ഹേമമാലിനിയുടെ മകളും അഭിനേത്രിയുമായ ഇഷ ഡിയോളിന്റെ ഗർഭകാലത്തെ വിവാഹമാണ് ഇപ്പോൾ ബോളിവുഡിലെ വിശേഷം. നിറവയറുമായി വിവാഹവേഷത്തിൽ നില്ക്കുന്ന നടിയുടെ ചിത്രങ്ങളും വൈറലാവുകയാണ്. ബേബി ഷവറിന്റെ ഭാഗമായി ഇവരുടെ സമുദായത്തിൽ നടക്കുന്ന ആചാരത്തിനായാണ് നടി വീണ്ടും വിവാഹം കഴിച്ചത്. ഗോത്ത് ബാരിയെന്ന പേരിലാണ് ചടങ്ങ് അറിയപ്പെടുന്നത്.

ഭർത്താവ് ഭരത് ടക്താനി തന്നെയാണു വരൻ. സിന്ധി കുടുംബാഗമായ ഇഷ ഗർഭിണിയായപ്പോൾ അവരുടെ ആചാരപ്രകാരമുള്ള ചടങ്ങാണു നടത്തിയത് എന്നു പറയുന്നു. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ബേബി ഷവറിന്റെ ഭാഗമായി ഉത്തരേന്ത്യക്കാർ നടത്താറുണ്ട്. വധുവിനെ അച്ഛന്റെ മടിയിൽ നിന്നും കന്യാദാനം ചെയ്ത് ഭർത്താവിന്റെ മടിയിലേയ്ക്കു മാറ്റുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ബോളിവുഡ് താരസുന്ദരി ഹേമാ മാലിനിയുടേയും, നടൻ ധർമ്മേന്ദ്രയുടേയും മകൾ ആണ് ഇഷ ഡിയോൾ

ബോളിവുഡ് ഫാഷൻ ഡിസൈനർ നീത ലുല്ലയാണ് ഈ വിവാഹത്തിനുള്ള വസ്ത്രങ്ങൾ ഇഷയ്ക്ക് ഡിസൈൻ ചെയ്തു നൽകിയത്. ചുവപ്പും റോസും ഇടകലർന്ന നിരവധി ലെയറുകളുള്ള അനാർക്കലിയായിരുന്നു ഇഷയുടെ വിവാഹ വേഷം.