- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴകിയ പരിപ്രേക്ഷ്യങ്ങളെ കാലികമായി പുതുക്കുന്ന പുതു വായനകൾ ഇനിയും ഉണ്ടാകണം; 'സ്ത്രീ ശരീരത്തിന്റെ ഉടൽക്കാഴ്ചകൾ'-ജെയ്സ് പാണ്ടനാട് എഴുതുന്നു
ഒരു സമൂഹത്തിന്റെ മാന്യത, സംസ്കാരം എന്നിവ അടയാളപ്പെടുത്തുന്നത് സ്ത്രീകളോട് ആ സമൂഹം കാണിക്കുന്ന ആദരവ്, കുടുംബ ഘടന, സ്ത്രീകളുടെ സാമൂഹിക പദവി എന്നിവയെ അനുസരിച്ചാണ്.ഇന്ത്യയനവസ്ഥയിൽ മോശപ്പെട്ട ചരിത്രമാണ് സ്ത്രീകളുടേത്. ജാതിവ്യവസ്ഥയും അടിമത്തവും അടിച്ചേൽപ്പിച്ച ഭീകരമായ മർദ്ദനങ്ങൾ, ഒഴിവാക്കലുകൾ എല്ലാം കീഴാളസ്ത്രീകൾ അനുഭവിച്ചു. മണ്ണാപ്പേടി, പുലാപ്പേടി, പുളികുടി, തിരണ്ടൂ കല്യാണം, വിധവാ സമ്പ്രദായം, സ്മാർത്ത വിചാരം, ദേവദാസി സമ്പ്രദായം, പാണ്ഡവാചാരം, സംബന്ധം, ഇങ്ങനെ നിരവധി ദുരാചാരങ്ങൾ നായർ, ഈഴവ, നാടാർ, വിശ്വകർമ, ദലിത് - ആദിവാസി സ്ത്രീകൾ അനുഭവിച്ചു.
അന്തർജനങ്ങൾ വിധവമാരായാൽ പുനർ വിവാഹം അനുവദിച്ചിരുന്നീല്ല. പുറത്തു പോകുമ്പോൾ മറക്കുട പിടിക്കണം. ഇല്ലത്തെ നാലുകെട്ടിന്റെ ഉള്ളിൽ വിവാഹം കഴിക്കാതെ നരകിച്ച് ജീവിക്കാനാണ് വിധി. മൃത ശരീരത്തിൽ താലി ചാർത്തി മംഗല്യവതിയാക്കുന്ന താലികെട്ട് കല്യാണം നിലനിന്നിരുന്നു. മനുസ്മൃതി ക്രൂരമായ നിയമങ്ങൾ ആണ് അടിച്ചേൽപ്പിച്ചു. സ്ത്രീകളെ അടിമകളായി ജോലി ചെയ്യിപ്പിക്കുകയും വിൽക്കുകയും ചെയ്തിരുന്നു. മനുവിനെ സംബന്ധിച്ച് സ്ത്രീ അധ:പതിച്ചവളാണ്. സ്വാതന്ത്ര്യം ഇല്ലാത്തവളാണ്.
