തിരുവനന്തപുരം: മലയാളി എഴുത്തുകാരന്റെ യാത്രാവിവരം കൃത്യമായ പരിശോധനകൾ ഇല്ലാതെ പ്രസിദ്ധീകരിച്ച മാതൃഭൂമി ബുക്‌സ് കുടുങ്ങി. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ കാരൂർ സോമൻ ബ്ലോഗിൽ നിന്നും യാത്രാവിവരം അടിച്ചുമാറ്റിയെന്ന ആരോപണവുമായി പ്രമുഖ ബ്ലോഗർ മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ രംഗത്തെത്തി. ലണ്ടനിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്കാരിക നായകെന്ന പരിവേഷത്തിൽ വിലസുന്ന ആൾകൂടിയാണ് കാരൂർ സോമൻ. നിരക്ഷരൻ എന്ന പേരിൽ നിരവധി ബ്ലോഗുകൾ എഴുതിയിട്ടുള്ള മനോജിന്റെ യാത്ര വിവരണങ്ങൾ ഏറെ ശ്രദ്ധേയമാണ്. മനോജിന്റെ സ്പാനിഷ് യാത്ര അനുഭവങ്ങൾ സോമൻ സ്വന്തമാക്കി മാറ്റി പുസ്തകം ആക്കി വിറ്റുവെന്നാണ് ആരോപണം ഉയർത്തുന്നത്.

തന്റെ പുസ്തകം മോഷ്ടിച്ചതിന്റെ കഥയുമായി മനോജ് ഇന്നലെ ഫേസ്‌ബുക്കിൽ ലൈവായി എത്തിയപ്പോൾ ആണ് പുറം ലോകം ഈ തട്ടിപ്പിന്റെ വിവരം അറിയുന്നത്. നൂറ് കണക്കിന് വായനക്കാരാണ് മനോജിന് പിന്തുണയുമായി രംഗത്തിറങ്ങിയത്. മനോജിന്റെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള ചിലർ സോമനുമായി ബന്ധപ്പെട്ടെങ്കിലും മനോജാണ് തന്റെ പുസ്തകം കോപ്പിയടിച്ചത് എന്ന വാദം ഉന്നയിച്ചാണ് കുറ്റം സമ്മതിക്കാതെ നിൽക്കുകയാണ് സോമൻ എന്നാണ് പറയപ്പെടുന്നത്. സോമനെതിരെ നിയമ നടപടികൾ എടുക്കുമെന്ന് മനോജ് പ്രഖ്യാപിച്ചു കഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ച മാതൃഭൂമി ബുക്സിനെതിരെയും നടപടി ഉണ്ടാകും.

കാരൂർ സോമനെതിരെ മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആലപ്പുഴ ചാരുമൂട് സ്വദേശിയായ സോമൻ ബ്രിട്ടനിലെ യുക്മയുടെ സാംസ്‌കാരിക വിഭാഗം പ്രസിദ്ധീകരിക്കുന്ന ജ്വാല മാസികയുടെ എഡിറ്റർ കൂടിയാണ്. ലണ്ടൻ ഒളിമ്പിക്സ് നടക്കുന്ന വേദിയിൽ ഒരിടത്തും വരാതെ മാധ്യമത്തിൽ ഒളിമ്പിക്സ് ഡയറി എഴുതുകയും അത് പുസ്തകം ആക്കുകയും ചെയ്തിരുന്നുവെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. അന്നും ഇത് മോഷണമാണ് എന്ന ആരോപണം ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു.

സംഭവത്തെ കുറിച്ച് വ്യക്തമാക്കാ നിരക്ഷരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയു രംഗത്തെത്തിയിട്ടുണ്ട്. സുഹൃത്തുക്കൾ വഴി സോമനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ കോപ്പിയടിച്ചു എന്ന് ഞാൻ അദ്ദേഹത്തിന്റെ യാത്രാവിവരണം കോപ്പിയടിച്ചു എന്ന മറുപടിയാണ് അദ്ദേഹം നൽകിയതെന്നാണ് സോമൻ ആരോപിക്കുന്നത്. ഓൺലൈനിൽ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് എന്തുകൊണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കാൻ ശ്രമിച്ചില്ലെന്നും ചോദിച്ചു. എന്തായായും ഇത്തരമൊരു സാഹചര്യത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് മനോജ് വ്യക്തമാക്കുന്നത്.

സോമൻ ഇപ്പോൾ യു.കെ.പൗരൻ ആയ സ്ഥിതിക്ക് യു.കെ.യിലും നിയമനടപടികൾ കൈക്കൊള്ളാനാണ് ആലോചനയുണ്ടെന്നും മനോജ് വ്യക്തമാക്കി. സംഭവത്തെ വിവരിച്ച് മനോജ് ഫേസ്‌ബുക്ക് ലൈവിലൂടെ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:

2007 മുതൽ ഓൺലൈനിൽ യാത്രാവിവരണവും ആർട്ടിക്കിൾസും എഴുതുന്നു. മാസം ചുരുങ്ങിയത് മിരക്ഷകൻ എന്ന സൈറ്റിൽ നാല് ആർട്ടിക്കിളുകൾ വീതമെങ്കിലും ചുരുങ്ങിയത് ഇടാറുണ്ട്. പല രാജ്യങ്ങളും സന്ദർശിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും 120 ഓളം യാത്രാവിവരണങ്ങൾ ഇതിനോടകം എഴുതി. ഒരു പുസ്തകം പുറത്തുവന്നത് 2015 ഡിസംബറിൽ ആണ്. മുസിരിസിലൂടെ.. എന്ന പുസ്തകം. ഓൺലൈനിൽ കിടക്കുന്ന 120 ഓളം യാത്രാവിവരണങ്ങൾ പുസ്തകമാക്കാൻ പല പ്രസാധകരും ബന്ധപ്പെട്ടുവെങ്കിലും ഓൺലൈനിൽ ഇതു കിടക്കുന്നതു കൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുവാൻ താൽപ്പര്യമില്ലായിരുന്നു.

