തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ആരാധകരുള്ള നടിമാരുടെ കൂട്ടത്തിൽ മുന്നിൽ ഇപ്പോഴും നസ്രിയ നസീമാണ്. സൂപ്പർതാരങ്ങളെ പോലും കടത്തിവെട്ടുന്ന വിധത്തിലായിരുന്നു നസ്രിയ സിനിമയിൽ തിളങ്ങി നിന്നപ്പോൾ ലൈക്കുകൾ വാരിക്കൂട്ടിയത്. ഇതിൽ ചില താരങ്ങൾക്ക് നസ്രിയയോട് എതിർപ്പുണ്ടായിരുന്നു താനും. ഇപ്പോൾ നസ്രിയയേക്കാൾ സജീവമായി ഫേസ്‌ബുക്കിന്റെ ഇഷ്ടതാരം ഒരു കൊച്ചുമിടുക്കിയാണ്. ദൃശ്യം എന്ന സിനിമയിലൂടെ പ്രശസ്തയായ ബാലതാരമായി മാറിയ എസ്തർ അനിലാണ് ഫേസ്‌ബുക്കിൽ വൻ മുന്നേറ്റം നടത്തിയത്. ഇന്ത്യയിലെ ബാലതാരങ്ങളിൽ ഏറ്റവും കൂടുതൽ ഫേസ്‌ബുക്ക് ലൈക്കുകൾ സ്വന്തമാക്കിയ താരമായി മാറിയിട്ടുണ്ട് എസ്തർ ഇപ്പോൾ.

25 ലക്ഷം ലൈക്കാണ് എസ്തർ പിന്നിട്ടത്. മലയാളം സിനിമയ്‌ക്കൊപ്പം തമിഴിൽ ഉലകനായകൻ കമൽഹാസനൊപ്പം പാപനാശത്തിലും അഭിനയിച്ചതോടെയാണ് എസ്തർ കൂടുതൽ പ്രശസ്തതായത്. ഇതോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബാലതാരമായി എസ്തർ വളരുകയായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഫേസ്‌ബുക്കിൽ ഉണ്ടായതും. 25 ലക്ഷം ലൈക്കുകൾ നൽകിയതിന് നന്ദി അറിയിച്ച് എസ്തർ ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നല്ലവൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന എസ്തറിനെ തേടി ചുരുങ്ങിയ കാലം കൊണ്ട് നിരവധി അവസരങ്ങൾ തേടിയെത്തി. ഇതിൽ ഏറ്റവും മികച്ചതായിരുന്നു ദൃശ്യം. ജിത്തു ജോസഫിന്റെ മെമ്മറിസിൽ അഭിനയിച്ച ശേഷമാണ് എസ്തർ മെമ്മറീസിൽ അഭിനയിച്ചത്. ചെറിയ വേഷമായിരുന്നു മെമ്മറീസിൽ. പിന്നീട് ദൃശ്യത്തിലേക്കും. ഇപ്പോൾ 23 ചിത്രങ്ങളിൽ ഈ ബാലതാരം അഭിനയിച്ചു കഴിഞ്ഞു.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോായിരുന്നു എസ്തർ നല്ലവനിൽ അഭിനയിച്ചത്. പിന്നീട് ഒരു ചാനലിനു വേണ്ടി അമ്മ കുക്കറി ഷോ ചെയ്തിരുന്നു. ആ പരിപാടിയുടെ ക്യാമറമാൻ ബിജു പഴവിള വഴിയാണ് മഹേഷ് കേശവൻ എന്നയാളെ പരിചയപ്പെടുന്നത്. മഹേഷിന്റെ സംവിധാനത്തിൽ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചു. ആ പരിചയത്തിലൂടെയാണ് സംവിധായകൻ അജയ് ജോൺ നല്ലവൻ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. ഈ സിനിമ കണ്ടിട്ടാണു മണിയൻ പിള്ള രാജു ഒരു നാൾ വരും എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് എസ്തറിനെ തേടിയെത്തി അവസരങ്ങൾ. സകുടുംബം ശ്യാമള, ഞാനും എന്റെ ഫാമിലിയും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ എസ്തർ മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു.

വയനാട് കാവുമന്ദം സ്വദേശികളായി അനിൽകുമാറിന്റെയും മഞ്ജുവിന്റെയും മകളാണ് എസ്തർ. എസ്തറിന് രണ്ടു സഹോദരങ്ങളുണ്ട്. ചേട്ടൻ ഇവാൻ ഒമ്പതാം ക്ലാസിലും അനുജൻ എറിക് മൂന്നാം ക്ലാസിലും പഠിക്കുന്നു. എസ്തറിനെ പോലെ എറികും സിനിമയിലെ താരമാണ്. ഓഗസ്റ്റ് ക്ലബ്, ഒമേഗ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. തമിഴിലും മലയാളിത്തിലുമായി നാല് ചിത്രങ്ങളിലാണ് എസ്തർ ഇപ്പോൾ അഭിനയിക്കുന്നത്.

Esther Anil - 2.5 Million Facebook Followers

2.5 million likes on Facebook...A billion thanks to all of you from the bottom of my heart :-)

Posted by Esther Anil on Monday, December 28, 2015