കൊച്ചി: എറണാകുളത്ത് കോൺഗ്രസിന് ജയിക്കാൻ ഇത്തവണ വിയർപ്പൊഴുക്കണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ തിരികെ പിടിക്കുകയും പഞ്ചായത്തുകളിൽ മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്ത യു.ഡി.എഫിന് വിജയം നിലനിർത്താൻ എളുപ്പമല്ലെന്നാണ് സൂചനകൾ. വിമതരാണ് കോൺഗ്രസിനുള്ള പ്രധാന തലവേദന. ഘടകകക്ഷികളും എതിർപ്പുമായുണ്ട്.

കോൺഗ്രസ് മത്സരിക്കുന്ന 58 സീറ്റുകളിൽ ശക്തരും ദുർബലരുമായി 30 ഓളം വിമതരുണ്ട്. നിരവധി ഡിവിഷനുകളിൽ വിമതർ പിടിക്കുന്ന വോട്ടുകൾ പാർട്ടി സ്ഥാനാർത്ഥികളെ ബാധിക്കും. പുറത്താക്കിയെങ്കിലും കൂസലില്ലാതെ നിൽക്കുന്ന മുതിർന്ന നേതാവ് വിന്നി എബ്രഹാം മുതൽ സുനിത ഡിക്‌സൺ വരെയുള്ള വിമതർ 15 ലേറെ സീറ്റുകൾ കോൺഗ്രസിന് നഷ്ടപ്പെടുത്തുമെന്ന സ്ഥിതിയാണുള്ളത്. ഇത് സിപിഎമ്മിന്റെ സാധ്യതകൾ കൂട്ടുന്നു. ചിട്ടയായ പ്രവർത്തനത്തോടെ കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഇടതു പക്ഷം.

യുഡിഎഫ് നഗരസഭകളിലും വിമതഭീഷണി തുടരുകയാണ്. ആലുവ, അങ്കമാലി തുടങ്ങി ഭൂരിപക്ഷം നഗരസഭകളിലും വിമതന്മാർ നേടുന്ന വോട്ടുകൾ യു.ഡി.എഫിന്റെ പ്രതീക്ഷകളെ സാരമായി ബാധിക്കും. ആലുവയിൽ മുസ്‌ളീംലീഗ് ഉൾപ്പെടെ കോൺഗ്രസിനെതിരെ മത്സരിക്കുന്നുണ്ട്. എന്നാൽ ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ വിമതശല്യം കാര്യമായില്ല. പ്രതീക്ഷിച്ച സീറ്റുകൾ ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ സൗഹൃദ മത്സരവുമുണ്ട്. കുന്നത്തുനാട്ടിൽ കേരള കോൺഗ്രസ് (എം) തനിച്ച് മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പതിവിലേറെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ജില്ലയിൽ പ്രവർത്തനം നടത്തുന്നത്. വിമതശല്യം ഏതാനും നഗരസഭകളിൽ നേരിടുന്നുണ്ടെങ്കിലും അത് വലിയ പ്രശ്‌നമാകില്ലെന്ന നിഗമനത്തിലാണ് സിപിഐ(എം) ഉൾപ്പടെ പാർട്ടികൾ.

2010 ൽ ഒരു ബ്‌ളോക്കും 84 ഗ്രാമപഞ്ചായത്തുകളിൽ 12 എണ്ണവും മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. പ്രാദേശിക ബന്ധങ്ങളുള്ളവരെ സ്ഥാനാർത്ഥികളാക്കി കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനാണ് ഇക്കുറി എൽ.ഡി.എഫ് ശ്രമം. മുന്നണിക്കുള്ളിൽ സാരമായ പ്രശ്‌നങ്ങൾ ഇല്ലാത്തതും പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.