ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ ഒട്ടേറെപ്പേർ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്ക് ആശ്വാസവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇപിഎഫ് വരിക്കാരുടെ ഇൻഷുറൻസ് പരിരക്ഷ ഉയർത്തി. പരമാവധി ഏഴു ലക്ഷം രൂപയായാണ് ഇൻഷുറൻസ് കവർ വർധിപ്പിച്ചത്.

ജീവനക്കാരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. ഇതാണ് രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഉയർത്തിയത്. ഇപിഎഫ് വരിക്കാർ സ്വാഭാവികമായോ, അസുഖം മൂലമോ, അപകടം മൂലമോ മരിക്കുകയാണെങ്കിൽ നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കുന്ന തരത്തിലാണ് പദ്ധതി. ഇപിഎഫ്ഒയുടെ പുതിയ തീരുമാനം പ്രകാരം പരമാവധി ഏഴുലക്ഷം രൂപ വരെ ലഭിക്കും. തൊഴിലുടമയ്ക്ക് അധിക ബാധ്യത വരാതെയാണ് ഇത് നടപ്പാക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

കുറഞ്ഞത് 2.5 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി ലഭിക്കും. നേരത്തെ ഇത് രണ്ടുലക്ഷമായിരുന്നു. പരമാവധി ആറുലക്ഷമായിരുന്നതാണ് ഏഴുലക്ഷമായി ഉയർത്തിയത്. വിരമിക്കുന്നതിന് തൊട്ടുമുൻപുള്ള 12 മാസ കാലയളവിൽ വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് തുക നിർണയിക്കുക. ശരാശരി ശമ്പളത്തിന്റെ 30 മടങ്ങാണ് മരിക്കുന്ന സമയത്ത് ആശ്രിതർക്ക് ലഭിക്കുക. ഇതിലേക്ക് ജീവനക്കാരൻ വരിസംഖ്യ അടയ്ക്കേണ്ടതില്ല.