കൊല്ലം: ഇ എസ് ഐ നിയമത്തിലെ ചില നിബന്ധനകളും കശുവണ്ടി മേഖലയിലെ പ്രതിസന്ധിയുമാണ് കൊല്ലം സ്വദേശി ബിഞ്ജുവിന്റെ മെഡിക്കൽ പഠനസ്വപ്‌നങ്ങളിൽ നിഴൽ പരത്തിയിരിക്കുന്നത്. അമ്മ ജോലി ചെയ്യുന്ന കശുവണ്ടി ഫാക്ടറി പ്രവർത്തിക്കാത്തതിനാൽ ഇ എസ ഐ മെഡിക്കൽ കോളേജിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണിപ്പോൾ. മുഖ്യമന്ത്രീ അങ്ങേയ്ക്ക് ഈ മിടുക്കിയുടെ വേദന കാണാതിരിക്കാനാവില്ല, ഈ കുടുംബത്തിന്റെ നിസ്സഹായതയോട് മുഖം തിരിക്കാനാവില്ല, മറ്റാരേക്കാളും ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ കാണാൻ കഴിയും.

ഇ എസ് ഐ കോർപ്പറേഷന്റൈ കീഴിലുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 37 ശതമാനം സീറ്റുകൾ ഇൻഷൂറൻസ് സ്‌ക്കീമിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടവയാണ്. ഇതിൽ നീറ്റ് സ്‌ക്കോർ അനുസരിച്ചുള്ള ലിസ്റ്റിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. കശുവണ്ടിത്തൊഴിലാളിയുടെ മകളായ ബിഞ്ജു ഈ ക്വാട്ടയിലാണ് പ്രവേശനയോഗ്യത നേടിയത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ബിഞ്ജുവിന് പ്രവേശനം നല്കാൻ പക്ഷേ കോളേജ് അധികൃതർ തയ്യാറാകുന്നില്ല. ഇഎസ് ഐ നിയമം അനുസരിച്ചുള്ള യോഗ്യത ബിഞ്ജുവിന്റെ അമ്മയ്ക്കില്ലഎന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിക്കുന്നത്

ഒരു തൊഴിലാളിക്ക് ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ഇ എസ് ഐ നിയമം അനുശാസിക്കുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇതനുസരിച്ച് 2012 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയുള്ള പത്ത് കോൺട്രിബ്യൂഷൻ കാലഘട്ടങ്ങളിൽ 78 ദിവസങ്ങളിൽ കുറയാത്ത ഹാജർ നിർബ്ബന്ധമാണ്. എന്നാൽ ഈ നിബനധന എല്ലാ തൊഴിലിടങ്ങളിലും ഒരേ പോലെ ബാധകമാക്കിയതാണ് പ്രശ്‌നമാകുന്നത്. കശുവണ്ടി ഫാക്ടറിപോലെ സീസണുകളിൽ മാത്രം പ്രവർത്തിക്കുന്ന ഇടങ്ങളിലെ തൊഴിലാളികൾ ഇതുമൂലം പദ്ധതിയിൽ നിന്നും പുറത്താക്കപ്പെുടുന്നു. അവരുടെ കുട്ടികൾക്ക് അവകാശപ്പെട്ട പ്രയോജനങ്ങൾ ലഭിക്കാതെ പോകുന്നു. ഈ വിവേചനം പരിഹരിക്കപ്പെടേണ്ടതാണ്.

' കശുവണ്ടിപോലെ സീസണൽ പ്രോഡക്ടുകൾക്ക് ഈ നിയമം ഒരിക്കലും പ്രായോഗികമല്ല. ആറുമാസക്കാലത്തിനിടയിൽ 78 പ്രവൃത്തിദിവസം എന്നത് ഒരിക്കലും ഉറപ്പുപറയാനാവില്ല. ഈ മേഖലയുടെ സ്വഭാവം അറിയാതെയാണ് ഈ നിബനധന ഏർപ്പെടുത്തിയിരിക്കുന്നത് '. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ പറയുന്നു. ബിഞജുവിന്റെ പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആ കുട്ടിക്ക് നിയമസഹായം വേണമെങ്കിൽ നല്കാൻ കോർപ്പറേഷൻ തയ്യാണെന്നും അദ്ദേഹം പറയുന്നു .

ഏറെ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനത്തെ കശുവണ്ടി മേഖല കടന്നു പോകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ അനിശ്ചിതത്വത്തിലായ മേഖല സമ്പൂർണ്ണമായ അഴിച്ചുപണിയിലൂടെ തിരിച്ചുവരവിന്റെ പാതയിലുമാണ്. തൊഴിലാളിയുടെ പാർട്ടി ഭരിക്കുന്ന സർക്കാരിനോടാണ് പഠനത്തിനായി കരുണ കാട്ടാൻ ഈ പെൺകുട്ടി അപേക്ഷിക്കുന്നത്. ആറു മാസത്തിനിടെ ഇരുപത്തിയഞ്ചു തൊഴിൽ ദിനം പോലും ഉറപ്പാക്കാനാവാത്ത സാഹചര്യത്തിൽ കണ്ണു കാണാത്ത നിയമത്തിൽ ഇളവാണ് ചോദിക്കുന്നത്. പാവപ്പെട്ടവരെ സ്വപ്‌നം കാണാൻ പഠിപ്പിച്ച പാർട്ടിയുടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് ചോദിക്കുന്നത് , അങ്ങേയ്ക്ക് ഈ പെൺകുട്ടിയുടെ സ്വപനങ്ങളോട് ഉത്തരവാദിത്തമില്ലേ? ഇവർക്കു പിന്നിൽ കശുവണ്ടിയുടെ കരിപുരണ്ട കുടുംബം മാത്രമല്ല നിയമത്തിന്റെ കാളിമയിൽ ആരും കാണാതെ പോയ ഒരു സമൂഹമുണ്ട്. നിയമത്തിന്റെ കർക്കശതകളിൽ ബലിയാടാകാൻ ഇനിയും ഒരു മിടുക്കിയെക്കൂടി വിട്ടുകൊടുക്കരുതേ. ഇളവനുവദിച്ച് ഒരു ഡോക്ടറായി തീരാൻ ഇവളെ അനുവദിക്കണം. കോളേജിൽ അടയ്ക്കാനുള്ള 24, 000 രൂപ ഈ ദാരിദ്ര്യത്തിനിടയിലും ഡി ഡി ആക്കി മാറ്റിയിട്ടുണ്ട് ഈ കുടുംബം. കോളേജിൽ നിന്ന് വിളി വന്നാലുടൻ ചേരാൻ. ആ വെളുത്തകുപ്പായം അത്രമേൽ ആഗ്രഹിച്ചുപോയി സർ