യൂറോപ്പിൽ ഉള്ള പത്തു ലക്ഷം കുട്ടികളെ 'ഇറാസ്മസ് ബേബീസ്' എന്നാണ് വിളിക്കുന്നത്. ഡച്ച് തത്വചിന്തകനും ക്രിസ്ത്യൻ പുനരുദ്ധാരണ പ്രസ്ഥാനത്തിന് സൈദ്ധാന്തിക അടിത്തറ ഇട്ട ആളും കല്യാണം പോലും കഴിക്കാത്ത ആളുമായിരുന്നു ഈ പറയുന്ന ഇറാസ്മസ്. പിന്നെ പുള്ളിയുടെ പേരിൽ ഈ പത്തുലക്ഷം കുട്ടികൾ എങ്ങനെ ഉണ്ടായി ?

ആയിരത്തി തോള്ളാരയിരത്തി എൺപത്തി ഏഴിൽ യൂറോപ്യൻ യൂണിയൻ ഒരു സ്‌കോളർഷിപ്പ് സ്‌കീം വന്നു. ഏതെങ്കിലും അംഗരാജ്യത്തെ കോളേജ് വിദ്യാർത്ഥികൾക്ക് വേറെ ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്ത് പോയി പഠിക്കാനുള്ള ചെലവ് വഹിക്കുന്നതായിരുന്നു ഈ സ്‌കോളർഷിപ്പ്. രണ്ടായിരത്തി പതിനാലായപ്പോഴേക്കും മുപ്പതു ലക്ഷം വിദ്യാർത്ഥികൾ അങ്ങനെ മറ്റു രാജ്യത്തു പോയി ഒരു വർഷം ചിലവഴിച്ചു. ഈ പഠനകാലത്ത് അവരിൽ പലരും അവരുടെ ജീവിത പങ്കാളിയെ കണ്ടെത്തി. മൂന്നിലൊന്നു പേരും (ഏതാണ്ട് 33 ശതമാനം) അവരുടെ രാജ്യത്തു നിന്നല്ലാതെ മറ്റൊരു യൂറോപ്യൻ രാജ്യത്തുനിന്നോ (ചിലപ്പോൾ യൂറോപ്പിന് പുറത്തുള്ള മറ്റൊരു രാജ്യത്തുനിന്നോ) ഉള്ള പങ്കാളിയെ ആണ് കണ്ടെത്തിയത്. സാധാരണ യൂറോപ്പിൽ മറ്റുരാജ്യങ്ങളിൽ നിന്നും വിവാഹം കഴിക്കുന്നവരുടെ എണ്ണം പതിമൂന്നു ശതമാനം ആണ്. അപ്പോൾ ഈ സ്‌കോളർഷിപ്പ് പ്രോഗ്രാമിന് വിദ്യാർത്ഥികളുടെ ലവ് ലൈഫിലും പ്രകടമായ സ്വാധീനം ഉണ്ടായെന്ന് വ്യക്തം.

ഇങ്ങനെ ഇറാസ്മസ് സ്‌കോളർഷിപ്പ് വഴി മറ്റൊരു രാജ്യത്തു പോയി അവിടെ സ്വരാജ്യത്തുനിന്നല്ലാതെ ഒരു പങ്കാളിയെ കണ്ടെത്തിയവർക്കുണ്ടായ കുഞ്ഞുങ്ങളെ ആണ് 'ഇറാസ്മസ് ബേബീസ് എന്ന് പറയുന്നത്'. ഇവരുടെ എണ്ണം ഏതാണ്ട് പത്തു ലക്ഷത്തിന് മീതെ വരുമെന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്.

ഇതൊന്നും ഞാൻ ചുമ്മാ പറയുന്നതല്ല. രണ്ടായിരത്തി പതിനാലിൽ നടത്തിയ ഇറാസ്മസ് ഇമ്പാക്ട് സ്റ്റഡി പറയുന്നതാണ്. ഈ കുട്ടികൾ ഉണ്ടായത് മാത്രമല്ല ഈ സ്‌കോളർഷിപ്പിന്റെ ഗുണം, കുട്ടികൾ വേറെ ഒരു ഭാഷ പഠിച്ചു, മറ്റൊരു രാജ്യത്തിന്റെ സംസ്‌കാരത്തെ പറ്റി അടുത്തറിഞ്ഞു, യാത്ര ചെയ്തു. ഇതെല്ലാം കഴിഞ്ഞപ്പോൾ അവരുടെ സാധ്യത സ്വന്തം രാജ്യത്ത് പഠിച്ചവരെക്കാൾ ഏറെ വർദ്ധിച്ചു.