നായർ സ്ത്രീകൾ നമ്പൂതിരിമാരുടെയും ക്ഷത്രിയരുടെയും മുന്നിൽ മാറു മറയ്ക്കാൻ പാടില്ലായിരുന്നു.സ്ത്രീകൾ മുലക്കരം തലക്കരവും കൊടുക്കണമായിരുന്നു. കെട്ടിയ പെണ്ണിനെ ആദ്യ രാത്രിയിൽ ജന്മിമാർക്ക് കാഴ്ചവയ്ക്കണയിരുന്നു.ദലിത് സ്ത്രീകൾക്ക് സ്വർണ്ണ - വെള്ളി ആഭരണങ്ങൾ, മൂക്കുത്തി ഇവ അണിയാൻ അനുവാദം ഇല്ലായിരുന്നു. പന്തളത്ത് നടന്ന മൂക്കുത്തി സമരം, കായംകുളത്ത് നടന്ന ഏത്താപ്പു/ അച്ചിപുടവ സമരം, കൊല്ലം പീരങ്കി മൈതാനത്ത് നടന്ന കല്ലുമാല പറിച്ചെറിയൽ സമരം എന്നിവ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മനുസ്മൃതി പറയുന്നത്, ' ന: സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്നാണ്. ബാല്യത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും സ്ത്രീയെ സംരക്ഷിക്കണം. ഇതാണ് വ്യവസ്ഥ.ഭർത്താവ് മരിച്ചാൽ ഹാര്യ ഭാര്യ ചിതയിൽ ചാടി ആത്മഹത്യ ചെയ്യണമെന്ന ' സതി' എന്ന ദുരാചാരം.പെൺകുട്ടികളെ ക്ഷേത്രത്തിൽ ദാനം ചെയ്യുക. ശിശുവിവാഹം, ബഹുഭാര്യത്വം, ബഹുഭർത്രുത്വം എന്നിവ സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി, പുർഷന്റെ കാൽക്കീഴിൽ അടിച്ചമർത്തി.
ആർത്തവത്തിന്റെ പേരിൽ അയിത്തം കൽപിച്ച് അകറ്റി നിർത്തി. ശബരിമല കേസിൽ ജൈവപരമായ ഘടകങ്ങളുടെ പേരിൽ മാറ്റിനിർത്തുന്നത് ' അയിത്തം ' ആചരിക്കുന്നത് തുല്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു( Abolition of untouchability, Article 17).മാത്രമല്ല തുല്യതയുടെ നിഷേധമാണന്നും ( Right to Equality) പറഞ്ഞു.
വലതുപക്ഷ മുസ്ലിം യാഥാസ്ഥിതിക സമൂഹം സ്ത്രീകൾക്ക് സ്വന്ത ശരീരത്തിന്മേൽ യാതൊരു നിയന്ത്രണാഅവകാശങ്ങളും നൽകിയിരുന്നില്ല. ശരീഅത്ത് നിയമങ്ങൾ തികച്ചും സ്ത്രീ വിരുദ്ധത നിറഞ്ഞതാണ്. പൗരോഹിത്യ - പുരുഷാധിപത്യ അടിച്ചമർത്തൽ സ്വാഭാവമുള്ളതാണ്. ഒന്നിലധികം ഭാര്യമാരെ അനുവദിക്കുന്ന, സ്ത്രീകളെ വസ്ത്രമായും കൃഷിയിടമായും കണക്കാക്കുന്ന മതശാസനകൾ. മുത്തലാക്കും മൂത്തുഅ കല്യാണം ( താൽക്കാലിക കല്യാണം), വെപ്പാട്ടി സമ്പ്രദായം, ശയനമുറിയിൽ അകന്നിരിക്കാം, ഉപേക്ഷിക്കാം തുടങ്ങീ ആയത്തുകൾ കാണാം(സൂറ:4:3,2:187,4:34,2:223,4:24). പർദ്ദയും ബൂർഖയും ഹിജാബും എല്ലാം നിർബന്ധം.
പൊളിറ്റിക്കൽ ഇസ്ലാമിന്റെ ജിഹാദി ഭരണ കൂടങ്ങൾ എത്ര സ്ത്രീ വിരുദ്ധമായിട്ടണ് പെരുമാറുന്നത്.' നിങ്ങളിൽ ആരാണ് മലാല ? പറയു.. ഇല്ലെങ്കിൽ നിങ്ങൾ എല്ലാവരെയും ഞാൻ വെടിവച്ചു കൊല്ലും.....'തലക്കെട്ടുള്ള്ള ഒരു താടിക്കാരൻ ആക്രോശിച്ചു.മലാലയെ വധിക്കാൻ എത്തിയ താലിബാൻകാരന്റെ വാക്കുകൾ മലാല ഓർത്തെടുക്കുന്നത് അങ്ങനെയാണ്. സ്കൂൾ കഴിഞ്ഞു, സ്ക്കൂൾ ബസിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. കൈയെത്തും ദൂരത്ത് നിന്ന് അയ്യാൾ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ചു കയറി കഴുത്തിലൂടെ കടന്ന് തോൾഎല്ലിന് അടുത്തെത്തി. മരണത്തോട് മല്ലടിച്ച് കിടന്ന മലാല കഷ്ടിച്ച് രക്ഷപ്പെട്ടു. ഇതാണ് മലാലയുടെ ജീവിതം.
ഐസിസ് ജിഹാദികളുടെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായ നാദിയ മുറാദിന്റെ ജീവിത ചരിത്രം ചോരയുടെയും വെടിമരുന്നിന്റെയും ആണ്. നിരന്തരമായ പീഡനങ്ങൾക്ക്, ബലാത്സംഗങ്ങൾക്ക് ഇരയാകുന്ന അവസാനത്തെ പെൺകുട്ടി ഞാനായിരിക്കട്ടെ, ഇനിയാർക്കും അങ്ങനെയൊരു അനുഭവമുണ്ടാവാത്ത ലോകം ഉണ്ടാവട്ടെ എന്ന അവളുടെ പ്രാർത്ഥനയാണ് ' ദ ലാസ്റ്റ് ഗേൾ' എന്ന പുസ്തകം.
എന്നാൽ, അവസാനമില്ലാത്ത നാദിയമാരുടെ ദുരിതങ്ങളുടെ, ലൈംഗിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകളാണ് അഫ്ഗാനിൽ നിന്നും മറ്റും വരുന്നത്. പൊതുഇടങ്ങളിൽ നിന്നും സ്ത്രീകൾ ആട്ടിയോടിക്കപ്പെടുന്നു. തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നു. പൊതുവേദിയിൽ അപമാനിക്കുന്നു. ഗോത്രബോധങ്ങൾ തോക്കുമായി ഇണചേരുമ്പോഴുള്ള നമ്മുടെ പെൺജീവിതങ്ങളുടെ ദുരവസ്ഥ എത്ര ഭയാനകരമാണ്. പത്തൊൻപതാം വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക അടിമയായി ഭീകർക്കിടയിൽ പങ്കുവച്ചും വിൽക്കപ്പെടുകയും ജീവിതം പിച്ചി ചീന്തപ്പെട്ട യസീദി വിദ്യാർത്ഥിനി നാദിയ മുറാദിന്റെ തടവറ സ്മരണങ്ങൾ, ഭയപ്പെടുത്തുന്നതാണ്.
യെമനിലെ ഒരു കോടതിയിലേക്ക് ഓടി കിതച്ചു കയറി വന്ന ഒരു പെൺകുട്ടി ജഡ്ജിയോട് പറഞ്ഞൂ.' ഞാൻ നുജൂദ്; വയസ് 10; എനിക്ക് വിവാഹമോചനം വേണം'. നീ കന്യകയാണോ ? ജഡ്ജി ചോദിച്ചു.അല്ല, രക്തം ഒലിക്കുകയാണ് ഇപ്പൊഴും-അവൾ മറുപടി പറഞ്ഞു.മറുപടി കേട്ട് യമനിലെ കോടതി ഞെട്ടിത്തരിച്ചു.യമനിലെ യാഥാസ്ഥിത കുടുംബത്തിൽ ജനിച്ച നുജൂദ് അലിയെ കല്യാണം കഴിച്ചയക്കുമ്പോൾ അവൾ ഋതുമതി പോലുമായിരുന്നില്ല. ഒമ്പതു വയസുകാരി മുപ്പത്തിയൊന്ന് വയസുകാരന്റെ ഭാര്യയായി. ആദ്യ രാത്രിയിൽ തന്നെ അയ്യാൾ അവളെ മാനഭംഗം ചെയ്തു. രാത്രികളിൽ അയാളെ ഭയന്ന് അവൾ വീടിന് ചുറ്റും ഓടി. കളിക്കൂട്ടുകാരും പാവക്കുട്ടികളും ചോക്ലേറ്റും മാത്രം ഇഷ്ടമുള്ള കൊച്ചു കുട്ടിയാണ് അവൾ.
