അബുദാബി: ഇത്തിഹാദ് എയർവേസിൽ പുതിയ ടിക്കറ്റ് നിരക്ക് സംവിധാനം ഏർപ്പെടുത്തി. ടിക്കറ്റ് നിരക്ക് സംവിധാനത്തോടൊപ്പം തന്നെ ബാഗ്ഗേജ് പോളിസിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി എട്ട് വിഭാഗങ്ങളിലായിട്ടാണ് നിരക്കുകൾ ലഭ്യമാകുക. യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ബുക്കിങ് ചെയ്യാനുള്ള സൗകര്യവും സെപ്റ്റംബർ 14 മുതൽ ലഭ്യമായിത്തുടങ്ങും.

ഓരോ കാറ്റഗറിയിലും ബാഗ്ഗേജ് അലവൻസും മറ്റ് ആനുകൂല്യങ്ങളും വ്യത്യസ്തമായിരിക്കും. യാത്ര ചെയ്യുന്ന ഓരോരുത്തരുടേയും ആവശ്യങ്ങൾ വ്യത്യസ്തമാണെന്നും അതനുസരിച്ചാണ് കമ്പനി പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. സെപ്റ്റംബർ 14-നോ അതിനു ശേഷമോ നടത്തുന്ന ബുക്കിംഗുകൾക്കാണ് പുതിയ ബാഗ്ഗേജ് പോളിസി ബാധകമാകുക.

എയർലൈനിന്റെ  എല്ലാ ബുക്കിങ് ചാനലുകൾ വഴിയും പുതിയ ടിക്കറ്റ് നിരക്ക് സംവിധാനം ലഭ്യമാകും. കമ്പനി വെബ് സൈറ്റ്, റീട്ടെയ്ൽ ലൊക്കേഷൻ, ഗ്ലോബൽ കോൺടാക്ട് സെന്റർ, ട്രാവൽ ഏജന്റുമാർ തുടങ്ങിയ സംവിധാനത്തിലെല്ലാം തന്നെ പുതിയ ടിക്കറ്റ് നിരക്ക് സംവിധാനം ലഭ്യമായിരിക്കും.