ന്യൂയോർക്ക് എപ്പിഫനി മാർത്തോമ്മാ ഇടവകയുടെ 36-ാമത് ഇടവകദിനാഘോഷം നാളെ ഞായറാഴ്ച ശുശ്രൂഷാനന്തരം സമുചിതമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി വികാരി അറിയിച്ചു. മലങ്കര മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് ഡോ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഇടവകദിനത്തിൽ മുഖ്യാതിഥിയായി ഇടവക ദിന സന്ദേശം നൽകുന്നതാണ്.

അന്നേദിവസം രാവിലെ 9.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രൂഷയും അഭിവന്ദ്യ മെത്രാപ്പൊലീത്താ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. ഇടവക ദിനത്തോടനുബന്ധിച്ച് തിരുമേനിയുടെ 87-ാം ജന്മദിനവും ആഘോഷിക്കുന്നതാണ്.

ഇടവക ദിനത്തിൽ തന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹകരമക്കുവാൻ എത്തിച്ചേരുന്ന മെത്രാപ്പൊലീത്തായെ സമുചിതമായി സ്വീകരിക്കുന്നതിന് എപ്പിഫനി ഇടവകയിലെ വിശ്വാസ സമൂഹം ഒരുങ്ങിക്കഴിഞ്ഞുവെന്ന് വികാരി ജോജി തോമസ് പറഞ്ഞു.

ഇപ്പോൾ അമേരിക്കയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന മെത്രാപ്പൊലീത്താ ഈമാസം ഒൻപതിന് കാനഡയിലെ ടൊറന്റോ, 16ന് ഹൂസ്റ്റൺ ഇമ്മാനുവേൽ, 23ന് ന്യൂയോർക്ക് സെന്റ് ജെയിംസ് ഇടവകകൾ സന്ദർശിച്ച് ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകും.