തിരുവനന്തപുരം: ഇപ്പോഴും ഈ സാക്ഷര സുന്ദര കേരളത്തിൽ ഒരാൾക്ക് പരസ്യമായ നാസ്തിക ജീവിതം നയിക്കാൻ കഴിയുമോ? ഒരു വിശ്വാസിക്കും അവിശ്വാസിക്കും തുല്യ സാധ്യതകളും അവസരങ്ങളുമുള്ള മേഖലയാണോ ഈ നാട്. അവിശ്വാസി ആയതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരസ്യമായ നാസ്തിക ജീവിതം മൂലം വീട്ടിലും നാട്ടിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എങ്ങനെ തരണം ചെയ്യും. ഈ വിഷയത്തിൽ ചരിത്രത്തിൽ ആദ്യമായി ചെറുപ്പക്കാരായ നാല് വിദ്യാർത്ഥികൾ അവിശ്വാസി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് സദസ്സിനോട് നേരിട്ട് സംവദിക്കുന്നു. ശാസ്ത്ര യുക്തിവാദ പ്രസ്ഥാനമായ എസ്സൻസ് ക്ലബിന്റെ വാർഷിക സമ്മേനമായ എസ്സൻഷ്യയിലെ 'എലൈറ്റ് 18' ലാണ് പരിപാടി.

പ്രമുഖ യുക്തവാദിയും എഴുത്തുകാരനുമായ പ്രൊഫസർ സി രവിചന്ദ്രൻ ഇതുസംബന്ധിച്ച് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

'കഴിഞ്ഞ ആറേഴ് വർഷമായി കിട്ടുന്ന മെസേജുകളിൽ ഏറ്റവുമധികം പങ്കുവെക്കപ്പെടുന്ന വിഷയം ചെറുപ്പക്കാരായ നാസ്തികരുടെ ആശങ്കകളാണ്. പരസ്യമായ നാസ്തികജീവിതം മൂലം വീട്ടിലും നാട്ടിലും തൊഴിൽസ്ഥലത്തും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, ഒറ്റപ്പെടലുകൾ, തിരിച്ചടികൾ, ജനനം-വിവാഹം-മരണം പോലുള്ള 'ചെക്ക്പോസ്റ്റ് പ്രതിസന്ധികള്'... ഇവയൊക്കെയാണ് മിക്കവർക്കും പറയാനുള്ളത്. കേരളത്തിൽ വേറൊരു രാഷ്ട്രീയ-സാമൂഹിക നിലപാടിനും സമാനമായ വെല്ലുവിളികളില്ല എന്നതും ശ്രദ്ധേയമാണ്. ഈ വിഷയങ്ങളെ യാഥാർത്ഥ്യബോധത്തോടെ നോക്കി കാണാനുള്ള ശ്രമം ആയിരുന്നു 'വെളിച്ചപ്പാടിന്റെ ഭാര്യ' എന്ന അവതരണം. മതം ബോധപൂർവം നിഷേധിക്കുന്ന സ്വാതന്ത്ര്യവും സാധ്യതകളും നാസ്തികതയുടെ ന്യൂനതയായി ചിത്രീകരിക്കാനാണ് പലർക്കും താല്പര്യം. നാസ്തികർക്കും മതവിശ്വാസികൾക്കും തുല്യ സാധ്യതകളും പരിഗണനകളും ഇല്ലാത്ത ഒരു സമൂഹമാണ് നിലവിലുള്ളതെന്ന യാഥാർത്ഥ്യം അവിടെ നിസ്സാരവൽക്കരിക്കപ്പെടുന്നു.'- സി രവിചന്ദ്രൻ വ്യക്തമാക്കി.

സി രവിചന്ദ്രൻ മുതൽ എതിരവൻ കതിരവൻ വരെ 25ഓളം പ്രാസംഗികർ

2017 ലെ വിജയകരമായ വാർഷികസമ്മേളനത്തിന് ശേഷം എസെൻസ് ക്ലബ്ബിന്റെ വാർഷിക പരിപാടിയായ essentia'18 എറണാകുളം ടൗൺ ഹോളിലേക്ക് സർ ഐസക് ന്യൂട്ടന്റെ ജന്മദിനത്തിൽ (ഡിസം 25) തിരിച്ചെത്തുന്നു. എസെൻഷ്യ'18 രണ്ടു ദിവസമാണ്. 2018 ഡിസംബർ 25, 26 തീയതികളിൽ. ആദ്യദിനം രാവിലെ 9 മുതൽ രാത്രി 8 വരെ എറണാകുളം ടൗൺഹോളിൽ അന്താരാഷ്ട്ര സെമിനാർ. രണ്ടാം ദിവസം(ഡിസംബർ 26) ക്രൂസർഷിപ്പിൽ കടലിലേക്ക് വിനോദയാത്ര. സെമിനാറിൽ വെച്ച് Litmus'18 സംബന്ധിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുന്നു.

സജീവൻ അന്തിക്കാട്, ജോസ് കണ്ടത്തിൽ, രഞ്ചു (ഓസ്ട്രലിയ), രമേശ് രാജശേഖരൻ (ബാംഗ്ളൂർ), ഷാജു തൊറയൻ, മണികണ്ഠൻ ഇൻഫ്രാകിഡ്സ് (ബാംഗ്ളൂർ), എതിരൻ കതിരവൻ (USA), ഡോ. ഹരീഷ്‌കൃഷ്ണൻ, സനിൽ കെ.വി., ഡോ.സാബു ജോസ്, ധന്യാ ഭാസ്‌കരൻ, ബിജുമോൻ എസ്‌പി., സുരേഷ്ബാബു (ബാംഗ്ളൂർ), ഡോ.കെ.എം.ശ്രീകുമാർ, സനോജ് കണ്ണൂർ, ഡോ. രാഗേഷ്, ഡോ. പ്രസന്നൻ (ഓസ്ട്രേലിയ), മൃദുൽ ശിവദാസ്, ഡോ.സുനിൽ കുമാർ, മാവൂരാൻ നാസർ, രവിചന്ദ്രൻ സി. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നു.

ഇരുപത്തിയഞ്ചാം തീയതിയിലെ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നതിനുമാത്രമായി രജിസ്റ്റർ ചെയ്യാം. ഒരാൾക്ക് ഭക്ഷണമടക്കം 200 രൂപ.രണ്ടാം ദിവസത്തെ ഷിപ്പ് ക്രൂസിങ്ങിനുള്ള രജിസ്ട്രേഷൻ അവസാനിച്ചു. ആദ്യദിവസത്തെ സെമിനാറിലേക്കുള്ള രജിസ്ട്രേഷൻ തുടരുകയാണെന്ന് സംഘാടകർ അറിയിച്ചു.

Alternate Link to Register 200/- : https://imojo.in/esn18reg1