കൊച്ചി: എസ്രയുടെ വിജയത്തിനു പിന്നിൽ കോംപ്രമൈസില്ലാത്ത മേക്കിങ് സ്‌റ്റൈലാണ്. എസ്ര തിയേറ്ററുകളിൽ വിജയമായി. ഈ പ്രേതകഥ നിറഞ്ഞ സദസ്സുകളിൽ ഓടുകയാണ്. അപ്പോൾ സിനിമയുടെ സെറ്റിനെ പിശാച് പിടിച്ചോ എന്ന കഥകൾ വ്യാപകമായി പ്രചരിക്കുന്നു. ഈ വിഷയത്തിൽ ചിത്രത്തിന്റെ ക്യാമറാമാനായ സുജിത് വാസുദേവ് മനസ്സ് തുറന്നത് ദീപികയോടാണ്. അദ്ദേഹവും ചില സംശയങ്ങൾ തന്നെയാണ് പങ്കുവയ്ക്കുന്നത്.

എനിക്ക് ഇത്തരം കാര്യങ്ങളിലൊന്നും വലിയ വിശ്വാസമില്ല. എല്ലാ മതങ്ങളിലും എനിക്കു വിശ്വാസമുണ്ട്. സ്വാഭാവികമായും ഞാൻ എല്ലാ ദൈവങ്ങളെയും ആരാധിക്കാറുണ്ട്. ദൈവം ഉണ്ടെങ്കിൽ പിശാചും ഉണ്ടാകണമല്ലോ. അതിലൊന്നും അകമഴിഞ്ഞു വിശ്വസിക്കേണ്ട കാര്യവുമില്ല. കാരണം, നമ്മൾ ചെയ്യാത്തതിലൊന്നും ദൈവം അകമഴിഞ്ഞു കനിഞ്ഞുതരില്ല. നമ്മൾ എന്തെങ്കിലും ആവണമെങ്കിൽ നമ്മൾ തന്നെ വർക്ക് ചെയ്യണം. എന്റെ ജോലിയിൽ മാത്രമേ എനിക്കു വിശ്വാസമുള്ളൂ. എന്റെ ജോലിയെ വളരെയധികം സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു.

സെറ്റിൽ വളരെ നല്ല രീതിയിൽ വർക്ക് ചെയ്തിരുന്ന ഒരു ജനറേറ്റർ പെട്ടെന്നു നിന്നുപോയി. ലൈറ്റുകൾ മൂന്നാലെണ്ണം കേടായി. നോക്കുമ്പോൾ കേബിളിനോ മറ്റു കാര്യങ്ങൾക്കോ യാതൊരു തകരാറുമില്ല. രണ്ടു കാമറ ഒരേസമയം ഉപയോഗിക്കുകയായിരുന്നു. രണ്ടും ഒരേസമയം നിന്നു. യാതൊരു തകരാറും ഇതേവരെ സംഭവിക്കാത്ത ഹൈഡ്രോളിക് ട്രോളിയുടെ ബാറ്ററി വീക്കായി. അതിനു പകരം ബോംബെയിൽ നിന്നു വരണം. അതിന്റെ  ടെൻഷൻ. വിശ്വാസമുള്ളവരും സെറ്റിലുണ്ടായിരുന്നു. അവരുടെ വിശ്വാസം തകർക്കേണ്ടെന്നു കരുതി. പുരോഹിതനെ കൊണ്ടുവന്നു പ്രാർത്ഥന നടത്തി. അതിനുശേഷം ഇത്തരം പ്രശ്‌നങ്ങൾക്കു കുറവുവന്നതായി അനുഭവപ്പെട്ടു-സുജിത് വിശദീകരിക്കുന്നു.

ചിത്രത്തിന്റെ വിജയത്തിലെ പ്രധാന ഘടകം പൃഥ്വിരാജാണെന്നും ക്യാമറാമാൻ പറയുന്നു. എസ്രയിൽ രാജുവിന്റെ പ്രകടനം വളരെ മികച്ചതാണ്. പൃഥ്വിരാജിന്റെ ഭാഗത്തു നിന്നു പൂർണ പിന്തുണയുണ്ടായിരുന്നു. പല ദിവസങ്ങളിലും ഉറക്കമൊഴിഞ്ഞു ചെയ്യേണ്ട സിനിമയാണെന്നും പലതും വിചാരിക്കുന്നതു പോലെ നടക്കാൻ സാധ്യതയില്ലാത്ത സീക്വൻസുകളാണെന്നും രാജുവിന് അറിയാമായിരുന്നു. കാരണം ലൈറ്റ് ഫ്‌ളിക്കറിങ് കൃത്യമായ സമയത്തു സംഭവിക്കണം. ഇത്ര മണിക്കു ഷൂട്ടിങ് കഴിഞ്ഞു മടങ്ങാം എന്നു പറയാനാകാത്ത സിനിമയായിരുന്നു എസ്ര-സുജിത് വിശദീകരിക്കുന്നു.

സംവിധാനവും ഛായാഗ്രഹണവും പരിഗണനയിലാണ്. സംവിധാനത്തിലേക്ക് അധികം വൈകാതെ തന്നെ വരും. അതു മലയാളത്തിൽ തന്നെ ആകണമെന്നില്ല. ചിലപ്പോൾ ഇതരഭാഷയിലേക്കു പോകാനുള്ള സാധ്യതയുമുണ്ട്-സുജിത് പറയുന്നു.