികേന്ദ്രമായ ആന്തൂർ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയിൽ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരായ അരുൺ വർഗീസ്, ടി അമീർ കണ്ണ് റാവുത്തർ എന്നിവരുമായി ബിനീഷ് കോടിയേരിക്കും അടുത്തബന്ധം ഉണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻസിൽ ഡയറക്ടറല്ലെങ്കിലും ബിനീഷിന് സ്ഥാപനത്തിൽ നിക്ഷേപം ഉള്ളതായാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിന്റെ ചോദ്യം ചെയ്യൽ.
മറുനാടന് മലയാളി ബ്യൂറോ