ദുബായ്: എസ്‌കലേറ്ററുകളിൽ കുട്ടികൾക്ക് സുരക്ഷാ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കെട്ടിട ഉടമ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് എൻവയോൺമെന്റ് ഹെൽത്ത് ആൻഡ് സേഫ്റ്റി സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് മുഹമ്മദ് ഷെരീഫ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി വേണം ഷോപ്പിങ് മാളുകളിലും വൻകിട കെട്ടിടങ്ങളിലും എസ്‌കലേറ്ററുകൾ സ്ഥാപിക്കേണ്ടത്. ഇവയുടെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമല്ലെങ്കിൽ ആയിരം ദിർഹം പിഴ നൽകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതു മൂലം എസ്‌കലേറ്ററുകളിൽ കുട്ടികൾ വീണ് ഏറെ അപകടമുണ്ടാകുന്ന സംഭവങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എസ്‌കലേറ്ററുകളിൽ കുട്ടികൾ തൂങ്ങിക്കിടക്കാനോ വസ്ത്രങ്ങൾ കുരുങ്ങാനോ ഉള്ള സാഹചര്യം ഉണ്ടാവരുത്. എലിവേറ്ററുകൾ, എസ്‌കലേറ്ററുകൾ, പാസ് വേകൾ എന്നിവർ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നതായുള്ള സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.