നൈസ്: ബെൽജിയത്തോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട് സ്വീഡൻ യൂറോയിൽ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. മറ്റൊരു മത്സരത്തിൽ ശക്തരായ ഇറ്റലിയെ ഏക ഗോളിന് അയർലൻഡും അട്ടിമറിച്ചു. ഇരു മത്സരത്തിലും അവസാന ഘട്ടത്തിലാണ് ഫലം നിർണയിച്ച ഗോളുകൾ പിറന്നത്.

ഗ്രൂപ്പ് എഫിൽ നിർണായക മത്സരത്തിനിറങ്ങിയ പോർച്ചുഗലിനെ ഹംഗറി 3-3 എന്ന നിലയിലാണ് തളച്ചത്. മത്സരം സമനിലയായതോടെ ഹംഗറി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ കടന്നപ്പോൾ മികച്ച മൂന്നാം സ്ഥാനക്കാരായ നാലു ടീമുകളിൽ കടന്ന് കൂടി പോർച്ചുഗലും പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയക്കെതിരെ ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടി ഐസ്‌ലൻഡ് പ്രീ ക്വാർട്ടർ ഉറപ്പാക്കി. 2-1 നായിരുന്നു വിജയം.

സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് കണ്ണീരോടെ പടിയിറക്കമാണ് ഉണ്ടാവുന്നത്. തന്റെ അവസാന രാജ്യാന്തര മത്സരത്തിലാണ് സ്വീഡന്റെ തോൽവി. സ്വീഡൻ ബെൽജിയം മത്സരത്തിൽ 84ാം മിനിറ്റിൽ രദ്ജ നൈൻഗോളൻ സ്വീഡനായി ഗോൾ നേടി. ഈഡൻ ഹസാർഡിന്റെ പാസിൽ നൈൻഗോളൻ ബോക്‌സിനു പുറത്ത് നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളിയേയും കടന്ന് ഇടത് മൂലയിലൂടെ പോസ്റ്റിൽ തുളഞ്ഞു കയറുകയായിരുന്നു. വിരമിക്കൽ മത്സരത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനും നിരവധി അവസരങ്ങൾ തേടി എത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല.

ഇറ്റലി അയർലൻഡ് മത്സരത്തിൽ ഗോൾ പിറന്നത് 85ാം മിനിറ്റിലാണ്. റോബി ബ്രാഡിയുടെ തകർപ്പൻ ഹെഡ്ഡറിലൂടെയാണ് അയർലൻഡ് ഇറ്റലിയെ അട്ടിമറിച്ചത്. ആദ്യമെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഇറ്റലിക്ക് താരതമ്യേന ചെറിയ ടീമായ അയർലൻഡിനോടേറ്റ പരാജയം അവരുടെ ആത്മ വീര്യത്തെ ബാധിക്കും. ഇന്നത്തെ മത്സര വിജയത്തോടെ ബെൽജിയവും അയർലൻഡും പ്രീ ക്വാർട്ടറിൽ കടന്നു.