കാഞ്ഞിരപ്പള്ളി: മതസൗഹാർദത്തിന്റെ മാറ്റുരയ്ക്കലാണ് എരുമേലി ചന്ദനക്കുട മഹോത്സവവും പേട്ടതുള്ളലും. ചന്ദനക്കുടത്തിന്റെ മുന്നോടിയായിട്ടുള്ള മാലിസ ഘോഷയാത്ര ഇന്നലെ 1.30ന് എരുമേലി നൈനാർപള്ളിയിൽനിന്ന് ആരംഭിച്ചു.

ഘോഷയാത്ര ചൊവ്വാഴ്ച പുലർച്ചെ പള്ളിവളപ്പിൽ തിരിച്ചെത്തിയതോടെ ചന്ദനക്കുട മഹോത്സവത്തിന് സമാപനമായി. തുടർന്ന് പേട്ട തുള്ളലും. ശബരിമല തീർത്ഥാടനത്തിലെ മതമൈത്രിയുടെ ഉത്തമോദാഹരണങ്ങളാണ് ഈ രണ്ട് ചടങ്ങുകൾ. മകരസംക്രമ പൂജയ്ക്ക് മുമ്പായി ധനു 27ന് നടക്കുന്ന എരുമേലി പേട്ട തുള്ളതൽ ഇത്തവണയും ആചാരപൂർവ്വം നടന്നു.

അമ്പലപ്പുഴആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളൽ മതമൈത്രിക്ക് പൊൻതൂവൽ ചേർക്കുന്ന ചടങ്ങാണ്. എരുമേലി കൊച്ചമ്പലത്തിൽനിന്ന് ആരംഭിക്കുന്ന അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തെ വാവരുപള്ളിയുടെ മുൻവശത്ത് സ്വീകരിച്ചു. സംഘത്തിലെ പെരിയസ്വാമി കളത്തിൽ ചന്ദ്രശേഖരൻനായരെ പച്ച ഷാൾ അണിയിച്ച് എരുമേലി മഹല്ലാ ജമാഅത്ത് ഭാരവാഹികൾ സ്വീകരിച്ചു.

ഇതേ സമയം പള്ളിയുടെ മുകളിൽനിന്ന് പുഷ്പവൃഷ്ടിയും ഉണ്ടാകും. പേട്ടതുള്ളിയെത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്തിന്റെ ഒരു പ്രതിനിധി വലിയമ്പലം വരെ അനുഗമിക്കും. ഉച്ചകഴിഞ്ഞ് പേട്ട തുള്ളിയെത്തുന്ന ആലങ്ങാട്ട് സംഘം വാവരുപള്ളിക്ക് മുന്നിൽ എത്തുമെങ്കിലും പള്ളിവളപ്പിൽ കയറാറില്ല. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരു സ്വാമിയും പോയി എന്നാണ് ഐതിഹ്യം.

ശബരിമല തീർത്ഥാടനകാലത്തെ പ്രധാന അനുഷ്ഠാനങ്ങളില് ഒന്നാണ് എരുമേലിയിലെ പേട്ടതുള്ളൽ. എരുമേലിയിലെ തീർത്ഥാടകർ സന്ദർശിക്കുന്ന മൂന്ന് പവിത്ര സ്ഥാനങ്ങളുണ്ട് ധര്മ്മശാസ്താ ക്ഷേത്രങ്ങളായ കൊച്ചമ്പലവും വലിയമ്പലവും വാവരുടെ പള്ളിയും. എരുമേലിയിലെ അനുഷ്ഠാന നൃത്തമാണ് പേട്ട തുള്ളൽ. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ് എരുമേലി പേട്ടതുള്ളൽ.

ശബരിമലയിൽ ആദ്യമായി വരുന്ന ഭക്തർ ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാർത്ഥനയുടെ അർത്ഥം ഒരുവന്റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും വാവരുടെ മോസ്‌കിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു. പേട്ടതുള്ളൽ ദിവസമായ ധനു 27ന് അമ്പലപ്പുഴആലങ്ങാട് സംഘങ്ങൾ ഇതിന് എത്തുന്നു.

അയ്യപ്പൻ ശബരിമല യാത്രയ്ക്കിടെ എരുമേലിയിൽ മഹിഷി എന്ന അസുരനെ വധിച്ചതിന്റെ ഐതീഹ്യസ്മരണയിൽ ആചാര അനുഷ്ഠാനമായി അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളാണു പേട്ടതുള്ളൽ നിർവഹിക്കുന്നത്.