ഷിക്കാഗോ: തങ്ങളിൽ അർപ്പിതമായിരുന്ന ദൗത്യം സഫലീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന വൈദീകർക്ക് എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഷിക്കാഗോ ഹൃദ്യമായ യാത്രയയപ്പ് നൽകി. റവ, ഷിബി വർഗീസ്, റവ. സുനീത് മാത്യു, റവ. ക്രിസ്റ്റഫർ ഡാനിയേൽ എന്നീ അച്ചന്മാരാണ് മൂന്നു വർഷത്തെ തങ്ങളുടെ സേവനങ്ങൾ ഇടവകയ്ക്ക് നൽകി, ദൈവം തങ്ങളിൽ അർപ്പിച്ച കർത്തവ്യം കൃത്യതയോടെ നിർവഹിച്ച സാഫല്യത്തോടെ പുതിയ ദൗത്യങ്ങളേറ്റെടുക്കാൻ നാട്ടിലേക്ക് മടങ്ങിയത്.

എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് ഹാം ജോസഫ് അച്ചൻ ഈ വൈദീകർ കൗൺസിലിന് നൽകിയ വിവിധ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും, ഏറ്റെടുത്ത പുതിയ ദൗത്യങ്ങൾക്ക് ദൈവത്തിന്റെ കൃപാകടാക്ഷങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

എക്യൂമെനിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റ് ബഹു. ബാനു സാമുവേൽ, രാജു ഡാനിയേൽ, ലോറൻസ് ജോൺ എന്നീ കൗൺസിൽ അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. ഏലിയാമ്മ പുന്നൂസ്, ആഗ്നസ് തെങ്ങുംമൂട്ടിൽ, മാമ്മൻ കുരുവിള എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ എക്കാലവും തങ്ങളുടെ ഹൃദയത്തിൽ നല്ല ഓർമ്മകളായി സൂക്ഷിക്കുമെന്നും, കൗൺസിലിന്റെ വിവിധ പ്രവർത്തനങ്ങളായ ഭവന നിർമ്മാണം, കുട്ടികൾക്കായുള്ള യൂത്ത് ഫെസ്റ്റിവൽ, കൺവൻഷൻ, ക്രിസ്മസ് പരിപാടികൾ എന്നിവയെല്ലാം എക്കാലത്തും തങ്ങളിൽ ആത്മീയ ഉണർവ്വും ഊർജ്ജവും പകരുന്നവയായിരുന്നെന്നും മറുപടി പ്രസംഗത്തിൽ ബഹു. വൈദീകർ പറഞ്ഞു. കൗൺസിൽ സെക്രട്ടറി ആന്റോ കവലയ്ക്കൽ നന്ദി രേഖപ്പെടുത്തി.