തുടക്കത്തിൽ തന്നെ പറയാനാഗ്രഹിക്കുന്നു ഈ ലേഖനം ശ്രീ ഹമീദ് ചേന്ദമംഗലൂരിന്റെ കോളം വായിച്ച് പ്രതികരിക്കാൻ എഴുതിയതല്ല. എക്‌സ് മുസ്ലിംസ് ഓഫ് കേരള എന്ന ഒരു പറ്റം യുവാക്കളുടെ അഭിനന്ദിക്കേണ്ട ശ്രമങ്ങളെ വാഴ്‌ത്തേണ്ടതുണ്ട് എന്ന് തീരുമാനിച്ച് ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ശ്രീ ഹമീദ് ചേന്ദമംഗലൂരിന്റെ കോളം വായിക്കാനിടവന്നത്. പിന്നീട് ലേഖനത്തെ ആ വഴിക്ക് വിട്ടു.

എക്‌സ് മുസ്ലിംസ് ഓഫ് കേരള എന്ന ഒരു പറ്റം യുവാക്കളുടെ ഈ ശ്രമം ഹമീദ് ചേന്ദമംഗലൂർ പറയുന്നതുപോലെ ഒരു പ്രത്യേക സ്വത്വ ബോധം ഉണ്ടാക്കിയെടുക്കാനായിട്ടുള്ളതല്ല. 'എക്‌സ് ഹിന്ദൂസ് ഓഫ് കേരള' 'എക്‌സ് ക്രിസ്റ്റ്യൻസ് ഓഫ് കേരള' എന്നൊക്കെ കൂട്ടായ്മകളുണ്ടായാൽ ''എന്താകും സ്ഥിതി'' എന്നൊക്കെ അദ്ദേഹം ആകുലത പെടുന്നതിൽ ഒരു സാംഗത്യവുമില്ല. അതൊരു തെറ്റായ വായനയാണ്. എക്‌സ് മുസ്ലിംസ് ഓഫ് കേരള ഉണ്ടായി അതുപോലെ നമുക്കും ഒന്ന് വേണമെന്ന് ചിന്തിക്കുന്ന ശിഥില മാനസരുടെ ഒരു ആൾക്കൂട്ടമല്ല ഹിന്ദു ക്രിസ്ത്യൻ നാമധാരികളായ റാഷണലിസ്റ്റ്കൾ. എക്‌സ് മുസ്ലിംസ് ഓഫ് കേരള എന്ന കൂട്ടായ്മയോ, അവരുടെ ശ്രമങ്ങൾ വിജയിച്ചുകാണണമെന്ന് ആഗ്രഹിക്കുന്ന ഹിന്ദു ക്രിസ്ത്യൻ നാമധാരികളായ റേഷനലിസ്റ്റുകളോ മത്സരബുദ്ധികളായി ഒരുപ്രത്യേക ഐഡന്റിറ്റിക്കുവേണ്ടി ഇറങ്ങിതിരിച്ചവരല്ല. മറിച്ച് അവരെല്ലാവരും എക്‌സ് മുസ്ലിംസ് ഓഫ് കേരളയിൽ പ്രവർത്തിക്കുന്നവരുടെ ഒറ്റപെടലുകളും അവർ സഹിക്കേണ്ടിവരുന്ന വ്യക്തിഗതവും സാമൂഹികവും സാമ്പത്തികവുമായ കഷ്ടതകളിൽ നിൽക്കുന്നവരും എക്‌സ് മുസ്ലിംസ് ഓഫ് കേരള കൂട്ടായ്മക്കാരുടെ ധീഷണയുടെ ആശയബലത്തെ ആരാധന കലർന്ന അത്ഭുതത്തോടെ പ്രോത്സാഹിപ്പിക്കുന്നവരും ആകുന്നു. എക്‌സ് മുസ്ലിംസ് ഓഫ് കേരള കൂട്ടായ്മയിലെ ഏറെ പേരും വരുന്നത് അടിയുറച്ച റാഷണലിസ്റ്റ് ചിന്താ ധാരകളിൽ നിന്ന് വരുന്നവരും സ്വന്തമായി കാര്യങ്ങളെ ചിന്തിച്ചുറപ്പിക്കാൻ കഴിവുള്ളവരും ആണ്. 'സ്ഥിതി എന്താകും' എന്ന ഹമീദ് ചേന്ദമംഗലൂരിന്റെ ആകുലത അസ്ഥാനത്താണ്. കൺസ്ട്രക്റ്റഡ് ആണ്.



കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ''അറിയപ്പെടുന്ന യുക്തിചിന്തയിലേക്ക് കയറിപ്പോയവരാരും'' തങ്ങൾ 'എക്‌സ് ഹിന്ദൂസ്' 'എക്‌സ് ക്രിസ്ത്യൻസ്' ആണെന്ന് ''ഘോഷിച്ചിട്ടില്ലാത്തവരാണ്' എന്ന ചേന്ദമംഗലൂരിന്റെ insinuation, ഈ എക്‌സ് മുസ്ലിംസ് യുവാക്കൾ നടത്തുന്ന മതങ്ങളുടെ നീരാളി പിടുത്തത്തിനെതിരെയുള്ള മതങ്ങളുടെ പൊള്ളത്തരങ്ങൾക്കെതിരെയുള്ള അവരുടെ പ്രവർത്തനങ്ങളുടെ ആ തോത്, ഗൗനിക്കാതെയായിപ്പോയി. 'അറിയപ്പെടുന്ന യുക്തി ചിന്തയിലേക്ക് കയറിപ്പോയവരുടെ'തൊക്കെ വെറും ദൈവനിഷേധ യുക്തിവാദ ആശയ പ്രവർത്തനങ്ങൾ മാത്രമായിരുന്നപ്പോൾ ഈ യുവാക്കളുടേത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള മതങ്ങളുടെ കടന്നു കയറ്റവും, മതങ്ങളുടെ മനുഷ്യാവകാശ നിഷേധങ്ങൾക്ക് എതിരെയും ആണ് ഈ യുവാക്കൾ പ്രവർത്തിക്കുന്നത്, പ്രതിരോധിക്കുന്നത്.

ടെക്നോളജി നൽകുന്ന അവസരങ്ങൾ മുഴുവൻ മനസ്സിലാക്കി ഉപയോഗപെടുത്തിക്കൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്. അവരുടെ തന്നെ വിഷൻ ഉദ്ധരിച്ചുപറഞ്ഞാൽ ''to take  effort to Normalize Dissent, Blasphemy, and Apostasy and protect the basic human right to live without any religion" എന്നതാണ്. ഇവ തമ്മിൽ, പഴയതും ഇവരുടെ പ്രവർത്തനവും തമ്മിൽ അജ ഗജാന്തരം മാനങ്ങളുണ്ട്. ചേന്ദമംഗലൂരിന്റെ insinuation തുലനം അസ്ഥാനത്താണ്. അവരിവിടെ പ്രവർത്തിക്കുന്നത്, എക്‌സ് മുസ്ലിംസ് ലക്ഷ്യം വെക്കുന്നത്, അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "Make History or be a Part of it."  എന്ന തലത്തിലാണ്. നമുക്ക് അവർക്ക് ഒരവസരം കൊടുക്കാം. Let us give them a chance അവർ ചരിത്രം എഴുതട്ടെ. കേരള സമൂഹം ഇന്നെത്തിപ്പെട്ടിരിക്കുന്ന morass, പടുകുഴിയിൽ നിന്ന്, മാറാൻ ഒരു പുതുവഴി അവർക്ക് വെട്ടി തെളിക്കാൻ കഴിയുന്നെങ്കിൽ ഒരു കൈ സഹായം നമുക്ക് നൽകാം.



എക്‌സ് മുസ്ലിംസ് എന്ന നവ സംഘടന 'എക്‌സ് മുസ്ലിംസ് എന്ന വാക്കും പരികല്പനയും മുന്നിൽ വെച്ച് സ്വത്വ വാദത്തിന് ചൂട്ട് തെളിയിക്കു'കയല്ല അവർ ചെയ്യുന്നത്. 'പ്രതിലോമതയുടെയും സെക്റ്റീരിയനിസത്തിന്റേയും കാര്യത്തിൽ വർഗ്ഗീയ മത മൗലിക പ്രസ്ഥാനങ്ങളോട് മത്സരിക്കുകയല്ല' അവർ ചെയ്യുന്നത്. പ്രതിലോമതയുടെയും സെക്റ്റീരിയനിസത്തെയും എല്ലാതലങ്ങളിലും ഉച്ഛാടനം ചെയ്യാനാണവർ സംഘടിച്ചിരിക്കുന്നത്. അതവർ അവരുടെ വിഷൻ പ്രസ്താവനയിൽ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. അങ്ങനെ ആയിക്കൂടെന്ന പൂർണ ബോധ്യമുള്ള ധീഷണാ ശക്തിയുള്ള, ഒരു പറ്റം യുവാക്കളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർ. അവരിൽ കുറച്ചുപേരെ പരിചയമുള്ള വ്യക്തിയെന്നനിലയിൽ, അവരുടെ ആശയ സ്ഫുടത നിരന്തരം അവരുടെ പ്രഭാഷണങ്ങളിലും യൂട്യൂബ് പ്രെസെന്റേഷനുകളിലും മറ്റും ശ്രദ്ധിച്ച വ്യക്തി എന്ന നിലക്ക് എനിക്ക് പറയാൻ കഴിയും അവരുടേത് ആശയ ധീഷണയും സ്പഷ്ടതയും ഉറച്ച ശബ്ദമാണ്. മാനവികത അവരുടെ ഓരോ വാക്കിലും നിറഞ്ഞിരിക്കുന്നു.

അവരുടെ eulogy, അപദാനങ്ങൾ പാടാനല്ല ഇതെഴുതുന്നത്. അവരുടെ ശ്രമങ്ങൾ വിജയിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും കേരളത്തിലെ അവസ്ഥകളിൽ, ഇത്തരം യുവാക്കൾ ഒരുപാട് വളർന്നു വരേണ്ടതുണ്ട്. കഴിഞ്ഞതലമുറയിലെ വ്യക്തി എന്ന നിലയിലുള്ള, എന്റെ ആഗ്രഹങ്ങളും സന്തോഷങ്ങളുമാണ് പറയാൻ ശ്രമിക്കുന്നത്. എന്റെ തലമുറയിലുള്ള സാംസ്‌കാരികനായകന്മാരും എഴുത്തുകാരും എല്ലാവരേയും പ്രീതിപ്പെടുത്തുന്ന, സമരസത്തിന്റെ, ആരെയും തൊടാതെയുള്ള ഭാഷണങ്ങളും എഴുത്തുകളും മാത്രം, സംസാരിച്ചതിന്റെ ബാക്കിപത്രമാണ് ഇന്ന് കേരളം കാണുന്നത് അനുഭവിക്കുന്നത്. ആ മിലിയുവിലേക്ക് ആശയസത്യസന്ധതയോടെ ആണ് നവ റേഷനലിസ്റ്റുകളും പ്രത്യേകിച്ച് എക്‌സ് മുസ്ലിം കൂട്ടായ്മയിലെ യുവാക്കളും കടന്നുവരുന്നത്. കേരള മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല കേരള സമൂഹത്തിന്റെ ആകപ്പാടെയുള്ള ആധുനിക കാഴ്ചപാടിലേക്കുള്ള മാറ്റങ്ങളുടെ പുതു നാമ്പ് ആണ് അവർ നട്ടിരിക്കുന്നത് . ഇവിടെ അടിവരയിട്ട് അറിയേണ്ടതെന്തെന്നാൽ ഹിന്ദു നാമധാരികളോ, ക്രിസ്ത്യൻ നാമധാരികളോ ആയ റേഷനിസ്റ്റുകളാരും തന്നെ എക്‌സ് മുസ്ലിം കൂട്ടായ്മയെ ഒരു സെക്ടേറിയൻ വിഭാഗമായി കാണുന്നില്ല എന്നറിയുക. സഹയാത്രികരായും സഹ പ്രവർത്തകരായും മാത്രമേ ഒരു എക്‌സ് മുസ്ലിംനെ മറ്റുള്ളവർ കാണുന്നുള്ളൂ. ഇത് തൊട്ടറിയേണ്ടതുണ്ട്. പത്രങ്ങളിൽ കൂടിയല്ലാതെ അവരെ തൊട്ടറിഞ്ഞാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാവരും ചേർന്ന് നമുക്കവരുടെ പുഷ്ടിപ്പെടുത്തേണ്ടതുണ്ട്.

