യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാൻ മെത്രാനു തുല്യമായ അധികാരത്തോടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോൺ. സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക കർമങ്ങൾ വത്തിക്കാനിൽ നവംബർ ഒന്നിന് പ്രാദേശിക സമയം രാവിലെ 10ന് (ഐറീഷ് സമയം രാവിലെ 9 ന്) സെന്റ് പോൾ മേജർ ബസിലിക്കയിൽ നടക്കും.

സീറോ മലബാർ സഭയുടെ പൊന്തിഫിക്കൽ ക്രമമനുസരിച്ചുള്ള മെത്രാഭിഷേകചടങ്ങുകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാർദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരാകും. ഇന്ത്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീ റോ മലങ്കര സഭയുടെ തലവനുമായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ആശംസകൾ അർപ്പിക്കും.

സെന്റ് പോൾ മേജർ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി സ്വാഗതം പറയും. പൗരസ്ത്യ തിരുസംഘത്തിൽ സീറോ മലബാർ സഭാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോൺ. മക്ലിൻ കമ്മിങ്‌സ് നിയമനപത്രിക വായിക്കും. മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്താണ് കർമങ്ങളുടെ ആർച്ച്ഡീക്കൻ.

ഇറ്റലി, അയർലണ്ട് , ജർമനി, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവിടങ്ങളിലുള്ള 40,000ൽ പരം സീറോ മലബാർ സഭാ മക്കളുടെ അജപാലനപരമായ കാര്യങ്ങളെ ഏകോപിപ്പിച്ചു കൂടുതൽ സജീവമാക്കുകയും കാര്യക്ഷമമാക്കാനുള്ള സാധ്യതകൾ കണ്ടെത്തുകയും അതനുസരിച്ചുള്ള ശുപാർശകൾ മാർപാപ്പയ്ക്കു സമർപ്പിക്കുകയുമാണ് അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ഉത്തരവാദിത്വം. ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ ഫൊറോന ഇടവകയിലെ ചിറപ്പണത്തുകൊച്ചുപൗലോസ് റോസി ദമ്പതികളുടെ മകനാണു മോൺ. സ്റ്റീഫൻ ചിറപ്പണത്ത്.

ആർച്ച്ബിഷപുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, മാർ മാത്യു മൂലക്കാട്ട്, ബിഷപുമാരായ മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചിറയത്ത്, മാർ ജേക്കബ് മനത്തോടത്ത്, മാർ പോൾ ആലപ്പാട്ട്, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോയ് ആലപ്പാട്ട് തുടങ്ങി നിരവധി മേലധ്യക്ഷന്മാരും 3000ൽപരം വിശ്വാസികളും നൂറുകണക്കിനു വൈദികരും സന്യസ്തരും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.സഭയുടെ അയർലണ്ടിലെ നാഷണൽ കോ-ഓർഡിനേറ്റർ മോൺ.ആന്റണി പെരുമായൻ ,ഡബ്ലിൻ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് ഫാ.ആന്റണി ചീരംവേലി,ഫാ.ജോസ് ഭരണികുളങ്ങര, എന്നിവർ മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കും.

റോമിൽനിന്നുള്ള വൈദികരും സന്യസ്തരും അല്മായരും അടങ്ങുന്ന ഗായകസംഘം പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. പ്രാർത്ഥനകൾ മലയാളത്തിലും ഇറ്റാലിയൻ ഭാഷയിലുമായിരിക്കും നടക്കുക. കാറോസൂസാ പ്രാർത്ഥനകൾ യൂറോപ്പിലെ വിവിധ ഭാഷകളിൽ ഉണ്ടാകും. കുടുംബാംഗങ്ങളുടേയും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടേയും കാഴ്ചസമർപ്പണവും സീറോ മലബാർ കോ-ഓർഡിനേറ്റർമാരുടെ ആശംസകളും കർമങ്ങളുടെ ഭാഗമായി ഉണ്ടാകും