മനോജ് എന്ന സുഹൃത്ത് ഒരു സ്‌ക്രീൻ ഷോട്ട് അയച്ചു ഇതി നിങ്ങളുടേതല്ലേ എന്ന് ചോദിച്ചു.. സ്പെയിനിൽ പോയതിന്റെ യാത്രാവിവരണമായിരുന്നു അത്. തുടർന്ന് പുസ്തകത്തിന്റെ കവർപേജും പേരും മറ്റും കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടൽ നൽകുന്ന വിവരങ്ങൾ അറിഞ്ഞത്. ഉടൻ പുസ്തകം വാങ്ങിച്ചു നോക്കിയപ്പോഴാണ് മാതൃഭൂമി പബ്ലിഷേഴ്സ് ആണ് കാരൂർ സോമൻ എഴുതിയ 'സ്പെയിൻ കാളപ്പോരിന്റെ നാട്' എന്ന ആ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് അറിഞ്ഞത്. 175 രൂപ വിലയുള്ള 200 പേജുകൾക്ക് മുകളിലുള്ള പുസ്തകമായിരുന്നു അത്.

ഇതിന്റെ രണ്ടും മൂന്നും ചാപ്റ്ററുകളും അവസാനത്തെ ഒരു ചാപ്റ്ററിന്റെ കുറച്ചു ഭാഗവും പൂർണമായും എന്റെ ബ്ലോഗിൽ നിന്നും അതുപോലെ കോപ്പിയടിച്ചതാണെന്ന് മനോജ് പറയുന്നു. കോപ്പി അടിച്ച ഭാഗങ്ങളും പുസ്തകത്തിൽ അടയാളപ്പെടുത്തി മനോജ് കാണിക്കുന്നുണ്ട്. മനോജ് യാത്രകളിൽ ഒപ്പം കൂട്ടിയിരുന്ന ഭാര്യയേയും മകെളയും കുറിച്ചുള്ള പല പരാമർശങ്ങളും കാരൂർ സോമന്റെ പുസ്തകത്തിലും അതുപോലെയാണ് നൽകിയിരിക്കുന്നത്.

പുസ്തകം വാങ്ങിച്ചു ഉടൻ തന്നെ മാതൃഭൂമിയിലെ സുഹൃത്തുമായി ബന്ധപ്പെട്ട് മാതൃഭൂമിയുമായി സംസാരിച്ചു. അവർക്ക് വിവരങ്ങൾ ബോധ്യമായതിനെ തുടർന്ന് മാതൃഭൂമി കാരൂർ സോമനെതിരെ നിയമനപടികൾ ആരംഭിച്ചുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നതെന്നും മനോജ് പറയുന്നു. ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമന് എളുപ്പത്തിൽ സ്പെയിനിൽ പോവാനും യാത്രാവിവരണവും എല്ലാം തയ്യാറെക്കാൻ സാധിക്കുമെന്നിരിക്കെ, ഇതുപോലുള്ള കുറുക്കുവഴികൾ സ്വീകരിക്കുന്നത് വളരെ മോശമാണെന്നും മനോജ് പറയുന്നു. കാരൂർ സോമന്റെ പുസ്തകത്തിലെ മൂന്ന് ചാപ്റ്ററുകൾ മാത്രമാണ് മനോജിന്റെതെങ്കിലും അതിൽ കാളപ്പോരിനെ കുറിച്ചുള്ള വിശദഭാഗങ്ങൾ തന്റെ തന്നെ സുഹൃത്തായ സ്പെയിനിലെ സജിയുടെയോ മറ്റാരുടേയോ ബ്ലോഗിൽ നിന്നും മോഷ്ടിച്ചവയാണോയെന്നു സംശയിക്കുന്നതായും മനോജ് പറയുന്നു.

ലണ്ടനിൽ ജീവിച്ചിട്ടും ഇത്തരം കോപ്പിയടികളുടെ ഭവിഷ്യത്തുകളെ കുറിച്ച് കാരൂർ സോമന് ഒരു ബോധ്യമില്ലെന്നും കോപ്പി ചെയ്ത് വരുന്ന ഇത്തരം എഴുത്തുകൾ മാതൃഭൂമി കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മനോജ് വ്യക്തമാക്കുന്നു. ഇതോടെ, നാല് ഫേസ്‌ബുക്ക് അക്കൗണ്ടുകളുള്ള കാരൂരിന്റെ 51 പുസ്തകങ്ങളും സംശയത്തിന്റെ നിഴലിലാണ്. എന്തായാലും കാരൂർ സോമനെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപവുമായി രംഗത്തുണ്ട്.