- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന്റെ രണ്ടം തരംഗം: ആശുപത്രി സന്ദർശനം ഒഴിവാക്കാൻ വിപുലമായ സേവനങ്ങളുമായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്;ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി ശക്തിപ്പെടുത്തും; എല്ലാ ദിവസവും സെപ്ഷാലിറ്റി ഒ പി ഒരുക്കാനും നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതാണ് ഇ-സഞ്ജീവനി. ഇപ്പോൾ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നേരിട്ട് പോയി തുടർചികിത്സ നടത്തുന്നവരും ടെലി മെഡിസിൻ സേവനം ഉപയോഗിക്കേണ്ടതാണ്. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശവർക്കർമാർ, സ്റ്റാഫ് നഴ്സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ. എന്നിവർക്കും ഇ-സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ആരോഗ്യ ആവശ്യങ്ങൾക്കും ഇ-സഞ്ജീവിനി ടെലി മെഡിസിൻ സേവനങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇതിലൂടെ മതിയായ കാരണങ്ങളില്ലെങ്കിൽ ആശുപത്രി സന്ദർശനവും രോഗ പകർച്ചയും ഒഴിവാക്കാനാകും. ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശുപത്രിയിൽ നേരിട്ടു പോകാതെ ഓൺലൈൻ വഴി ചികിത്സ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി തുടക്കം കുറിച്ച ഇ-സഞ്ജീവനി വഴി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 33 തരം വിവിധ ഒ.പി.ഡി. സേവനങ്ങളാണ് നൽകുന്നത്.
സർക്കാർ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാവുന്നതാണ്. ഇ-സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറുപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു.
എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെയാണ് ജനറൽ ഒപി പ്രവർത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫർ ചെയ്യുന്നു. നവജാത ശിശു വിഭാഗം ഒപി (തിങ്കൾ മുതൽ ശനിവരെ രാവിലെ 10 മുതൽ 1 മണിവരെ), സൈക്യാട്രി ഒപി (തിങ്കൾ മുതൽ വെള്ളി വരെ 9 മുതൽ 1 വരെ), പോസ്റ്റ് കോവിഡ് ഒ.പി. (എല്ലാ ദിവസവും സമയം 9 മുതൽ 5 വരെ), ഡി.ഇ.ഐ.സി. ഒ.പി. (തിങ്കൾ മുതൽ വെള്ളിവരെ 10 മുതൽ 4 വരെ), കൗമാര ക്ലിനിക്ക് (തിങ്കൾ മുതൽ വെള്ളിവരെ 10 മുതൽ 4 വരെ) തുടങ്ങിയ സ്പെഷ്യാലിറ്റി ഒപികളും പ്രവർത്തിക്കുന്നു.
കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങൾ നൽകി വരികയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം (ചൊവ്വ, വ്യാഴം ഉച്ചയ്ക്ക് 2 മുതൽ 4 വരെ), ഇംഹാൻസ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ), ആർസിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതൽ 4.15 വരെ), കൊച്ചിൻ കാൻസർ സെന്റർ (തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ 12 വരെ), മലബാർ കാൻസർ സെന്റർ തലശേരി (തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 3 മുതൽ 4 വരെ) തുടങ്ങിയ സ്ഥാപനങ്ങൾ ഒപി സേവനങ്ങൾ ഇ സഞ്ജീവനി വഴിയും ആരംഭിച്ചിട്ടുണ്ട്. 28 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളിൽ നിന്നും ലഭ്യമാകുന്നത്.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം.ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ 1056 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.