കൊച്ചി: എറണാകുളത്ത് ഇനി ഒരാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ മുതൽ അടുത്ത ഞായറാഴ്ച വരെയാണ് നിയന്ത്രണം.

നാളെ രാവിലെ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ കടകൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഹോട്ടലുകൾ ബിവറേജസ് തുടങ്ങിയവയ്ക്ക് അഞ്ചുമണിക്ക് ശേഷം പാർസലുകൾ നൽകാം. ജിമ്മുകൾ, തിയറ്ററുകളും, പാർക്കുകളും എന്നിവ അടച്ചിടും. കല്യാണങ്ങൾക്ക് 30 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമേ അനുമതിയുള്ളു. ഫലത്തിൽ ലോക് ഡൗൺ തന്നെയാകും നടക്കുക. സിിനിമാ ഷൂട്ടീംഗുകൾക്കും നിരോധനമുണ്ട്.

മോഹൻലാൽ ചിത്രമായ ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇതും നിർത്തേണ്ടി വരും. കോവിഡ് വ്യാപിച്ചതിനെ തുടർന്നാണ് ഗോവയിലെ ഷൂട്ടിങ് വേണ്ടെന്ന് വച്ച് കൊച്ചിയിൽ ലാൽ എത്തിയതും. ഇവിടെ ഷൂട്ടിങ് നടക്കുകയും ചെയ്തു. ഇതിനൊപ്പം മറ്റ് ചില ചിത്രങ്ങളും കൊച്ചിയിൽ ഷൂട്ടിങ് നടക്കുന്നുണ്ട്. ഇതെല്ലാം നിർത്തേണ്ടി വരും.

അഞ്ചുമണിക്ക് ശേഷം അനാവശ്യമായി ഇറങ്ങി നടക്കുന്നവർക്കെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ സംസ്ഥാനത്ത് എറണാകുളത്തായിരുന്നു. കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. ഇതനുസരിച്ച് ചെറിയ സ്വകാര്യ ആശുപത്രികൾ പൂർണമായും കോവിഡ് ആശുപത്രികൾ ആക്കാനാണ് നീക്കം. മാനേജ്‌മെന്റ്കളോട് ഇതു സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 25% കോവിഡ് ബെഡ് ഒരുക്കും. എന്നാൽ നിശ്ചിത ശതമാനം ബെഡുകൾ നീക്കിവെയ്ക്കാൻ കഴിയാത്ത ചെറിയ ആശുപത്രികൾ അവരുടെ ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടുണ്ട്. 25% കിടക്കകൾ നീക്കിവച്ചാൽ ആശുപത്രിയിലെ മറ്റു രോഗികളുടെയും ചികിത്സയുടെയും കാര്യം പ്രതിസന്ധിയിലാകും എന്ന് ഇവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ആശുപത്രികൾ പൂർണമായും വിട്ടു നൽകുന്നതിനെക്കുറിച്ച് കളക്ടർ ചോദിച്ചത്. തീരുമാനം ഉടൻ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കാറ്റഗറി എ യിൽ പെടുന്ന കോവിഡ് രോഗികൾക്കായി വലിയ ആശുപത്രികൾ നേരിട്ട് എഫ് എൽ ടി സി കൾ ആരംഭിക്കും. ആശുപത്രികൾ തന്നെ ഇതിനോട് താൽപര്യം അറിയിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്തോ മറ്റു കെട്ടിടങ്ങളോ സ്ഥാപനങ്ങളോ വാടകയ്‌ക്കെടുത്തു ഇവർ ഈ സംവിധാനമൊരുക്കും. നിലവിൽ പല ആശുപത്രികളും ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളും ലോഡ്ജുകളും ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആവുന്ന പലർക്കും തന്നെ ഇൻഷൂറൻസ് പരിരക്ഷ ഉള്ളതിനാൽ എഫ് എൽ ടി സി യിൽ വരുന്നവർക്കും ഇതിലൂടെ തന്നെ പരിരക്ഷ ഉറപ്പാക്കാൻ കഴിയും. അതു കൊണ്ട് തന്നെയാണ് സ്വകാര്യ ആശുപത്രികളും ഈ സംരംഭത്തിനായി മുന്നിട്ടിറങ്ങുന്നത്.

കിടത്തി ചികത്സ ആവശ്യമില്ലാത്തവർക്കായി ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തും. ഇതിനായും പ്രത്യേക പാക്കേജുകൾ ഒരുക്കാൻ സ്വകാര്യ ആശുപത്രികളോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട് .അങ്ങനെ വരുമ്പോൾ അപ്പോൾ വീടുകളിൽ കഴിയുന്നവർക്ക് ഏതുസമയവും ബന്ധപ്പെടാൻ അതത് ആശുപത്രികൾ ടെലഫോണിലൂടെ സംവിധാനമൊരുക്കും. വീട്ടിലുള്ള രോഗികളുടെ വിശദാംശങ്ങളും കൃത്യമായി ആശുപത്രിയിൽ ശേഖരിക്കും. ഇങ്ങനെ വരുമ്പോൾ പോസിറ്റീവ് ആകുന്ന എല്ലാവർക്കും തന്നെ വൈദ്യസഹായം ഉറപ്പുവരുത്താൻ കഴിയും.

സ്വകാര്യ ആശുപത്രികളും ആയി ചേർന്ന് കൂടുതൽ കോവിഡ് ബെഡുകൾ ഒരുക്കുന്നതിന് ഒപ്പം തന്നെ സർക്കാർ തലത്തിലും ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജൽ മാത്രം മുന്നൂറ് ബെഡ് ഒരുക്കും. ആലുവ ജില്ലാ ആശുപത്രിയിൽ 100 ബെഡുകളും രണ്ടു ദിവസത്തിനുള്ളിൽ സഞ്ജമാകും. ജില്ലയിൽ ഇന്ന് രോഗികളുടെ എണ്ണം കൂടും. വ്യാപനം കൂടുതലായ മേഖലകളിലെ 17000 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. പരിശോധനകൾ കൂടുന്നതിന് ഒപ്പം തന്നെ രോഗികളുടെ ആനുപാതിക എണ്ണവും ജില്ലയിൽ വർദ്ധിക്കും. ഇതിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കൂടുതൽ രോഗികളെ കണ്ടെത്തുന്നതിലൂടെ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കഴിയും എന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.