വിയന്ന: യൂറോപ്യൻ യൂണിയൻ അനുശാസിക്കുന്ന അസൈലം ലോസ് ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് അസൈലം ലജിസ്ലേഷന്റെ ഭാഗമായ രാജ്യങ്ങളിൽ അന്വേഷണം നടത്താൻ യൂറോപ്യൻ കമ്മീഷന്റെ തീരുമാനം. ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയ്ൻ തുടങ്ങി 19 രാജ്യങ്ങളിലാണ് പരിശോധന നടത്തുന്നത്.

രാജ്യങ്ങൾ അഭയാർത്ഥി നിയമങ്ങൾ ലംഘിക്കുന്നതിനെ കമ്മീഷൻ  കുറ്റപ്പെടുത്തി. യൂറോപ്യൻ യൂണിയന്റെ നിർദ്ദേശങ്ങളെ പരിഗണിക്കാതെ അഭയാർത്ഥികളെ ഏറ്റെടുക്കുന്നതിൽ അപര്യാപ്തമായ നീക്കങ്ങൾ നടത്തിയ ഓസ്ട്രിയയുടെ നടപടിക്കെടിരെ യൂറോപ്യൻ യൂണിയൻ അഥോറിറ്റി വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയയുടെ െ്രെടസ്‌കിർചെനിലുള്ള ക്യാമ്പിലെ അഭയാർത്ഥികളുടെ ദുരവസ്ഥ നേരത്തെ തന്നെ ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടിയിരുന്നു.

യൂണിയനിലെ 19 രാജ്യങ്ങളിലെ 40 നിയമലംഘനങ്ങളാണ് കമ്മീഷൻ അന്വേഷിക്കുക. സ്വീകരിച്ച അഭയാർത്ഥികൾക്ക് മിനിമം സ്റ്റാൻഡേർഡ് ഓഫ് ലിവിങ്ങ് ഉറപ്പു വരുത്തണം എന്നാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങളും മാന്യതയും പരിഗണിക്കപ്പെടണം.

ബുധനാഴ്ച നടന്ന യൂറോപ്യൻ യൂണിയൻ ലീഡേഴ്‌സിന്റെ മീറ്റിങ്ങിലാണ് ഇങ്ങനൊരു തീരുമാനം ഉരുത്തിരിഞ്ഞത്. അഭയാർത്ഥി പ്രതിസന്ധി പരിഹരിക്കുന്നതും അതിർത്തി സുരക്ഷ ഉറപ്പു വരുത്തുന്നതും 120,000 അഭയാർത്ഥികളെ യൂണിയനിലെ വിവിധ സ്‌റ്റേറ്റുകളിലായി പുനർവിന്യസിക്കുന്നതുമായ വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തു.

യൂറോപ്യൻ യൂണിയന്റെ അസൈലം ലജിസ്ലേഷന്റെ ഭാഗമല്ലാത്ത ഡെന്മാർക്ക്, അയർലണ്ട്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ പരിശോധന ഉണ്ടാവില്ല. അന്വേഷണം നടക്കുന്ന രാജ്യങ്ങളിൽ ആദ്യം കമ്മീഷൻ പ്രാധമിക നോട്ടീസ് അയക്കും. രാജ്യങ്ങൾക്ക് നോട്ടീസിന് പ്രതികരണമറിയിക്കാൻ 2 മാസം സമയവും നൽകും.യൂണിയൻ അനുശാസിക്കുന്ന നിയമങ്ങൾ കൃത്യമായി നടപ്പിൽ വരുത്തിയില്ലെങ്കിൽ യൂറോപ്യൻ കോടതിയിൽ നടപടി നേരിടേണ്ടി വരും.