'എക്‌സ് മുസ്ലിം' എന്ന നോമൻക്ലേച്ചർ വായിച്ചുകൊണ്ട് ഇവരൊക്കെ ഇസ്ലാമിലെ പോരായ്മകൾ ഇട്ടെറിഞ്ഞു ഓടിവന്ന എടുത്തുചാട്ടക്കാരാണ് എന്നാണ് എന്റെ തലമുറയിലെ പല വയസ്സൻ കേരള സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും ഈ യുവാക്കളെ കുറിച്ചുള്ള അഭിപ്രായങ്ങൾ കൊണ്ടുനടക്കുന്നത്. അല്ല സാറന്മാരെ, ഈ യുവാക്കൾ അത് കാരണം ഉണ്ടാക്കിയ ഒരു കൂട്ടായ്മയല്ലിത്. അവരുടെ കോർ ജാനാധിപത്യ സംസ്‌കാരത്തോടും മാനവികതയോടുമുള്ള അവരുടെ പ്രതിബദ്ധതയാകുന്നു. അവരുടേത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയുള്ള വ്യക്തി സ്വാതന്ത്ര്യ ലംഘനങ്ങൾക്ക് എതിരെയുള്ള അവരുടെ പ്രതിബദ്ധതയാകുന്നു. ജനാധിപത്യത്തിന്റെ ചന്തം മാനവികതയുടെ മഹത്വം മനസ്സിലാക്കി താൻ ജനച്ചുവന്ന സാഹചര്യങ്ങളിൽ ഇവ മാനിക്കപെടുന്നില്ല എന്ന് ഉള്ളറിഞ്ഞു കുടഞ്ഞു ഉണർന്ന് അത് പൊക്കി പിടിക്കാൻ ഇറങ്ങി തിരിച്ച കുറെ യുവാക്കളുടെ കൂട്ടായ്മയാകുന്നു എക്‌സ് മുസ്ലിം കൂട്ടായ്മ. അവരുടെ സംഭാഷണങ്ങൾ ഒരാവൃത്തി കേട്ടാൽ അവർ അത് മനസ്സിലാക്കി പ്രവർത്തിക്കുന്നതിന്റെ ദൃഢത നമുക്ക് കാണാൻ കഴിയും. പ്രത്യേകിച്ചും മുസ്ലിം സാഹചര്യങ്ങളിൽ നിന്ന് വരുന്ന റേഷനലിസ്റ്റുകളെ നിരീക്ഷിച്ചാൽ it is  written all around their talks and attitudes ഉദാഹരണമായി ഒരു ഹിന്ദു നാമധാരിയുടെയോ ഹിന്ദു നാമധാരി റേഷനലിസ്റ്റ്‌നെയോ ഇക്കാര്യത്തിൽ താരതമ്യം നോക്കിയാൽ നമുക്കത് കാണാം. ഹിന്ദു നാമധാരിക്ക് ജനാധ്യപത്യത്തോട് പലപ്പോഴും ഒരു taken for granted നിലപാടാണ്. എന്നാൽ എന്റെ നിരീക്ഷണത്തിൽ, ഒരു എക്‌സ് മുസ്ലിം അത് ആവേശത്തോടെ നെഞ്ചോട് ചേർത്ത് സംസാരിക്കുന്നതുകാണാം. ഒരു ഹിന്ദു നാമധാരിക്ക് ജനാധിപത്യത്തെ പിൻതുണക്കാൻ അതിനെ മനസ്സിലാക്കി സംസാരിച്ചാൽ മാത്രം മതി. എന്നാൽ ഒരു മുസ്ലിം യുവാവിന് അത് സംഘർഷിച്ചു് ഉറപ്പിക്കേണ്ടിവരുന്നു. അതാണ് എക്‌സ് മുസ്ലിം.

