ന്യൂയോർക്ക്: സ്വവർഗാനുരാഗ രംഗങ്ങൾ വെട്ടിമാറ്റാൻ വിസമ്മതിച്ചതോടെ മാർവെൽസിന്റെ സൂപ്പർഹീറോ ചിത്രം 'എറ്റേണൽ'സിന് പ്രദർശനാനുമതി നിഷേധിച്ച് ഗൾഫ് രാജ്യങ്ങൾ. ചിത്രത്തിൽ സ്വവർഗാനുരാഗം കാണിക്കുന്നു എന്നാരോപിച്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.

സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളുടെയെല്ലാം സിനിമാ വെബ് സൈറ്റുകളിൽ നിന്നും എറ്റേണൽസിനെ കുറിച്ചുള്ള എല്ലാ വാർത്തകളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, യു.എ.ഇ ഇതുവരെ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. യു.എ.ഇയുടെ സിനിമാ വെബ് സൈറ്റുകളിൽ ഇപ്പോഴും, 'കംമിങ് സൂൺ' കാറ്റഗറിയിൽ എറ്റേണൽസ് ഉണ്ട്.

ഗൾഫ് രാജ്യങ്ങളിൽ ഹോളിവുഡ് സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ സാധാരണയായി ചിത്രത്തിലെ ലൈംഗിക ദൃശ്യങ്ങൾ പലതും സെൻസർ ചെയ്യപ്പെടാറുണ്ട്. എൽ.ജി.ബി.ടി.ക്യു ആശയങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ടാണ് ഭരണകൂടത്തിന്റെ ഈ തീരുമാനമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നവംബർ 11നാണ് ചിത്രം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പുറത്തിറങ്ങുന്നത്. ഷോലേ സാഹോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗെമ്മ ചാൻ, റിച്ചാർഡ് മാഡൻ, കുമൈനൽ നാൻജീനി, ഹരീഷ് പട്ടേൽ, ലിയ മക്ഹ്വാ, ആഞ്ജലീന ജൂലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് ആദ്യമായാണ് തങ്ങളുടെ ചിത്രത്തിൽ ഗേ സൂപ്പർതാരങ്ങളെ കഥാപാത്രങ്ങളായി ഉൾപ്പെടുത്തുന്നത്. നടൻ ഹാസ് സ്ലെയ്മൻ, ബ്രിയൻ ടെയ്റീ ഹെന്റി എന്നിവരാണ് എറ്റെർണൽസിലെ ഗേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ സ്വവർഗ രംഗങ്ങൾ വെട്ടിമാറ്റണമെന്ന് സെൻസർ ബോർഡുകൾ ഡിസ്നിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഡിസ്നി അതിന് തയ്യാറാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ.

എറ്റേർണൽസിൽ ഗേ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയ ഡിസ്നിയുടെ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഗേ സീനുകൾ ഒഴിവാക്കുന്നത് വ്യാപക വിമർശനത്തിനിടയാകാനും സാധ്യതയുണ്ട്. ചിത്രത്തിനന്റെ വിലക്കിനോട് ഡിസിനി യൂണിവേഴ്സോ മാർവെൽ സ്റ്റുഡിയോയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, ഡി.സി കോമിക്സ് തങ്ങളുടെ സൂപ്പർ ഹീറോയായ സൂപ്പർമാനെ സ്വവർഗാനുരാഗിയായി അവതരിപ്പിച്ചിരുന്നു. 'സൂപ്പർമാൻ: സൺ ഓഫ് കാൾ എൽ' അഞ്ചാം പതിപ്പ് മുതലാണ് സൂപ്പർമാനെ സ്വവർഗാനുരാഗിയായി അവതരിപ്പിക്കുന്നത്. സൂപ്പർമാനായി ഭൂമിയിൽ എത്തപ്പെടുന്ന കെന്റ് ക്ലർക്കിന്റെ മകനായ ജോൺ കെന്റാണ് ഇതിൽ സൂപ്പർമാൻ.