വാഷിങ്ടൺ: യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഇത്തിഹാദ്. അമേരിക്കയുമായി നല്ല നയതന്ത്ര ബന്ധമുള്ള രാജ്യം. ഈ സൗഹൃദം വിമാന വ്യവാസായത്തിലും ഇത്തിഹാദിന് തുണയാകുന്നു. അബൂദാബിയിൽ നിന്നുള്ള വിമാന യാത്രക്കാർ കാബിനിലേക്ക് ലാപ്‌ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം അമേരിക്ക നീക്കിതിന് പിന്നിൽ നയതന്ത്ര ഇടപെടലാണ്.

അബുദാബിയുടെ ഇത്തിഹാദ് എയർവേഴ്‌സ് യാത്രക്കാർക്കുള്ള നിയന്ത്രണമാണ് നീക്കിയത് യാത്രക്കാരെ കൂടുതലായി ഈ വിമാനത്തിലേക്ക് ആകർഷിക്കും. ഇത്തിഹാദ് എയർവേഴ്‌സ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് വിലക്ക് മാറ്റിയതെന്ന് അമേരിക്ക പറയുന്നു. അമേരിക്കയെ തൃപ്തിപ്പെടുത്താൻ അബൂദാബിയിൽ സൂപിരിയർ സെക്യൂരിറ്റി അഡ്വന്റേജസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അബുദാബി-അമേരിക്കാ യാത്രയിൽ ഇത്തിഹാദിന് നേട്ടം കിട്ടും. എമറൈറ്റ്, ഖത്തർ എർവേയ്‌സ് തുടങ്ങിയവയെ പിന്തള്ളാനും യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദിന് കഴിയും.

ഇത്തിഹാദ് എയർവെയ്‌സ് അമേരിക്കൻ തീരുമാനം സ്വാഗതം ചെയ്തു. അബുദാബിയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്നും ഈ നടപടികൾ കൃത്യമായും പ്രാവർത്തികമാക്കുന്നുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥർ നേരത്തെ തന്നെ കണ്ടെത്തിയതായി ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ഡേവി ലാപൻ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ 10 രാജ്യങ്ങളിലെ എയർപോർട്ടുകളിൽ നിന്ന് ഇലക്ട്രോണിക് വസ്തുക്കൾ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു.

ഇലക്ട്രോണിക്ക് വസ്തുക്കൾ വിമാനയാത്രയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയർലൈൻസ് എക്സിക്യൂട്ടീവ് ഓഫീസർ ഓസ്‌കാർ മുണോസ് പറഞ്ഞു. തീവ്രവാദ ഭീഷണിയുമായി ബന്ധപ്പെട്ടാണ് വിമാനങ്ങളിൽ ലാപ്‌ടോപ്പുകൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയത്.

ചില ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന വിമാനങ്ങളിൽ ലാപ്ടോപ്പിനും മൊബൈൽ ഫോണിനും വിലക്കേർപ്പെടുത്തിയ അമേരിക്കൻ നടപടി എയർ ഇന്ത്യക്ക് ചാകരയൊരുക്കുന്നു. നിരോധനത്തിന് പിന്നാലെ എയർഇന്ത്യ വിമാനത്തിൽ യുഎസിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായി. ഇത് മനസ്സിലാക്കിയാണ് ഇത്തിഹാദിന്റെ ഇടപെടൽ എന്നും സൂചനയുണ്ട്. മാർച്ച് 25നാണ് ഗൾഫ് രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ ഹാൻഡ് ബാഗേജിൽ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇത്തിഹാദ്, എമിറേറ്റ്സ് തുടങ്ങി ഒൻപത് വിമാനക്കമ്പനികളെ ഇത് ബാധിച്ചിരുന്നു. ഇതോടെയാണ് എയർഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയത്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങളിൽ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ ആഞ്ഞടിച്ച് ഖത്തർ എയർവെയ്സ് സിഇഒ അക്‌ബർ അൽ ബാക്കിർ നേരത്തെ രംഗത്ത് വന്നിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നേരിടുന്നതിന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അതിന് പകരം വിമാനത്തിൽ ലാപ്ടോപ്പ് നിരോധിക്കുന്നത് ഉചിതമല്ലെന്നും അൽ ബാക്കിർ പറഞ്ഞിരുന്നു.

ലാപ്ടോപ്പ് നിരോധനം ഗൾഫ് വിമാനക്കമ്പനികളെ ചെറിയ തോതിൽ ബാധിച്ചിരുന്നു. മാർച്ച് അവസാനത്തിലാണ് ദോഹ, അബൂദബി, ദുബയ് ഉൾപ്പെടെയുള്ള 10 മിഡിൽ ഈസ്റ്റ് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ കാബിനകത്ത് സെൽഫോണിനേക്കാൾ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടു പോവുന്നത് നിരോധിച്ചത്. പകരം ലാപ്ടോപ്പ്, ഐപാഡ്, ഈ-റീഡർ മുതലായവ തങ്ങളുടെ ലഗേജുകളിൽ കൊണ്ടു പോവാം. എമിറേറ്റ്, ഇത്തിഹാദ്, ഖത്തർ എയർവെയ്സ് ഉൾപ്പെടെയുള്ള കമ്പനികളെ നിരോധനം ബാധിച്ചിരുന്നു. ഇതിന് പരിഹാരമായി ബിസിനസ് ക്ലാസുകളിൽ താൽക്കാലിക ഉപയോഗത്തിന് ആവശ്യക്കാർക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതിക്ക് ഖത്തർ എയർവെയ്സ് തുടക്കം കുറിച്ചിരുന്നു.