അവൾക്ക് മീതെ മതവും പൗരോഹിത്യവും അടിച്ചേൽപ്പിച്ച വ്യവസ്ഥിതിയുടെ പേരാണ് വിവാഹം എന്നവൾ അറിഞ്ഞു.
അയാളെ പേടിച്ച് വീടിന്റെ മൂലയിൽ ഒളിച്ചിരിക്കും, പേടിച്ചരണ്ട്. എല്ലാം നഷ്ടപ്പെട്ട്, ഞാൻ തനിച്ചായിരുന്നു. രാത്രിയിലെ കാര്യങ്ങൾ ആലോചിക്കുമ്പോൾ പേടിച്ച്, പല്ലുകൾ കൂട്ടി മൂട്ടാൻ തുടങ്ങും. പകലുകളിൽ അമ്മായിയമ്മയുടെ പീഡനം വേറെ.അയാളിൽ നിന്നും ഞാൻ മനസ്സിലാക്കി, ക്രൂരത എന്ന വാക്കിന്റെ അർത്ഥം. ജഡ്ജി വിവാഹ മോചനം വിധി വായിച്ചപ്പോൾ നുനൂജ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.എന്ത് തോന്നുന്നു എന്ന് കോടതി ചോദിച്ചപ്പോൾ നുനൂജ് പറഞ്ഞു. 'ചോക്ലേറ്റും കേക്കും തിന്നാൻ തോന്നുന്നു.എനിക്ക് കുറച്ച് കളിപ്പാട്ടങ്ങൾ വേണം.' പ്രായമാകുമ്പോൾ വക്കീലാവണം.ഇതൊക്കെ അങ്ങ് ഖലീഫാമാരുടെ നാട്ടിൽ നടക്കുന്ന പ്രാകൃത നിയമങ്ങളാണ്.
ഇത് തന്നെയാണ് ജാതിക്കോമരങ്ങൾ പത്തി വിടർത്തി ആടിയ കേരളത്തിലും നടന്നത്. ഉസ്താദുമാരുടെ ആട്ടിയോടിക്കൽ, തളച്ചിടൽ ഒരിടത്ത്. മറ്റൊരിടത്ത് മനുവാദികളുടെ അതിക്രമങ്ങൾ.1907 ൽ ഊരുട്ടമ്പലം സ്കൂളിൽ പഞ്ചമി എന്ന പെൺകുട്ടിയുമായി അയ്യൻകാളി എത്തി. കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ സവർണ്ണർ സ്കൂളിന് തീയ്യിട്ടൂ. മാറനല്ലൂർ, കണ്ടല, കരിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാം കലാപം ഉണ്ടായി.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടു മതാന്ധത ബാധിച്ച ഹെജിമണിയുടെ, ആണാധികാരത്തിന്റെ ധിക്കാരം. ജാതി - മത -പുരുഷ കേന്ദ്രീകൃത സാമൂഹിക ഘടനയുടെ അസമത്വങ്ങളും അടിച്ചമർത്തലും പുറന്തള്ളലും സ്ത്രീയെ എത്രമാത്രം കീഴ്പ്പെടുത്തുന്നു.
സ്ത്രീധനം, സ്വകാര്യ സ്വത്ത്, ഭരണകൂടം തുടങ്ങിയ മർദ്ദന ഉപകരണങ്ങൾ നിരന്തരം സ്ത്രീയെ ചവുട്ടി അരയ്ക്കുന്നൂ. പൗരോഹിത്യത്തിന്റെയും പേട്രിയാർക്കിയുടെയും ഏജന്റ് ആയി സ്ത്രീകളെ കാണുന്ന കാഴ്ചപ്പാടുകളും പ്രതിലോമപരമായ പ്രവണതകളും അധീശത്വനിർമ്മാണങ്ങളും തിരുത്തിയെ മതിയാകൂ. സ്ത്രീകളുടെ ജീവിതത്തിൽ അവർക്കുള്ള സ്വയംനിർണ്ണയ അവകാശം, മനുഷ്യാവകാശങ്ങൾ, സദാചാര - ധാർമ്മിക ബോധങ്ങളുടെ സാമൂഹിക വ്യാഖ്യാനങ്ങൾ തുടങ്ങിയവ അവർക്കും കൂടി ബോധ്യമാകണം.
നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണന്ന ഭരണഘടനാ നീതി( ആർട്ടിക്കിൾ 14,15) നിലനിൽക്കുന്ന സമൂഹത്തിൽ ഇത്തരത്തിലുള്ള പ്രകടമായ ജൻഡർ വിവേചനങ്ങൾ വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ്. ജനായത്ത വ്യവസ്ഥ നില നിൽക്കുന്ന നാട്ടിൽ ആറാം നൂറ്റാണ്ടിലെ ഭ്രാന്തൻ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ മനസ്സിൽ കുഷ്ഠം ഉള്ളവർക്ക് മാത്രമേ കഴിയു. ജനാധിപത്യവിരുദ്ധമായ ദുരാചാരങ്ങൾ, സ്ത്രീ വിരുദ്ധത, പുരുഷ മേധാവിത്വം, പ്രാകൃത ഗോത്രാചാരങ്ങൾ, ബലിഷ്ഠമായ പൗരോഹിത്യ സമഗ്രാധിപത്യം ഇതൊക്കെ പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല.ആധുനികാനന്തര ലോകം അവജ്ഞയോടെ തള്ളിക്കളയുന്ന അപരിഷ്കൃത വ്യവസ്ഥകളുടെ അവശിഷ്ടങ്ങൾ പേറുന്ന ഹൈരാർക്കി ഇന്നും പല്ലിളിച്ചു കാണിക്കുകയാണ്. മനുഷ്യാവകാശങ്ങൾക്കും പൗരനിയമങ്ങൾക്കും നിരക്കാത്ത തിട്ടൂരങ്ങൾ പുറപ്പെടുവിക്കുന്ന കാടൻ സംസ്കാരങ്ങൾ ആറടി മണ്ണിൽ കുഴിച്ചുമൂടണം.
ബൈബിൾ സ്ത്രീകൾക്ക് തുല്യ പദവിയും മാന്യതയും നൽകുന്നു. സൃഷ്ട്ടിപ്പിൽ തന്നെ സമത്വം ആണ്. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു (ഉല്പ: 1:27, അപ്പോ:17:27). പുരുഷനെ കൂടാതെ സ്ത്രീയുമില്ല, സ്ത്രീയെ കൂടാതെ പുരുഷനുമില്ല(1കൊരി:11:11,12), കൂട്ടവകാശികൾ(1പത്രോ:3:7) വിവാഹമോചനം പാടില്ല(മത്താ:19:36) അവിശ്വാസിയെ പോലും ഉപേക്ഷിക്കാൻ പാടില്ല( 1 കൊരി:7:10,11) വിവാഹം മാന്യം ആണ്( ഏബ്ര:13:14). ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യയ്ക്കാണ് അധികാരം(1കൊരി:7:2 -14) ഭാര്യമാരെ സ്നേഹിപ്പീൻ, അവളോട് കൈപ്പായിരിക്കരുത്( എഫെ:5:25, കൊലോ:3:19) സ്ത്രീകൾക്ക് ബഹുമാനം കൊടുപ്പീൻ ( 1പത്രോ:3:7). ഒരാൾക്ക് ഒരു ഭാര്യ, ഒരു ഭർത്താവ് മാത്രം അനുവദനീയം(1കൊരി:7:2) ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ വേറെ പുരുഷന് പാടില്ല( റോമ:7:2 -3). വിവാഹ ഉടമ്പടിക്ക് പുറത്തുള്ള ലൈംഗിക ബന്ധം അനുവദനീയം അല്ല( പുറ:2014,17; മത്താ:5:27,28).
ബൈബിളിലെ വൈവാഹിക ജീവിതവും ലൈംഗിക സദാചാരവും ഇതര ചിന്തകളെക്കാൾ ശ്രേഷ്ഠം ആണ്.