എക്‌സ് മുസ്ലിം എന്നത് ഒരു പറ്റം മുസ്ലിം യുവാക്കക്കളുടെ ആവേശമായി മാത്രം കാണുന്നത് കാണുന്നത് അപൂർണ്ണമായ കാഴ്ചപ്പാടാണ്. സംഭവിക്കാൻ പോകുന്നത് എന്തെന്നാൽ അവരിൽ നിന്ന് ഊർജം ഉൾക്കൊണ്ട് യുക്തിവാദി മേഖലയിൽ പല വിഘടിത പേരിൽ പ്രവർത്തിക്കുന്ന യുക്തിവാദി സംഘടനകളുടെ പ്രവർത്തനങ്ങൾ എല്ലാം ചേർന്ന് പരസ്പര പൂരകമായ ഒരു പ്രതിഫലനം കേരള സമൂഹ ഘടനയിൽ അടുത്ത കാലത്തു തന്നെ ഉണ്ടാക്കാൻ പോകുന്നു. മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയിരിക്കുന്നു. മതങ്ങളോടുള്ള സമീപനങ്ങളിൽ അഞ്ചു വർഷം മുൻപുണ്ടായിരുന്ന കാഴ്ചപാടുകളല്ല ഇന്നത്തെ മലയാളി യുവാക്കളിലുള്ളത് . മതങ്ങൾ സ്വയം ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു തരം halo യുടെ പ്രഭ നഷ്ടപെട്ടുതുടങ്ങിയിരിക്കുന്നു. യുവാക്കളിൽ അടിസ്ഥാന മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. എക്‌സ് മുസ്ലിം കൂട്ടായ്മ ആ മാറ്റങ്ങളിലെ കാറ്റലിസ്റ്റ് ആയി തന്നെ പ്രവർത്തിക്കും.

'പള്ളിയോടനുബന്ധപെട്ട ശ്മശാനങ്ങൾ അവർക്ക് പ്രാപ്യമല്ല അതുകൊണ്ട് ശവസംസ്‌കാരം അവർക്ക് 'ചില്ലറ' പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു' എന്നൊക്കെ ശ്രീ ഹമീദ് ചേന്ദമംഗലൂർ പറയുന്നത് അവരുടെ ധീഷണയോട് കാണിക്കുന്ന ഒരു ന്യുനവൽക്കരണമാണ്. ഇതൊന്നുമല്ല അവരുടെ പ്രധാന ആകാംഷ. അതൊന്നും അവരുടെ പ്രവർത്തന ലക്ഷ്യങ്ങളിലെ കടമ്പകളല്ല. 'പൊതുശ്മശാനം വേണം .... അതിനു മറ്റു മതേതര പാർട്ടികളുമായി ചേർന്ന് ആവശ്യപ്പെടുകയാണ് വേണ്ടത്' എന്നൊക്കെയുള്ള ഗുണദോഷ ഉപദേശങ്ങളൊന്നും കൊടുക്കാൻ നമ്മുടെ തലമുറക്ക് ഒരവകാശവുമില്ല. We have failed them. We have failed them miserably. അവരെ ഗുണദോഷ വിചാരങ്ങൾ ചെയ്യാനുള്ള അവകാശങ്ങൾ നമ്മുടെ തലമുറക്കില്ല. മാത്രമല്ല അവർ ജീവിച്ചു കണ്ടെത്തിയ ആശയ ദൃഢതകൾ അവർക്ക് ആവോളമുണ്ട്. അവരുടെ പ്രവർത്തന ലക്ഷ്യം എന്താണ് എന്ന് അവർക്ക് വ്യക്തമായി നിശ്ചയമുണ്ട്. (ഏതാണീ 'മതേതര' പാർട്ടികൾ ?).