മൂന്നു വർഷം മുൻപ് ഈ പഠനം വായിച്ചിട്ട് എനിക്ക് വളരെ സങ്കടം വന്നു. ഒന്നാമത് യൂറോപ്പിലെ ഇരുപത്തിഏഴു 'രാജ്യങ്ങളിലേ' യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് മറ്റൊരു രാജ്യത്തെ യൂണിവേഴ്‌സിറ്റിയിൽ പോയി ഒരു വര്ഷം പഠിച്ച് അവിടെ കിട്ടുന്ന മാർക്ക് (ക്രെഡിറ്റ്) സ്വന്തം യൂണിവേഴ്‌സിറ്റിയിൽ ഉപയോഗിച്ച് ഡിഗ്രി മേടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടെയാകട്ടെ ഒരേ രാജ്യത്തെ ഇരുപത്തി ഒൻപത് സംസ്ഥാനത്തിലെ യൂണിവേഴ്‌സിറ്റികൾ തമ്മിൽ പോലും അങ്ങനെ ഒരു പോർട്ടബിലിറ്റി ഇല്ല എന്നത് പോകട്ടെ ഒറ്റ സംസ്ഥാനത്തിന്റെ ഭാഗമായ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ തമ്മിൽ പോലും ഇങ്ങനെ ഒരു സംവിധാനം ഇല്ല. എന്തൊരു കഷ്ടം !

രണ്ടാമത്, വടക്കേ ഇന്ത്യയെ ഞാൻ കണ്ടതും ഏറെ മറ്റു സംസ്ഥാനക്കാരെ പരിചയപ്പെട്ടതും അങ്ങനെ 'വടക്കേ ഇന്ത്യാക്കാരെ' പറ്റിയുള്ള മുൻധാരണകൾ ഒക്കെ മാറിയതും ഐ ഐ ടി യിൽ പഠിക്കാൻ അവസരം ഉണ്ടായതുകൊണ്ടാണ്. ഇന്ത്യയിലെ ഓരോ യൂണിവേഴ്‌സിറ്റിയിലും മൂന്നിലൊന്നു കുട്ടികൾ എങ്കിലും മറ്റു സംസ്ഥാനത്തു നിന്ന് വരണമെന്ന് നിബന്ധന വക്കുകയും അതിന് സംസ്ഥാനവും കേന്ദ്രവും കൂടി ഒരു സ്‌കോളർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ നമ്മുടെ ദേശീയോദ്‌ഗ്രഥനത്തിന് അത് ഏറെ സഹായകം ആകുമായിരുന്നു.

ഇതൊക്കെ ഞാൻ ഓർക്കാൻ കാരണം നമ്മുടെ എൻ ഐ ടി യിലെ പെൺകുട്ടികളോട് ആൺകുട്ടികളുടെ കൂടെ നടക്കരുതെന്ന് വാർഡന്റെ നോട്ടീസ് കണ്ടപ്പോഴാണ്. സത്യത്തിൽ എനിക്കത് വിശ്വസിക്കാനേ പറ്റുന്നില്ല. ആയിരത്തി തൊള്ളായിരത്തി എൺപത്തിആറിൽ, അതായത് മുപ്പത് വർഷം മുൻപ് കാൺപൂർ ഐ ഐ ടിയിൽ ആണുങ്ങളുടെ ഹോസ്റ്റൽ മുറിയിൽ പെണ്കുട്ടികൾക്കോ പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ ആൺ കുട്ടികൾക്കോ പോകുന്നതിന് ഒരു വിലക്കും ഉണ്ടായിരുന്നില്ല. മൂന്നു പതിറ്റാണ്ടു കഴിയുമ്പോൾ കേരളത്തിൽ കാലം മുന്നോട്ടോ പിന്നോട്ടോ ഓടുന്നത് എന്ന് എനിക്ക് സംശയം വരുന്നു..

ഇന്ത്യയിലെ ഏതു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിക്കും മറ്റ് ഏത് യൂണിവേഴ്‌സിറ്റിയിലും പോയി ഒന്നോ അതിലധികമോ വര്ഷം ചെലവാക്കാൻ പറ്റുന്നതും, അതിനു സർക്കാർ കാശ് കൊടുക്കുന്നതും അങ്ങനെ കണ്ടു മുട്ടുന്ന കോടിക്കണക്കിന് ഇന്ത്യക്കാർ പരസ്പരം അറിഞ്ഞു ജീവിക്കാൻ തീരുമാനിക്കുന്നതും അതിൽ നിന്നും മലയാളിയും ബംഗാളിയും ആന്ധ്രാക്കാരനും മണിപ്പൂരിയും ഒന്നും അല്ലാതെ ഇന്ത്യാക്കാർ ആയ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും ആയ ഒരു ഇന്ത്യയാണ് എന്റെ സ്വപ്നം.

കുഞ്ഞുണ്ടാക്കുന്നത് പോയിട്ട് ആണും പെണ്ണും അടുത്തിരിക്കുന്നുണ്ടോ എന്ന് ഒളികാമറ വച്ച് നോക്കുന്ന ഇന്ത്യയാണെന്റെ പേടി സ്വപ്നം.