വനിതകൾക്ക് യോഗ്യമായ വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അവരുടെ ശരീരത്തിന്മേൽ അവർക്കാണ് നിർണ്ണയവകാശം ( 1തിമോ:2:9). വിധവമാരെ മാനിക്കണം, സംരക്ഷിക്കണം (1തിമോ:5:3). മൂത്ത സ്ത്രീകളെ അമ്മമാരെ പോലെയും ഇളയ സ്ത്രീകളെ സഹോദരിമാരെപോലെയും കരുതണം(1തിമോ: 5:2-3). ദുരാഗ്രഹത്തോടെ( കാ മാസക്തിയോടെ) സ്ത്രീയെ നോക്കുന്നത് പോലും തെറ്റായി ബൈബിൾ കാണുന്നു( മത്ത:5:28, ഇയ്യോ:31:1, സദൃ:6:24 -32)
ജൻഡർ വിവേചനങ്ങൾ ബൈബിൾ അനുവദിക്കുന്നില്ല. സ്ത്രീ - പുരുഷ തുല്യതയുടെ ഉദാത്ത മാതൃക ബൈബിൾ പ്രദാനം ചെയ്യുന്നു ( ഗലാ:3:28, കൊലോ:3:11, അപ്പോ:17:26).
യേശു ക്രിസ്തുവിന്റെ സ്ത്രീപക്ഷ നിലപാടുകൾ ഉജ്ജ്വലമാണ്, വിപ്ലവകരമാണ്. ശമര്യ സ്ത്രീ,ലൈംഗിക തൊഴിലാളിയായ( പാപിനി) സ്ത്രീ, കനാന്യ സ്ത്രീ, രക്തസ്രാവക്കാരിയായ സ്ത്രി, വിധവയുടെ രണ്ടു കാശ്, കൂനീയായ സ്ത്രീ എന്നിവരെ അനുകമ്പയോടെ ചേർത്ത് പിടിക്കുന്ന മനസ്സ്. യായിറോസിന്റെ 12 വയസുള്ള മകളോടുള്ള വാത്സല്യം, കുട്ടികളോടുള്ള കരുണ എല്ലാം സമാനതകൾ ഇല്ലാത്ത വ്യക്തിപ്രഭാവം ആണ്.
അധീശ വ്യവഹാരങ്ങളുടെ ആഖ്യാനപരിസരങ്ങളിൽ നിന്നും അദൃശ്യ മാക്കപ്പെടുകയോ അപരവത്ക്കരിക്കപ്പെടുകയോ ചെയ്യുന്നവരെ ദൈവരാജ്യനിർമ്മിതിക ളുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് യേശു ക്രിസ്തു.ബൈബിളിന്റെ ഈ മാനവിക നിലപാടുകൾ തിരിച്ചറിഞ്ഞാണ് മിഷനറിമാർ പെൺകുട്ടികൾക്ക് പള്ളിക്കൂടങ്ങൾ ഉണ്ടാക്കി കൊടുത്തത്. ലണ്ടൻ മിഷനറിമാർ മാറു മറയ്ക്കാൻ സമരം ചെയ്തത്.മെഡിക്കൽ മിഷനറിമാർ ആശുപത്രികൾ സ്ഥാപിച്ചത്. നേഴ്സിങ്, റെഡ് ക്രോസ്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ പ്രചരിപ്പിച്ചത്.
പഴകിയ പരിപ്രേക്ഷ്യങ്ങളെ കാലികമായി പുതുക്കുന്ന പുതു വായനകൾ ഇനിയും ഉണ്ടാകണം. ബൈബിളിന്റെ സ്ത്രീപക്ഷ രാഷ്ട്രീയം, ലിംഗ സമത്വം, ലിംഗ പദവി, തുല്യത, മിഷനിലും പ്രേഷിത പ്രവർത്തനങ്ങളിലും ബോധന ശുശ്രൂഷയിലും നൽകുന്ന പങ്കാളിത്തം എല്ലാം പുരോഗമനപരമാണ്. ആധുനീക മൂല്യങ്ങളുടെ സമാഹാരമാണ് ബൈബിൾ.
(ക്രിസ്റ്റ്യൻ ലൈവ് ദിനപത്രത്തിൽ മെയ് 19 ന് എഴുതിയ ലേഖനം.)