അവരുടെത് മൗലികമായ വാദമുഖങ്ങളാണ്. ആധുനിക മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിലെ കൈകടത്തലുകളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഒരു വ്യക്തി ജനിച്ചതുമുതൽ മരണം വരെ, മരണം 'കഴിഞ്ഞതിനുശേഷവും' , നടന്നു പോരുന്ന മതങ്ങളുടെ, ഇസ്ലാമിന്റെ, സമൂലമായ ഇടപെടലുകളെ കുറിച്ചാണ് അവർ പ്രതിരോധിക്കുന്നത്. ഭരണ ഘടന നൽകുന്ന അവകാശങ്ങളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഒരു മതം വിട്ടു പോകുമ്പോൾ പലർക്കും നേരിടേണ്ടിവരുന്ന ഭീഷണികളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. 'ഇവരുമായി സഹകരിക്കരുത് സംസാരിക്കരുത്' എന്നിങ്ങനെയൊക്കെയുള്ള ഊരുവിളക്കുകളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. അത് നിയമ ലംഘനങ്ങളാണ് എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ജീവിത നിഷേധങ്ങളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. സമൂഹത്തിന് അനുയോജ്യമല്ലാത്ത കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത മതങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഭരണഘടന വ്യക്തികൾക്ക് നൽകിയിട്ടുള്ള അവകാശങ്ങളെ, മതങ്ങൾ അതവർക്കുനൽകിയ അവകാശങ്ങളാണെന്ന് അവകാശപ്പെട്ട് usurp  ചെയ്ത്, അപഹരണം ചെയ്ത് , വ്യക്തിജീവിതങ്ങൾക്ക് മേൽ നടത്തുന്ന, ഇടപെടലുകളെ എതിർത്താണ് അവർ സംസാരിക്കുന്നത്. പൊതുശ്മശാനങ്ങളും പൊതു വിവാഹ വേദികളുമൊന്നും അവരെ അലട്ടുന്ന പ്രധാന വിഷയമെ അല്ല.
ലിയാക്കത്തലി മനോഹരമായി പറഞ്ഞതുപോലെ അവർ ഒരു 'റിവേഴ്‌സ് പ്രബോധനം' നടത്താൻ, അതായത് മതങ്ങൾക്കെതിരായി കവലകളിൽ പ്രബോധനം നടത്താനുള്ള അവകാശങ്ങൾക്ക് വേണ്ടിയല്ല ഈ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. അവർ നമ്മുടെ ജനാധിപത്യം, ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യം, ഹ്യൂമൻ റൈറ്‌സ് -- മനുഷ്യാവകാശങ്ങൾ , മാനവികത, ഇവയൊക്കെ ഉറപ്പിച്ചെടുക്കാൻ ആണ് ഈ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. എക്‌സ് മുസ്ലിംസ് ആയതുകൊണ്ട് പലരും അനുഭവിക്കുന്ന ഒറ്റപ്പെടലിൽ അങ്ങനെയുള്ളവരെ സഹായിക്കാൻ ആണ് ഈ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. മതങ്ങൾ പ്രഘോഷിക്കുന്ന ആശയങ്ങൾക്കെതിരെ ഒരു con  അഭിപ്രായം പ്രകടിപ്പിക്കാനുള്ളവർക്ക് അതിനുള്ള ഒരിടം ആയിട്ടാണ് അവർ ഈ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. ഇതൊക്കെ ആശയശങ്കക്ക് ഇടം നൽകാതെ അവർ Jan 9 ലെ അവരുടെ വിശദീകരണ പ്രഖ്യാപനത്തിൽ പറഞ്ഞിട്ടുണ്ട്.

