തിരുവനന്തപുരം: കോവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ നടനാണ് സൂര്യ . തിയറ്ററുകളിൽ സമീപകാല ചിത്രങ്ങളിൽ ഭൂരിഭാഗവും പരാജയമായിരുന്നെങ്കിലും സൂര്യയുടെ തുടർച്ചയായ രണ്ട് ഒടിടി റിലീസുകൾ പ്രേക്ഷകപ്രീതി നേടി. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂരറൈ പോട്രും ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീമും ആയിരുന്നു ഈ ചിത്രങ്ങൾ.

ഇപ്പോഴിതാ രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു സൂര്യ ചിത്രം തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. പാണ്ഡിരാജിന്റെ സംവിധാനത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ എതർക്കും തുനിന്തവൻ ആണ് ഈ ചിത്രം. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് അറിയിച്ചു. മാർച്ച് 10ന് ആണ് ചിത്രത്തിന്റെ റിലീസ്.

 

പാണ്ടിരാജ് തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹൻ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്കിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്‌കർ, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആർ രത്‌നവേലു, എഡിറ്റിങ് റൂബൻ, സംഗീതം ഡി ഇമ്മൻ. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതർക്കും തുനിന്തവന്.