ഇത്രയും പറഞ്ഞതിനുശേഷം ഒരു unsolicited, an elderly man   എന്ന നിലക്കുള്ള , എന്റെ അഭിപ്രായം കൂടി എക്‌സ് മുസ്ലിം യുവാക്കളുടെ ശ്രദ്ധക്കായി ഇവിടെ കുറിക്കുന്നു. ഡിയർ എക്‌സ് മുസ്ലിം ഫ്രണ്ട്‌സ്, അടുത്തപടിയായി നിങ്ങളുടെ ഈ സംരംഭം വളർച്ചയുടെ ഒരു scale നേടാനായി, സാധാരണക്കാരുടെ ദൈനം ദിന ജീവിതങ്ങളിൽ ഒരു മൈക്രോ മാനേജ് കൂടി ചെയ്യേണ്ടിയിരിക്കുന്നു. നോക്കൂ ധീഷണയിൽ എത്രയൊക്കെ ഒരു വ്യക്തി വളർന്നാലും അവരുടെ ദൈനം ദിന ജീവിതത്തിലെ ചില കാര്യങ്ങളിൽ ചില രീതികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ജനനം , വിവാഹം, മരണം എന്നീ ദിനങ്ങളൊന്നും മറ്റു സാധാരണ ദിവസങ്ങളെപോലെ അങ്ങനെ കൊണ്ട് പോകാൻ വ്യക്തികൾക്കാവില്ല. മത പുരോഹിതന്മാർ ഒരു നീരാളിയെ പോലെ സാധാരണക്കാരെ വരിഞ്ഞിരിക്കുന്നത് പ്രധാനമായും ഇക്കാര്യത്തിലാണ്. ആ നീരാളി പിടുത്തം വിടുവിക്കേണ്ടിയിരിക്കുന്നു. മത ശാഠ്യങ്ങളില്ലാത്ത ചില സഹായങ്ങൾ അവർക്ക് നിങ്ങൾ മുൻ കൈ എടുത്ത് ചെയ്യേണ്ടിവരും. ഉദാഹരണമായി വിവാഹം. അഞ്ചോ പത്തോ തരം മാര്യേജ് കോൺട്രാക്ടുകളുടെ ഫോർമാറ്റ് വക്കീലന്മാരുമായി ചേർന്ന് ഡ്രാഫ്റ്റ് ചെയ്ത് നിങ്ങളുടെ site ൽ കൊടുക്കാം . ഉദാഹരണമായി ഒരു ജനനാൽ ഹിന്ദുവും ജനനാൽ മുസ്ലിമും തമ്മിലുള്ള മാര്യേജ് കോൺട്രാക്ട് , അല്ലെങ്കിൽ രണ്ടു ജനനാൽ മുസ്ലിം ആയവർ തമ്മിലുള്ള സിവിൽ മാരിയേജ് കോൺട്രാക്ട് എന്നിങ്ങനെ വിവിധതരം മാര്യേജ് കോൺട്രാക്ടുകളുടെ ഡ്രാഫ്റ്റ് നിങ്ങളുടെ .... ൽ ഇട്ടുകൊടുക്കാവുന്നതാണ് . വ്യക്തികൾ അവർക്കനുകൂലമായത് തിരഞ്ഞെടുക്കട്ടെ. പിന്നെ മരണം. ഇവിടെ കേരളത്തിലെ എൽഡേഴ്സ് മായി പര്യാലോചിച്ചു് ഒരു രീതി ആചാര നിർബന്ധങ്ങളില്ലാത്ത ആചാര കണിശതകളില്ലാത്ത മരണ ദിവസത്തെ കൈകാര്യം ചെയ്യാനൊരു വഴി, രീതി, ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി ഞങ്ങൾ അധഃകൃതരുടെ ചില മരണവുമായി ബന്ധപ്പെട്ട രീതികൾ അനുവർത്തിക്കാവുന്നതാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഞങ്ങളുടെ മരണ ചടങ്ങുകൾ പലതും പ്രീ ഹിന്ദു പ്രീ ബ്രാഹ്‌മണിക് കാലഘട്ടങ്ങളിൽ നിന്ന് തുടണർന്നു വരുന്നതാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. അത് പരിഷ്‌കരിച്ചു് അനുകരിക്കാം. അത് പോലെ രണ്ടോ മൂന്നോ തരം ലോകത്തിലെ മരണദിവസത്തെ രീതികൾ, പുരോഹിതന്മാരില്ലാത്ത രീതികൾ, സാധാരണക്കാർക്കുവേണ്ടി പര്യാലോചിക്കാവുന്നതാണ്. പൗരോഹിത്യത്തെ തടയാൻ ഇതൊക്കെ സഹായിക്കും. ഇതൊക്കെ പതിയെ നിങ്ങളുടെ വളർച്ചയുടെ രണ്ടാം ഘട്ടം ഉദ്ദേശിച്ചു പറഞ്ഞതാണ്.
അവസാനമായി നിങ്ങളുടെ പല പ്രഭാഷണങ്ങളും സോഷ്യൽ മീഡിയകളിൽ ശ്രദ്ധിച്ച വ്യക്തി എന്ന നിലക്ക് , മാൻ മാനേജ്മന്റ്ൽ അല്പം പരിചയമുള്ള വ്യക്തി എന്ന നിലക്ക്, എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയുന്നു. നിങ്ങളിലെ പലരും ആശയ ദൃഢത, ക്ലാരിറ്റി ഉള്ളവരാണ്. Maturity , പക്വത, കൈവന്നവരാണ്. സഹപ്രവർത്തകരെ കൂടെ കൂട്ടി മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ളവരാണ്. എല്ലാവരുടെയും പേരിവിടെ പറയുന്നില്ല. ശ്രീ ആരിഫ് ഹുസൈൻ , ശ്രീ ഫൈസൽ സി കെ , ശ്രീ ലിയാക്കത്തലി ഇവരുടെയൊക്കെ ടോക്ക് കൾ ശ്രദ്ധിച്ചിട്ടുണ്ട്. മിസ് സഫിയ , ജസ്ല, ആയിഷ ഇവരുടെയൊക്കെ കൈകളിൽ ഈ കൂട്ടായ്മ സുരക്ഷിതമാണെന്ന് ഞാൻ കാണുന്നു. ഇവരിലൊക്കെ പരിപാകത പെരുമാറ്റ പക്വത എനിക്ക് വായിക്കാൻ കഴിയുന്നു. കേരള സമൂഹത്തിന്റെ ഒരു പോസിറ്റീവ് മാറ്റത്തിനുള്ള ഒരു ചരിത്ര മുഹൂർത്തത്തിനാണ് നിങ്ങൾ കാരണ ഭൂതരായിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. എല്ലാ ഭാവുകങ്ങളും.

------------------------------------------------------------------------------------------------------------

ശ്രീ ഹമീദ് ചേന്ദമംഗലൂരിന്റെ ഈ വിഷയത്തിലുള്ള കോളം, സമകാലിക മലയാളം വാരിക, ലക്കം 35 Jan 17 2022..